ദേശീയപാത 544 ആറുവരി പതയുടെ നിർമ്മാണം കുതിരാൻ തുരങ്കത്തിന്റെ വഴുക്കുമ്പാറ ഭാഗത്ത് അവസാന ഘട്ടത്തിലാണ്. വഴുക്കുമ്പാറയിൽ ബസ് ഇറങ്ങിയാൽ കോളേജ് വിദ്യാർത്ഥികൾക്ക് റോഡ് മുറിച്ച് കടക്കൽ ഒരു വലിയ സുരക്ഷാ പ്രശ്നമായി മാറിയിരിക്കയാണ്. വഴുക്കുമ്പാറ എസ് എൻ കോളേജിലെ 450 ഓളം വിദ്യാർത്ഥികളും കോളേജ് സ്റ്റാഫും ഈ ബസ് സ്റ്റോപ്പ് വഴിയാണ് യാത്രചെയ്യുന്നത്. ഇവിടെ മേൽപ്പാലമില്ലാത്തതുമൂലം ഏതു നിമിഷവും വാഹന അപകടം പ്രതീക്ഷിക്കാം. ദേശീയപാതയിൽ ഫ്ലൈ ഓവറിന്റെ പണി നടക്കുന്നതുമൂലം ഇപ്പോൾ വാഹനങ്ങൾ വേഗത കുറച്ചാണ് സഞ്ചരിക്കുന്നത്. ഇതിന്റെ പണി കഴിയുന്നതോടു കൂടി വാഹനങ്ങൾ നല്ല വേഗതയിൽ പോകും. അപ്പോൾ അപകടങ്ങൾ തുടർക്കഥ ആകും. നാട്ടുകാർക്കും ഇവിടെ റോഡ് മുറിച്ചു കടക്കുവാൻ മറ്റു മാർഗ്ഗങ്ങളില്ല. ഇവിടെയുള്ള ക്ഷീര സഹകരണ സംഘത്തിലേക്കു വരുന്ന ക്ഷീര കർഷകർക്കും, നഴ്സറികളിൽ ജോലി ചെയ്യുന്നവർക്കും, ഫോറസ്റ്റ് ഓഫീസ് ജീവനക്കാർക്കും അവിടേക്ക് വരുന്നവർക്കും, വിവിധ ചെറുകിട വ്യവസായ മേഖലയിൽ ജോലി ചെയ്യുന്നവർക്കും നാട്ടുകാർക്കും കാൽനട മേൽപാലം വലിയൊരു അനുഗ്രഹമാണ്. ഇവിടെ നിന്ന് അരകിലോമീറ്റർ കിഴക്കോട്ട് മാറിയാണ് ഫൈ ഓവറിൽ അടിപ്പാത ഉള്ളത്. ദേശീയ പാതയിൽ മുടിക്കോട് ജങ്ങ്ഷനിൽ വാഹനാപകടങ്ങളിൽ നിരവധി ജീവനുകൾ ബലിയർപ്പിച്ചു കഴിഞ്ഞു. ഇത് വഴുക്കുമ്പാറയിൽ ആവർത്തിക്കരുത്. ഇതിനുള്ള ഏക പരിഹാരം കാൽ നട മേൽപ്പാലമാണ്. ഇതിനായുള്ള അനുമതിക്കാണ് ശ്രീനാരായണ ഗുരു കോളജ് ഓഫ് അഡ്വാൻസ്ഡ് സ്‌റ്റഡീസ് മാനേജർ രാധാകൃഷ്ണൻ സി. ബഹു. റവന്യൂ മന്ത്രി അഡ്വ. കെ. രാജന് നിവേദനം നൽകിയത്. മന്ത്രി ഇത് ജില്ലാ കലക്ടർക്ക് മേൽ നടപടികൾക്കായി സമർപ്പിച്ചിട്ടുണ്ട്. ഇതേ ആവശ്യം ഉന്നയിച്ചു കൊണ്ട് വഴുക്കുമ്പാറ പൌരസമിതി കെ.എം. പൌലോസിന്റെ നേതൃത്വത്തിൽ എൻ.എച്ച്.എ.ഐ. അധികാരികൾക്കും റവന്യൂ മന്ത്രിക്കും നിവേദനം നേരിട്ട് നൽകിയിരുന്നു. ഇതിന്റേയും നടപടികൾ പുരോഗമിച്ചുകൊണ്ടിരിക്കയാണ്.
അപകടങ്ങൾ ഉണ്ടാകുന്നതിന് മുൻപ് കാൽനട മേൽപ്പാലം യാഥാർത്ഥ്യമാകുമെന്നാണ് കോളേജ് വിദ്യാർത്ഥികളും നാട്ടുകാരും പ്രതീക്ഷിക്കുന്നത്.
വാർത്തകൾ വിശദമായി വായിക്കുന്നതിന് താഴെ ലിങ്കിൽ ക്ലിക്ക് ചെയ്യുക👇