സഹകരണ മേഖലയെ തകർക്കാനും തളർത്താനും ആവില്ല; മന്ത്രി വി എൻ വാസവൻ
സഹകരണ മേഖലയിലെ സുതാര്യതയും സുരക്ഷിതത്വവും എന്നും ഉറപ്പുവരുത്തുമെന്ന് സഹകരണ രജിസ്ട്രേഷൻ വകുപ്പ് മന്ത്രി വി എൻ വാസവൻ. കൊടകര ഫാർമേഴ്സ് സർവീസ് സഹകരണ ബാങ്കിന്റെ പുതുതായി നിർമ്മിക്കുന്ന ഹെഡ് ഓഫീസ് മന്ദിരത്തിന്റെ നിർമ്മാണ ഉദ്ഘാടനം നിർവഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി. സഹകരണ മേഖലയിൽ ക്രമക്കേടുകൾ ഉണ്ടായാൽ ദയവും ദാക്ഷിണ്യവും ഉണ്ടാവുകയില്ല. കരുവന്നൂർ സർവീസ് സഹകരണ ബാങ്കിൽ നിക്ഷേപകരുടെ 79.5 കോടി രൂപ പണം മടക്കി കൊടുത്തതായും മന്ത്രി പറഞ്ഞു. ഭാവിയിൽ ഇത്തരം സംഭവങ്ങൾ ഉണ്ടാകാതിരിക്കാനും എക്കാലത്തും സഹകരണ പ്രസ്ഥാനങ്ങളെ സംരക്ഷിക്കാനുമായാണ് സഹകരണ നിയമം കൊണ്ടുവന്നതെന്നും മന്ത്രി പറഞ്ഞു.
മൂല്യ വർധിത ഉൽപാദനരംഗത്ത് കൂടുതൽ സംഭാവനകൾ നൽകാൻ ഫാർമേഴ്സ് ബാങ്കുകൾ ശ്രമിക്കണം. കാർഷിക മേഖലയും സഹകരണ മേഖലയും പരസ്പരം സഹകരണത്തിലൂടെ കടന്നുപോയാൽ വലിയ വിജയം സൃഷ്ടിക്കാൻ കഴിയും. സഹകരണ മേഖലയിലെ നിക്ഷേപം ഒരു നാടിന്റെ പുരോഗമനത്തിനാണ് ആധാരമാകുന്നതെന്ന തിരിച്ചറിവ് ഏവർക്കും ഉണ്ടാവണമെന്നും മന്ത്രി വാസവൻ പറഞ്ഞു.
കൊടകര ഫാർമേഴ്സ് സർവീസ് സഹകരണ ബാങ്കിന് ഒരു നൂറ്റാണ്ടിന്റെ പാരമ്പര്യമാണ് ഉള്ളത്. പുതുതായി നിർമ്മിക്കുന്ന ഹെഡ് ഓഫീസ് മന്ദിരത്തിന്റെ നിർമ്മാണ ഉദ്ഘാടന ചടങ്ങിൽ സനീഷ് കുമാർ ജോസഫ് എംഎൽഎ അധ്യക്ഷത വഹിച്ചു. കെ കെ രാമചന്ദ്രൻ എംഎൽഎ മുഖ്യാതിഥിയായിരുന്നു. കൊടകര പഞ്ചായത്ത് പ്രസിഡന്റ് അമ്പിളി സോമൻ ചടങ്ങിൽ വിദ്യാഭ്യാസ പുരസ്‌കാരങ്ങൾ വിതരണം ചെയ്തു. ബാങ്ക് പ്രസിഡന്റ് കെ സി ജെയിംസ്, ജില്ലാ പഞ്ചായത്ത് അംഗം സരിത രാജേഷ്, ചാലക്കുടി അസി. രജിസ്ട്രാർ എ ജെ രാജി, വി കെ മുകുന്ദൻ, ടെസ്സി ഫ്രാൻസിസ്, ടി എ ഉണ്ണികൃഷ്ണൻ, സി ഡി സിബി, സി എം ബബീഷ് തുടങ്ങിയവർ സംസാരിച്ചു.