അരിമ്പൂർ മനക്കൊടി കോൾപാടത്ത് പൈപ്പിനുള്ളിൽ കുടുങ്ങിയ ആളുടെ മൃതദേഹം ഫയർഫോഴ്‌സിന്റെ നേതൃത്വത്തിൽ പുറത്തെടുത്തു
അരിമ്പൂർ പഞ്ചായത്ത് കരേറ്റ കോൾപാടത്തു നിന്നും വെള്ളം പമ്പ് ചെയ്യുവാൻ ഉപയോഗിക്കുന്ന ഏകദേശം ഒന്നര മീറ്റർ വ്യാസവും കുത്തനെയുള്ളതുമായ വെള്ളം വലിക്കാൻ ഉപയോഗിക്കുന്ന ഏകദേശം 3 അടിയോളം വ്യാസവും ഉള്ള പൈപ്പിൽ കൂടി പലക കൊണ്ട് ഉള്ള ചീർപ്പു പൈപ്പ് അടക്കാൻ ശ്രമിക്കുന്നതിനിടയിൽ കിഴക്കുമ്പുറം, മനക്കോടി താഴെത്തെ കാട്ടിൽ മോഹനൻ (65) വെള്ളത്തിൽ വഴുതി വീണതിനെ തുടുർന്നു വെള്ളത്തിന്റെ ഒഴുക്കിന്റെ ശക്തിയിൽ പൈപ്പിനുള്ളിലേക്ക് കയറി പോയിരുന്നു. സേന അംഗങ്ങൾ മോട്ടോർ ഫിറ്റ് ചെയ്തവരുടെ സഹായത്താൽ പൈപ്പിന്റെ മുകളിലത്തെ ലിഡ് അഴിച്ചു മാറ്റി ഫയർ റെസ്ക്യൂ ഓഫീസർ പി കെ പ്രജീഷ് കയറിൽ ചെയർ നോട്ട് കെട്ടി പൈപ്പിനുള്ളിൽ ഇറങ്ങി അതിസാഹസികമായി ആളുടെ കാലിൽ കയർ ഉപയോഗിച്ച് ബന്ധിച്ചു ഏകദേശം ഒരു മണിക്കൂർ നേരത്തെ പരിശ്രമത്തിൽ മൃതദേഹം പുറത്തെടുത്തു. സ്വജീവൻ തൃണവൽഗണിച്ചുകൊണ്ട് ഏറെ അപകടകരമായ മോട്ടോർ പൈപ്പിനുള്ളിലേക്ക് ഇറങ്ങിയ പ്രജീഷിന്റെ ഈ സാഹസികമായ പ്രവർത്തിയെ സംഭവസ്ഥലത്തു ഉണ്ടായിരുന്ന ആൾക്കാർ പ്രശംസിച്ചു. പുറത്തെടുത്ത മൃതദേഹം പ്രതികൂലമായ കാലാവസ്ഥയിൽ ഏകദേശം അര മണിക്കൂർ കൊണ്ട് ദുർഘടമായ വഴിയിൽ കൂടി സ്‌ട്രെക്ടച്ചറിൽ ചുമന്നു മെയിൻ റോഡിൽ എത്തിച്ച് ആശുപത്രിയിലേക്ക് കൊണ്ടുപോയി. രക്ഷാ പ്രവർത്തനത്തിൽ ഫയർ റെസ്ക്യൂ ഓഫീസര്മാരായ ടി ജി ഷാജൻ, പി കെ പ്രതീഷ്,കെ എസ് ജയരാജ്, പി എം മഹേഷ്, എം സഭാപതി, രഞ്ജിത് പാപ്പച്ചൻ, ആർ രാകേഷ്, ഹോം ഗാർഡ് സി കെ ഷിബു എന്നിവർ പങ്കെടുത്തു