January 29, 2026

തൃശ്ശൂര്‍ ജില്ലയിലെ ഈ വര്‍ഷത്തെ അന്താരാഷ്ട്ര വയോജന ദിനാചരണം പട്ടികജാതി പട്ടിക വര്‍ഗ്ഗ വകുപ്പ് മന്ത്രി കെ രാധാകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു

Share this News
തൃശ്ശൂര്‍ ജില്ലയിലെ ഈ വര്‍ഷത്തെ അന്താരാഷ്ട്ര വയോജന ദിനാചരണം പട്ടികജാതി പട്ടിക വര്‍ഗ്ഗ വകുപ്പ് മന്ത്രി കെ രാധാകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു

പ്രായമായ ആളുകളെ സംരക്ഷിക്കേണ്ട ചുമതല സമൂഹത്തിന്: മന്ത്രി കെ രാധാകൃഷ്ണന്‍

പ്രായമായ ആളുകളെ സംരക്ഷിക്കേണ്ട ചുമതല നമ്മുടെ സമൂഹത്തിനാണെന്ന് പട്ടികജാതി പട്ടിക വര്‍ഗ്ഗ വകുപ്പ് മന്ത്രി കെ രാധാകൃഷ്ണന്‍ പറഞ്ഞു. തൃശ്ശൂര്‍ വിമല കോളേജില്‍ നടന്ന ജില്ലയിലെ ഈ വര്‍ഷത്തെ അന്താരാഷ്ട്ര വയോജന ദിനാചരണം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. പ്രായമായവരെ സംരക്ഷിക്കേണ്ട പ്രഥമ ഉത്തരവാദിത്വം കുടുംബത്തിനാണ്. ആരും ആശ്രയമില്ലാത്ത വയോജനങ്ങള്‍ക്ക് സംരക്ഷണം നല്‍കണം. വയോജനങ്ങളെ സംരക്ഷിക്കേണ്ടത് ഏറ്റവും പ്രധാനപ്പെട്ട കാര്യമായാണ് സര്‍ക്കാര്‍ കാണുന്നതെന്നും ചടങ്ങില്‍ മന്ത്രി പറഞ്ഞു.

വയോജനങ്ങള്‍ അവര്‍ക്ക് ലഭിച്ച അറിവും അനുഭവും പകര്‍ന്ന് സമൂഹത്തില്‍ നന്മ ഉണ്ടാക്കുന്നതില്‍ പങ്കാളികളാകണം. വയോജനങ്ങള്‍ക്ക് സമൂഹത്തില്‍ ഇനിയും നല്ല കാര്യങ്ങള്‍ ചെയ്യാനുണ്ടെന്ന തിരിച്ചറിവ് ഉണ്ടാകുകയും സമൂഹത്തിന് വഴികാട്ടികള്‍ ആകണമെന്നും മന്ത്രി പറഞ്ഞു. വയോജനങ്ങള്‍ക്കായി വിവിധ പദ്ധതികളാണ് സര്‍ക്കാര്‍ നടപ്പാക്കുന്നതെന്നും 2025 നവംബര്‍ ഒന്ന് ആകുമ്പോള്‍ അതിദരിദ്രതര്‍ ഇല്ലാത്ത, വിശപ്പിലാത്ത, പട്ടിണിയില്ലാത്ത നാടായി മാറാനാണ് സര്‍ക്കാര്‍ ലക്ഷ്യമിട്ട് പ്രവര്‍ത്തിക്കുന്നതെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

തൃശൂര്‍ ജില്ലാ പഞ്ചായത്തിന്റെ പദ്ധതി പ്രകാരം ഒളരിയില്‍ വയോജനങ്ങള്‍ക്കായി ഒരുങ്ങുന്ന ഏകദേശം പണി പൂര്‍ത്തിയായ വിഭവകേന്ദ്ര കെട്ടിടം ആറു മാസത്തിനകം തുറന്ന് നല്‍കുമെന്ന് ചടങ്ങില്‍ അധ്യക്ഷനായ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി കെ ഡേവിസ് മാസ്റ്റര്‍ പറഞ്ഞു. മേയര്‍ എം കെ വര്‍ഗീസ് വിശിഷ്ടാതിഥിയായി. ജില്ലാ കളക്ടര്‍ വി ആര്‍ കൃഷ്ണ തേജ മുഖ്യപ്രഭാഷണം നടത്തി.

