
പൂര പ്രേമികളുടെ ടൈറ്റസേട്ടൻ 32 വർഷത്തെ ഔദ്യോഗിക ജീവതത്തിന് ശേഷം വിരമിച്ചു
മേളലയങ്ങളിൽ മതിമറന്നാടുന്ന ടൈറ്റസ് എക്‌സൈസിന്റെ കാക്കിവേഷത്തോട് വിട പറഞ്ഞു. ഇനി കൂടുതൽ സമയം മേളാസ്വാദനത്തിന്. എക്‌സൈസ് അക്കാദമിയിലെ അസിസ്റ്റന്റ് ഡയറക്ടർ (ഭരണം) തസ്തികയിൽനിന്നാണ് ടൈറ്റസ് പടിയിറങ്ങിയത്. ജോലിക്കിടയിൽപോലും ടൈറ്റസ് എത്താത്ത മേളങ്ങളില്ല. ആ ഉത്തരവാദിത്വമൊഴിഞ്ഞതോടെ മേളങ്ങളിലേക്ക് കൂടുതൽ മുഴുകാൻ അവസരമായി.പൂരംപോലെ ആസ്വാദ്യമാണ് ടൈറ്റസിന്റെ മേളലയവും. 2006-ൽ കൊടുങ്ങല്ലൂരിൽ ജോലി ചെയ്യുമ്പോഴാണ് ടൈറ്റസ് മേളത്തെക്കുറിച്ച് ആദ്യം കേൾക്കുന്നത്. ‘പെരുവനം പൂരമാണിന്ന്’ എന്ന് സഹപ്രവർത്തകൻ രാധാകൃഷ്ണൻ പറഞ്ഞപ്പോൾ അതെന്ത് സംഭവം എന്ന മട്ടിലായിരുന്നു ടൈറ്റസിന്റെ പ്രതികരണം.

പെരുവനം കുട്ടൻമാരാരെക്കുറിച്ച് പറഞ്ഞപ്പോൾ അതാരാണ് എന്നായി. വിവരണങ്ങൾ കേട്ട് പൂരത്തിന് പുറപ്പെട്ട ടൈറ്റസ് എത്തിയത് പെരുമ്പിള്ളിശ്ശേരിയിൽ. അവിടെ ഒന്നും കാണാതെ തിരിച്ചുപോരുകയും ചെയ്തു. പുലർച്ചെ വീണ്ടും പൂരം കാണാൻ പുറപ്പെട്ടു. ചെന്നെത്തിയത് മേളത്തിന് മുന്നിൽ. പറഞ്ഞറിയിക്കാനാകാത്ത അനുഭൂതിയായിരുന്നു ഉണ്ടായതെന്ന് ടൈറ്റസ് പറയുന്നു. ചുറ്റും നടക്കുന്നതൊന്നും അറിയാതെ മേളത്തിൽമാത്രം ലയിച്ചുള്ള ടൈറ്റസിന്റെ ആസ്വാദനം മറ്റുള്ളവരെ മേളലയത്തിലേക്ക് കൂടുതൽ അടുപ്പിക്കുന്നതാണ്.

1998-ൽ ആണ് അറണാട്ടുകര ചക്കാലയ്ക്കൽ തൊമ്മൻവീട്ടിൽ ടൈറ്റസിന് എക്‌സൈസിൽ പ്രിവന്റീവ് ഓഫീസറായി നിയമനം കിട്ടുന്നത്. ആരോഗ്യവകുപ്പിലെ എട്ടുവർഷത്തെ സേവനത്തിനുശേഷമായിരുന്നു ഇത്.

പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക👇https://chat.whatsapp.com/HFdloQreo2i8smkKV5TaWI

