
പോലീസിന്റെ ജാഗ്രത.
കണ്ടെത്തിയത് മോഷണംപോയ രണ്ട് വാഹനങ്ങൾ.
വഴിയരികിൽ അലസമായി പാർക്ക് ചെയ്തിരുന്ന രണ്ട് ഇരുചക്ര വാഹനങ്ങൾ.
ഒന്നാമത്തേത് തൃശൂർ കൊക്കാലെ റെയിൽവേ സ്റ്റേഷനു സമീപം. രണ്ടാമത്തേത് മണ്ണുത്തി ഓവർ ബ്രിഡ്ജിനടിയിലും.
തൃശ്ശൂർ ട്രാഫിക് പോലീസ് സ്റ്റേഷനിലെ സിവിൽ പോലീസ് ഓഫീസർ ശരത് ആണ് കഴിഞ്ഞ ദിവസം നടത്തിയ പട്രോളിങ്ങിനിടെ കൊക്കാലെ മുസ്ലിം പള്ളിക്ക് സമീപം ഒരു ബൈക്ക് പാർക്ക് ചെയ്തിരിക്കുന്നതു കണ്ടത്. സമീപത്തെ കടകളിൽ അന്വേഷിച്ചപ്പോൾ, അത് വളരെയധികം ദിവസങ്ങളായി അവിടെ പാർക്ക് ചെയ്തിരിക്കുന്നതാണെന്നും, ആരാണ് ഉടമസ്ഥനെന്നും അറിയില്ലെന്നുമായിരുന്നു മറുപടി.
മണ്ണുത്തി മേൽപ്പാലത്തിന് താഴെയായി ഒരു സ്കൂട്ടർ അലസമായി പാർക്കു ചെയ്തിരിക്കുന്നത് ഒല്ലൂർ പോലീസ് സ്റ്റേഷനിലെ സിവിൽ പോലീസ് ഓഫീസർ നിധീഷിന്റെ ശ്രദ്ധയിൽപെടുകയുണ്ടായി.
രണ്ടു സംഭവങ്ങളിലും പോലീസുദ്യോഗസ്ഥർക്ക് സംശയം തോന്നി, വാഹനങ്ങളുടെ രജിസ്ട്രേഷൻ നമ്പർ പരിശോധിക്കുകയും, ആർടിഓ ഓഫീസുമായി ബന്ധപ്പെട്ട്, ഉടമസ്ഥനെ കണ്ടെത്തുകയും ചെയ്തു. അപ്പോഴാണ്, ഈ വാഹനങ്ങൾ മോഷ്ടാക്കൾ മോഷണം നടത്തി, ഉപേക്ഷിച്ചുപോയതാണെന്ന് മനസ്സിലായത്. തൃശൂർ കൊക്കാലെയിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തിയ വാഹനം, ഏതാനും മാസങ്ങൾക്കുമുമ്പ് കാട്ടൂരിൽ നിന്നും മോഷണം നടത്തിയ ബൈക്ക് ആയിരുന്നു. മണ്ണുത്തിയിൽ കണ്ടെത്തിയ വാഹനം, ആഴ്ചകൾക്കുമുമ്പേ പത്തനംതിട്ട അടൂരിൽ നിന്നും മോഷ്ടാക്കൾ മോഷണം ചെയ്തതായിരുന്നു.
പോലീസുദ്യോഗസ്ഥരുടെ ജാഗ്രത മൂലം വഴിയരികിൽ മോഷ്ടാക്കൾ ഉപേക്ഷിച്ചുപോയ വാഹനങ്ങൾക്ക് ഉടമസ്ഥരെ കണ്ടെത്താനായി. കഴിഞ്ഞ ദിവസം ഇതിന്റെ ഉടമകൾ ടൌൺ ഈസ്റ്റ്, മണ്ണുത്തി പോലീസ് സ്റ്റേഷനുകളിൽ എത്തി, രേഖകൾ ഹാജരാക്കിയശേഷം വാഹനം ഏറ്റുവാങ്ങി.
കൃത്യമായ ഡ്യൂട്ടി നിർവ്വഹണം നടത്തിയ ട്രാഫിക് പോലീസ് സ്റ്റേഷൻ സിവിൽ പോലീസ് ഓഫീസർ ശരത് എ.കെ, മണ്ണുത്തി പോലീസ് സ്റ്റേഷൻ സിവിൽ പോലീസ് ഓഫീസർ നിധീഷ് ഇ.എം എന്നിവർക്ക് തൃശ്ശൂർ സിറ്റി പോലീസിന്റെ അഭിനന്ദനങ്ങൾ.
