January 30, 2026

ജില്ലയിലെ 177 വീടുകളിൽ നടത്തിയ സ്പെഷ്യൽ സ്ക്വാഡ് പരിശോധനയിൽ അനർഹമായി കൈവശം വച്ചിരിക്കുന്ന മുൻഗണനാവിഭാഗത്തിൽ ഉൾപ്പെട്ട റേഷൻകാർഡുകൾ പിടിച്ചെടുത്തു

Share this News

ജില്ലയിലെ വിവിധ താലൂക്കുകളിൽ ഭക്ഷ്യ പൊതുവിതരണ വകുപ്പിലെ സ്പെഷ്യൽ സ്ക്വാഡ് 177 വീടുകളിൽ നടത്തിയ പരിശോധനയിൽ അനർഹമായി കൈവശം വച്ചിരിക്കുന്ന മുൻഗണനാവിഭാഗത്തിൽ ഉൾപ്പെട്ട റേഷൻകാർഡുകൾ പിടിച്ചെടുത്തു. പിടിച്ചെടുത്ത റേഷൻ കാർഡുകൾ പൊതുവിഭാഗത്തിലേയ്ക്ക് മാറ്റിയതായി ജില്ലാ സപ്ലൈ ഓഫീസർ പി ആർ ജയചന്ദ്രൻ അറിയിച്ചു.

1500 മുതൽ 2500 സ്ക്വയർ ഫീറ്റ് വീട്, ആഡംബര കാറുകൾ, വിദേശജോലി, പൊതുമേഖല സ്ഥാപനത്തിലെ ജോലിക്കാർ തുടങ്ങിയവരിൽ നിന്നും പിഴയിനത്തിൽ 10 ലക്ഷത്തോളം രൂപ സർക്കാരിലേയ്ക്ക് അടവാക്കാനുള്ള നോട്ടീസ് നൽകി. ഇന്നലെ വരെ ഒരു ലക്ഷം രൂപയോളം അടവ് വന്നതായും ജില്ലാ സപ്ലൈ ഓഫീസർ അറിയിച്ചു. ജൂൺ വരെ അനർഹമായി കൈവശം വച്ചിരിക്കുന്ന കാർഡുകൾ സ്വമേധയാ സറണ്ടർ ചെയ്യുന്നതിന് ഭക്ഷ്യപൊതുവിതരണ ഉപഭോക്തൃകാര്യ വകുപ്പ് സമയപരിധി അനുവദിച്ചിരുന്നു. ജില്ലയിൽ 10395 പേർ  കാർഡുകൾ സറണ്ടർ ചെയ്ത് നിയമനടപടികളിൽ നിന്നും ഒഴിവായിരുന്നു.  അനർഹമായി ഉപയോഗിച്ചുവരുന്ന മുഴുവൻ കാർഡുകളും പിടിച്ചെടുത്ത് അർഹതയുള്ളവർക്ക് നൽകുന്നതിന് വേണ്ടിയുള്ള നടപടികൾക്കായി ജില്ലയിൽ താലൂക്ക് സപ്ലൈ ഓഫീസർമാരായ  ഐ വി  സുധീർകുമാർ, സൈമൺ ജോസ്,  കെ പി ഷഫീർ എന്നിവരുടെ നേതൃത്വത്തിൽ 12  അംഗ റേഷനിംഗ് ഇൻസ്പെക്ടർമാരുടെ സംഘം  പ്രവർത്തിക്കുന്നുണ്ട്.

പൊതുവിതരണ വകുപ്പിന്റെ പരിശോധനാ സംഘത്തിന്റെ പ്രവർത്തനം കൂടുതൽ കാര്യക്ഷമമാക്കുന്നതിനായി വാർഡ് മെമ്പർമാർക്കും സന്നദ്ധ പ്രവർത്തകർക്കും  കൺസ്യൂമർ സംഘടനകൾക്കും അനർഹമായി റേഷൻ കാർഡുകൾ കൈവശമുള്ളവരുടെ വിവരങ്ങൾ അറിയിക്കാം. തൃശൂർ ജില്ലാ സപ്ലൈ ഓഫീസർ, 9188527322, കൊടുങ്ങല്ലൂർ താലൂക്ക് സപ്ലൈ ഓഫീസർ,9188527379, ചാവക്കാട് താലൂക്ക് സപ്ലൈ ഓഫിസർ 9188527384, കുന്നംകുളം താലൂക്ക് സപ്ലൈ ഓഫീസർ, 9188520762 എന്നീ നമ്പറുകളിൽ ബന്ധപ്പെടുക. പരാതികൾ ജില്ലാ സപ്ലൈ ഓഫീസർ, ഫസ്റ്റ് ഫ്ലോർ, കലക്ട്രേറ്റ്, അയ്യന്തോൾ, തൃശൂർ, പിൻ : 680003, എന്ന വിലാസത്തിലും dsotsr@gmail.com എന്ന ഇ മെയിലിലോ അയക്കാം.

പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

https://chat.whatsapp.com/HKXFSpBQUn85Ewxcv5Filqm

error: Content is protected !!