മുതിര്‍ന്ന പൗരന്മാരുടെ അവകാശങ്ങളെക്കുറിച്ച് അവബോധം പ്രചരിപ്പിക്കുനതിനും അവരുടെ സംഭാവനകളെ അഭിനന്ദിക്കുന്നതിനുമാണ് ലോകമെമ്പാടും ഒക്ടോബര്‍ ഒന്ന് അന്താരാഷ്ട്ര വയോജന ദിനമായി ആചരിക്കുന്നത്. സമൂഹത്തിലെ മുതിര്‍ന്ന പൗരന്മാരെ കര്‍മ്മശേഷിയുള്ളവരായി നിലനിര്‍ത്തുക, അവരെ സാമൂഹികവും സാമ്പത്തികവും രാഷ്ട്രീയവുമായ പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളാക്കുക എന്ന ഉദ്ദേശത്തോടെയാണ് ജില്ലയില്‍ ഈ വര്‍ഷത്തെ അന്താരാഷ്ട്ര വയോജന ദിനാചരണം നടക്കുന്നത്.

ചടങ്ങില്‍ മുന്‍ ദേശീയ കായിക താരം കെ എം റോസമ്മ, സംസ്ഥാന വയോസേവന പുരസ്‌കാരത്തിന് ജില്ലയില്‍ നിന്ന് ശുപാര്‍ശ ചെയ്യപ്പെട്ട മൂത്തമന പരമേശ്വരന്‍ നമ്പൂതിരി, ജോണ്‍സണ്‍ കോലങ്കണ്ണി, എം എന്‍ കുര്യപ്പന്‍ എന്നീ വ്യക്തകളെയും വടക്കാഞ്ചേരി നഗരസഭയെയും മന്ത്രി ആദരിച്ചു. ചടങ്ങില്‍ ലയണ്‍സ് ക്ലബ് കൈമാറിയ ആന്റി സ്‌കിഡ് മാറ്റ് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്, ജില്ലാ കളക്ടര്‍, ജില്ലാ സാമൂഹ്യ നീതി ഓഫീസര്‍ ജോയ്‌സി സ്റ്റീഫന്‍ എന്നിവര്‍ ഏറ്റുവാങ്ങി.

ജില്ലാ പഞ്ചായത്ത് സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ പി എം അഹമ്മദ്, തൃശ്ശൂര്‍ കോര്‍പ്പറേഷന്‍ കൗണ്‍സിലര്‍ അഡ്വ. വില്ലി ജിജോ, ജില്ലാ സാമൂഹ്യ നീതി ഓഫീസര്‍ ജോയ്‌സി സ്റ്റീഫന്‍, വയോജന കൗണ്‍സില്‍ സ്റ്റേറ്റ് കമ്മിറ്റി അംഗം പി.പി ബാലന്‍, വയോജന കൗണ്‍സില്‍ ജില്ലാ കമ്മിറ്റി അംഗം ഇ.സി പത്മരാജന്‍, വിമല കോളേജ് പ്രിന്‍സിപ്പല്‍ ഡോ. സിസ്റ്റര്‍ ബീന ജോസ്, വയോമിത്രം മെഡിക്കല്‍ ഓഫീസര്‍ ഡോ. കൃഷ്ണ രവീന്ദ്രന്‍, കേരള സാമൂഹ്യ സുരക്ഷ മിഷന്‍ ജില്ലാ കോര്‍ഡിനേറ്റര്‍ കെ.പി സജീവ്, എന്‍എസ്എസ് പ്രോഗ്രാം ഓഫീസര്‍മാരായ സന്തോഷ് പി ജോസ്, സി ആന്‍മരിയ ജോസ്, മറ്റു ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. തുടര്‍ന്ന് കലാ പരിപാടികള്‍ അരങ്ങേറുകയും പരിപാടികളില്‍ പങ്കെടുത്തവര്‍ക്ക് സമ്മാന വിതരണവും നടന്നു.

പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക👇https://chat.whatsapp.com/GuzTfMrXdFT0mWyinOhGva
error: Content is protected !!