കേരളീയം പരിപാടിക്ക് ഇന്ന് തിരിതെളിയും. 40 വേദികളിലായി ഏഴു ദിവസമാണ് കേരളീയം പരിപാടി സംഘടിപ്പിക്കുന്നത്. കേരളത്തിന്റെ മികവുകളും നേട്ടങ്ങളും ലോകത്തിന് മുന്നില്‍ അവതരിപ്പിക്കുകയെന്നതാണ് കേരളീയത്തിന്റെ ലക്ഷ്യം. കേരളത്തിന്റെ നേട്ടങ്ങൾക്കൊപ്പം, സാംസ്കാരിക തനിമയും വിളിച്ചോതുന്നതായിരിക്കും ഓരോ പരിപാടിയും. മുഖ്യമന്ത്രി പിണറായി വിജയൻ പരിപാടിയുടെ ഉദ്ഘാടനം നിർവ്വഹിക്കും.28 കോടി മുടക്കിയാണ് പരിപാടി സംഘടിപ്പിക്കുന്നത്. കലാപരിപാടികള്‍, പ്രദര്‍ശനങ്ങള്‍, സെമിനാറുകള്‍, വ്യാപാരമേള, ഭക്ഷ്യമേള, ഫ്ളവര്‍ഷോ, ചലച്ചിത്രമേള തുടങ്ങി വിവിധ തരം ആഘോഷങ്ങളാണ് ഒരുക്കിയിരിക്കുന്നത്. മുന്നൂറിലേറെ കലാപരിപാടികളിലൂടെ 4100ൽ പരം കലാകാരന്മാർ മാറ്റുരയ്ക്കും.ദീപാലങ്കാരവും, ആളും ആരവവുമായി നഗരം തിരക്കേറി കഴിഞ്ഞു. തിരുവനന്തപുരത്തെ പ്രകാശ നഗരമാക്കി കേരളീയം ലൈറ്റ് ഷോയ്ക്കും തുടക്കമായി. കവടിയാര്‍ മുതല്‍ കിഴക്കേകോട്ട വരെയുള്ള വഴികളും നിയമസഭയും സെക്രട്ടറിയേറ്റും കനകക്കുന്നുമുള്‍പ്പെടുന്ന പ്രധാന കേന്ദ്രങ്ങളും വര്‍ണപ്രഭയില്‍ നിറഞ്ഞു. ലൈറ്റുകള്‍ കൊണ്ടുള്ള വിവിധ സ്റ്റേജ് ഷോകളും കേരളീയത്തിന്‍റെ ഭാഗമായി അരങ്ങേറും. സിനിമാതാരങ്ങളായ കമല്‍ഹാസന്‍, മമ്മൂട്ടി, മോഹന്‍ലാല്‍, ശോഭന, മഞ്ജുവാര്യര്‍ തുടങ്ങിയവരും യുഎഇ, ദക്ഷണികൊറിയ, ക്യൂബ, നോര്‍വേ പ്രതിനിധികളും കേരളീയം പരിപാടിയിൽ പങ്കെടുക്കും.