January 28, 2026

10 മാസത്തിനുള്ളിൽ മെഡിസെപ്പ് കൂടുതൽ പേർ പ്രയോജനപ്പെടുത്തിയതായി ധനമന്ത്രി

Share this News

10 മാസത്തിനുള്ളിൽ മെഡിസെപ്പ് കൂടുതൽ പേർ പ്രയോജനപ്പെടുത്തിയതായി ധനമന്ത്രി

സംസ്ഥാന സർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കും അവരുടെ ആശ്രിതർക്കുമുള്ള സമഗ്ര ആരോഗ്യ പരിരക്ഷാ പദ്ധതിയായ മെഡിസെപ്പ് നിലവിൽ വന്ന് 10 മാസത്തിനുള്ളിൽ പ്രതീക്ഷിച്ചതിലും കൂടുതൽ പേർ പദ്ധതി പ്രയോജനപ്പെടുത്തിയതായി സംസ്ഥാന ധനമന്ത്രി കെ.എൻ ബാലഗോപാൽ.
’10 മാസത്തിനുള്ളിൽ രണ്ട് ലക്ഷം പേർ മെഡിസെപ് പ്രയോജനപ്പെടുത്തും എന്നായിരുന്നു കണക്കുകൂട്ടൽ. എന്നാൽ 2,20,000ത്തിൽപ്പരം പേരാണ് ആകെ 591 കോടി രൂപയുടെ ചികിത്സാപരിരക്ഷാ ആനുകൂല്യം ഇതേവരെ പ്രയോജനപ്പെടുത്തിയത്. ഇതൊരു ചരിത്ര സംഭവമാണ്,’ മെഡിസെപ് പദ്ധതിയുടെ മൊബൈൽ ആപ്ലിക്കേഷൻ ഉദ്ഘാടനം ചെയ്തു സംസാരിക്കവേ മന്ത്രി പറഞ്ഞു.ഓറിയന്റൽ ഇൻഷുറൻസ് കമ്പനി ലിമിറ്റഡ് സി.എം.ഡി ആർ.ആർ സിംഗ് ധനമന്ത്രിയിൽ നിന്ന് അഭിനന്ദന പത്രം ഏറ്റുവാങ്ങി. തിരുവനന്തപുരം, കോട്ടയം സർക്കാർ മെഡിക്കൽ കോളജുകൾ, തൃശ്ശൂർ അമല ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ്, കോഴിക്കോട് എം.വി.ആർ കാൻസർ സെന്റർ ആന്റ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട്, ആസ്റ്റർ മിംസ്, തിരുവല്ല ബിലീവേഴ്‌സ് ചർച്ച് മെഡിക്കൽ കോളജ്, എറണാകുളം അപ്പോളോ അടൂലക്സ് ആശുപത്രി, കൊല്ലം എൻ.എസ് ആശുപത്രി, കണ്ണൂർ എ.കെ.ജി ആശുപത്രി, തിരുവനന്തപുരം ജനറൽ ആശുപത്രി, തിരുവനന്തപുരം റീജ്യനൽ ക്യാൻസർ സെന്റർ, തിരുവനന്തപുരം, എറണാകുളം ജില്ലകളിലെ ജില്ലാ പരാതി പരിഹാര കമ്മിറ്റി എന്നിവരുടെ പ്രതിനിധികൾ അഭിനന്ദനപത്രം സ്വീകരിച്ചു.
നഗരസഭാ മേയർ ആര്യ രാജേന്ദ്രൻ, ധനകാര്യ റിസോഴ്‌സസ് ഓഫീസർ ഓൺ സ്‌പെഷ്യൽ ഡ്യൂട്ടി മുഹമ്മദ് വൈ സഫീറുള്ള കെ, ധനകാര്യ ഹെൽത്ത് ഇൻഷുറൻസ് അഡീഷണൽ സെക്രട്ടറി ഷിബു എ എന്നിവർ പങ്കെടുത്തു. മെഡിസെപിനുള്ള സ്വീകാര്യത വർധിച്ചു വരുന്ന സാഹചര്യത്തിലും പദ്ധതി വിപുലീകരണത്തിന്റെ ഭാഗമായും പദ്ധതിയുടെ വിശദാംശങ്ങൾ ഗുണഭോക്താക്കളുടെ വിരൽത്തുമ്പിൽ എത്തിക്കുക എന്ന ലക്ഷ്യത്തോടെയുമാണ് മൊബൈൽ ആപ്ലിക്കേഷൻ അവതരിപ്പിച്ചത്.

പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക👇https://chat.whatsapp.com/HFdloQreo2i8smkKV5TaWI
error: Content is protected !!