July 27, 2024

മയക്കുമരുന്നും കഞ്ചാവും കണ്ടെത്താൻ വ്യാപക റെയ്ഡ്.

Share this News

മയക്കുമരുന്ന്, കഞ്ചാവ് തുടങ്ങിയ ലഹരി വസ്തുക്കൾ കണ്ടെത്താൻ തൃശൂർ സിറ്റി പോലീസിന്റെ നേതൃത്വത്തിൽ വ്യാപക റെയ്ഡ്. ലോക്കൽ പോലീസും, സിറ്റി പോലീസ് കമ്മീഷണറുടെ നേതൃത്വത്തിലുള്ള ഷാഡോ പോലീസ് അംഗങ്ങളും, ഡോഗ് സ്ക്വാഡും ചേർന്നാണ് സംയുക്ത റെയ്ഡ് നടത്തിയത്. നെടുപുഴ പോലീസ് സ്റ്റേഷൻ പരിധിയിലെ വിവിധ സ്ഥലങ്ങളിൽ നടത്തിയ റെയ്ഡിനെത്തുടർന്ന്, ആനക്കല്ല് സെന്ററിൽ കോഴിയിറച്ചി വിൽക്കുന്ന വിനയന്റെ (44) കടയിൽ നിന്നും 60 പാക്കറ്റ് നിരോധിത പുകയില ഉൽപ്പന്നങ്ങൾ പിടിച്ചെടുത്തു. ടൌൺ വെസ്റ്റ് പോലീസ് സ്റ്റേഷൻ പരിധിയിൽ ചേറ്റുപുഴ പള്ളത്ത് ഷിബിൻ (26) എന്നയാളുടെ വീട്ടിൽ നടത്തിയ പരിശോധനയിൽ രണ്ട് പാക്കറ്റുകളിലായി സൂക്ഷിച്ച കഞ്ചാവ് പിടിച്ചെടുത്തു.

ജില്ലയിലെ വിവിധ പ്രദേശങ്ങൾ കേന്ദ്രീകരിച്ച് കഞ്ചാവ്, മയക്കുമരുന്നുകൾ തുടങ്ങിയവ ഉപയോഗിക്കുന്നവരെക്കുറിച്ചും, വിൽപ്പന നടത്തുന്നവരെക്കുറിച്ചുമുള്ള വിവരങ്ങൾ പോലീസ് ഇന്റലിജൻസ് വിഭാഗം ശേഖരിച്ചിട്ടുണ്ട്. ഒഴിഞ്ഞ പറമ്പുകളും, ആൾതാമസമില്ലാത്ത കെട്ടിടങ്ങളും, കോൾപാടങ്ങളും കേന്ദ്രീകരിച്ച് മയക്കുമരുന്നു വിൽപ്പന സംഘങ്ങൾ പ്രവർത്തിക്കുന്നതായും, പ്രത്യേകിച്ച് രാത്രികാലങ്ങളിൽ ഇവിടെയിരുന്ന് മയക്കുമരുന്ന് ഉപയോഗിച്ച് സമൂഹ വിരുദ്ധ പ്രവർത്തനങ്ങൾ നടത്തുന്നതായും മനസ്സിലാക്കിയതിന്റെ അടിസ്ഥാനത്തിലായിരുന്നു റെയ്ഡ്. ഒളിപ്പിച്ചു വെച്ച മയക്കുമരുന്നുകൾ കണ്ടെത്തുന്നതിൽ വിദഗ്ദ പരിശീലനം നേടിയ തൃശൂർ സിറ്റി പോലീസിന്റെ ഡെൽമ, റൂറൽ പോലീസിന്റെ റാണ എന്നീ പോലീസ് നായകളാണ് കഞ്ചാവും നിരോധിത പുകയില ഉൽപ്പന്നവും മണംപിടിച്ച് കണ്ടെത്തിയത്.

പരിശോധനയിൽ നെടുപുഴ പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ ടി.ജി. ദിലീപ്, വെസ്റ്റ് പോലീസ് സ്റ്റേഷൻ സബ് ഇൻസ്പെക്ടർ കെ.സി. ബൈജു എന്നിവരുടെ നേതൃത്വത്തിലുള്ള ലോക്കൽ പോലീസും, ഷാഡോ പോലീസ് സബ് ഇൻസ്പെക്ടർ എൻ.ജി. സുവ്രതകുമാർ, K-9 സ്ക്വാഡ് സിവിൽ പോലീസ് ഓഫീസർമാരായ രാകേഷ്, ജോജോ, മനോജ് എന്നിവരും പങ്കെടുത്തു. സംശയാസ്പദമായ സ്ഥലങ്ങളിലും, വീടുകളിലും വരും ദിവസങ്ങളിലും റെയ്ഡുകൾ തുടരും.

വാർത്തകൾ വിശദമായി വായിക്കാൻ താഴെ ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

https://chat.whatsapp.com/CydGm6r3PKW8CpqQ7FFTCG

error: Content is protected !!