January 27, 2026

കൂടൽമാണിക്യം ക്ഷേത്രവികസനത്തിനുള്ള കേന്ദ്രസർക്കാരിന്റെ ‘പ്രസാദം’ പദ്ധതി വൈകുന്നു.

Share this News

കൂടൽമാണിക്യം ക്ഷേത്രവികസനത്തിനുള്ള കേന്ദ്രസർക്കാരിന്റെ ‘പ്രസാദം’ പദ്ധതി വൈകുന്നു. ദേവസ്വം സമർപ്പിച്ച 50 കോടിയുടെ പദ്ധതി നടപ്പാക്കുന്നതിനു മുന്നോടിയായി കേന്ദ്ര ടൂറിസം വകുപ്പ്, ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ എന്നിവയിലെ ഉദ്യോഗസ്ഥർ ക്ഷേത്രം സന്ദർശിച്ച് നാലുമാസം പിന്നിട്ടെങ്കിലും തുടർനടപടിയുണ്ടായില്ല. ഇതേത്തുടർന്ന് ജീർണാവസ്ഥയിലുള്ള പടിഞ്ഞാറേ നടപ്പുര ഭക്തരുടെ സഹായത്തോടെ പുതുക്കിപ്പണിയാൻ ഒരുങ്ങുകയാണ് ദേവസ്വം.
കിഴക്കേനടപ്പുര, പടിഞ്ഞാറേ നടപ്പുര, തെക്കേ ഊട്ടുപുര, പടിഞ്ഞാറേ ഊട്ടുപുര, പഴയ ദേവസ്വം ഓഫീസ് പ്രവർത്തിച്ചിരുന്ന കൈമളുടെ കൊട്ടിലാക്കൽ ബംഗ്ലാവ് അടക്കമുള്ള എട്ടുകെട്ട്, ബംഗ്ലാവിന് സമീപമുള്ള കുളം എന്നിവയാണ് പ്രസാദം പദ്ധതിയിൽ ഉൾപ്പെടുത്തി നവീകരിക്കാൻ ദേവസ്വം പദ്ധതി സമർപ്പിച്ചത്. കിഴക്ക്- പടിഞ്ഞാറ് നടപ്പുരകളുടെ മേൽക്കൂരകൾ ജീർണാവസ്ഥയിലാണ്. മേൽക്കൂര തകർന്നുവീഴാതിരിക്കാൻ നടപ്പുര ഓലമേഞ്ഞാണ് നിർത്തിയിരിക്കുന്നത്. ബലക്ഷയം സംഭവിച്ച തൂണുകൾ ബലപ്പെടുത്തുകയും വേണം. നടപ്പുരയുടെ പുനർനിർമാണം ഉടൻ ആരംഭിക്കണമെന്നാണ് ദേവസ്വം കരുതുന്നത്. 2022 ഒക്ടോബറിൽ പടിഞ്ഞാറേ നടപ്പുര പുതുക്കിപ്പണിയുന്നതിന് അഡ്മിനിസ്‌ട്രേറ്റർ കൺവീനറായി ഒരു കമ്മിറ്റി രൂപവത്കരിച്ചിരുന്നു. തുടർന്ന് പലരും സഹായം വാഗ്ദാനം ചെയ്തിരുന്നതായി ദേവസ്വം ചെയർമാൻ യു. പ്രദീപ്‌മേനോൻ പറഞ്ഞു.

പ്രസാദം പദ്ധതി വൈകുന്ന സാഹചര്യത്തിൽ ഭക്തരുടെ യോഗം വിളിച്ച് പടിഞ്ഞാറേ നടപ്പുരയുടെ പുനരുദ്ധാരണം ആരംഭിക്കാനാണ് തീരുമാനം. ഇതിനുള്ള അനുമതി ദേവസ്വത്തിന് സർക്കാരിൽനിന്ന്‌ ലഭിച്ചിട്ടുണ്ട്. പദ്ധതി നടപ്പാക്കാൻ അഡ്മിനിസ്‌ട്രേറ്ററെ ചുമതലപ്പെടുത്തി.
പുനർനിർമാണത്തിനുള്ള തുക ദേവസ്വം ഫണ്ടിൽനിന്ന്‌ നൽകാനും കഴിഞ്ഞ ഭരണസമിതി യോഗത്തിൽ അനുമതി നൽകിയിട്ടുണ്ടെന്നും ചെയർമാൻ കൂട്ടിച്ചേർത്തു. ഇതുമായി ബന്ധപ്പെട്ട സംഘാടകസമിതി യോഗം ബുധനാഴ്‌ച വൈകീട്ട് നാലിന് ദേവസ്വം ഓഫീസിൽ ചേരും.

പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിന് താഴെ Click ചെയ്യുക 👇🏻

https://chat.whatsapp.com/HbNCtcJDuf01aiL5OCiV0R

error: Content is protected !!