
റവന്യൂ, സർവേ, ഭവനനിർമാണവകുപ്പുകളിലെ ഉന്നത ഉദ്യോഗസ്ഥർ , ജില്ലാ കളക്ടർമാർ, തഹസിൽദാർമാർ എന്നിവരുമായി നടത്തിയ യോഗത്തിന്റെ അടിസ്ഥാനത്തിലാണ് തീരുമാനം. ജൂലായ് ഒന്നിന് ആരംഭിക്കുന്ന അദാലത്തിന്റെ ഉദ്ഘാടനം എറണാകുളം ജില്ലയിൽ റവന്യൂ മന്ത്രി നിർവഹിക്കും. ഫയൽ അദാലത്തിനൊപ്പം ഭൂമിതരംമാറ്റവുമായി ബന്ധപ്പെട്ട് അപേക്ഷകളിലും പട്ടയം, സർട്ടിഫിക്കറ്റുകൾ എന്നിവയ്ക്കുള്ള അപേക്ഷകളിലും പരമാവധി തീർപ്പുണ്ടാക്കും. ഓരോ ഓഫീസിലും മുതിർന്ന ഉദ്യോഗസ്ഥനെ നോഡൽ ഓഫീസറായി നിയമിക്കും. സെക്രട്ടേറിയറ്റിൽ അഡീഷണൽ സെക്രട്ടറി അബ്ദുൽനാസറും റവന്യൂ കമ്മിഷണറേറ്റിൽ ജെറോമിക് ജോർജും നോഡൽ ഓഫീസർമാരായി പ്രവർത്തിക്കും. ദീർഘകാലമായി തീർപ്പാകാതെ കിടക്കുന്ന ഫയൽ സംബന്ധിച്ച് ജനങ്ങൾക്ക് ഉദ്യോഗസ്ഥരെ സമീപിക്കാനും സൗകര്യമൊരുക്കും. നവംബറോടെ എല്ലാ ജില്ലകളിലും മന്ത്രിയും ഉന്നതഉദ്യോഗസ്ഥരും പങ്കെടുക്കുന്ന അദാലത്തുകൾ സംഘടിപ്പിക്കും. വില്ലേജ് ഓഫീസ് മുതൽ സെക്രട്ടേറിയറ്റ് തലം വരെയുള്ള ഫയലുകൾ സംബന്ധിച്ച വിവരങ്ങൾ ഉന്നത ഉദ്യോഗസ്ഥർക്കും റവന്യൂമന്ത്രിക്കും ലഭ്യമാകത്തക്ക ഓൺലൈൻ സംവിധാനം ഏർപ്പെടുത്തിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.