ഭിന്നശേഷി സൗഹൃദ പവലിയൻ മന്ത്രി ആർ ബിന്ദു ഉദ്ഘാടനം ചെയ്തു
ഭിന്നശേഷി സൗഹൃദ പൂരം എന്ന ആശയം സാധ്യമാക്കുന്നതിൻ്റെ ഭാഗമായി ഭിന്നശേഷിക്കാർക്ക് മാത്രമായി ഒരുക്കിയ പ്രത്യേക പവലിയൻ്റെ ഉദ്ഘാടനം ഉന്നത വിദ്യാഭ്യാസ സാമൂഹ്യനീതി വകുപ്പ് മന്ത്രി ആർ ബിന്ദു ഉദ്ഘാടനം ചെയ്തു.
എല്ലാവരെയും ഉൾക്കൊള്ളുക എന്ന ആശയമാണ് ഭിന്നശേഷി സൗഹൃദ പൂരം, സ്ത്രീസൗഹൃദ പൂരം എന്ന ആശയങ്ങളുടെ അടിസ്ഥാനമെന്ന് മന്ത്രി അർ ബിന്ദു അഭിപ്രായപെട്ടു. തൃശ്ശൂർ പൂരം സ്ത്രീസൗഹൃദമാക്കിയപ്പോൾ തങ്ങൾക്കും പൂരം കാണാനുള്ള ആഗ്രഹം ഉണ്ടെന്ന് നിരവധി ഭിന്നശേഷിക്കാർ ആഗ്രഹം പ്രകടിപ്പിച്ചതോടെയാണ് ഭിന്നശേഷി സൗഹൃദ പൂരം എന്ന ആശയത്തിന് തുടക്കമായതെന്നും മന്ത്രി കൂട്ടിച്ചേർത്തു.
ചടങ്ങിൽ മേയർ എം കെ വർഗീസ്, ജില്ലാ വികസന കമ്മീഷണർ ശിഖ സുരേന്ദ്രൻ, കൗൺസിലർ പൂർണിമ സുരേഷ്, എസ്ബിഐ റീജണൽ മാനേജർ ശ്രീമിത നായർ, ചീഫ് മാനേജർ എസ് രാംകുമാർ, പി ശ്രീരാജ് എന്നിവർ പങ്കെടുത്തു.
തെക്കേഗോപുര നടയുടെ എതിർവശത്തുള്ള എസ് ബി ഐ യുടെ കെട്ടിടത്തിന് മുകളിലാണ് പവലിയൻ ഒരുക്കിയിരിക്കുന്നത്. തെരഞ്ഞെടുത്ത ഭിന്നശേഷി വ്യക്തികൾക്കും അവരുടെ ഒരു സഹായിക്കും പവലിയനിലിരുന്നുകൊണ്ട് പൂരം കാണാനുള്ള അവസരം ഉണ്ടായിരിക്കും. പടിക്കെട്ടുകൾ കയറാൻ ബുദ്ധിമുട്ടുള്ള ഭിന്നശേഷിക്കാർക്കും വീൽചെയർ ഉപയോഗിക്കുന്നവർക്കും പൂരനഗരിയിൽ തന്നെ പ്രത്യേകം സജ്ജീകരിച്ച പവലിയനിൽ പൂരം തടസ്സമില്ലാതെ കാണാൻ സൗകര്യമൊരുക്കും.