
ട്രൈബൽ കോളനിയിൽ; സൗജന്യ പി.എസ്.സി പരിശീലന ക്ലാസ്സിന് തുടക്കം കുറിച്ച് തൃശൂർ സിറ്റി പോലീസ്.
തൃശൂർ സിറ്റി പോലീസ് പരിധിയിലെ പട്ടികവർഗ കോളനികളിലെ യുവാക്കൾക്കും യുവതികൾക്കും സർക്കാർ ജോലി എന്ന സ്വപ്നം നേടിയെടുക്കാൻ സൗജന്യ പി.എസ്.സി. പഠനക്ലാസ്സിന് തുടക്കം കുറിച്ചിരിക്കുകയാണ് തൃശൂർ സിറ്റി പോലീസ്. പീച്ചി പോലീസ് സ്റ്റേഷൻ പരിധിയിലെ ഒളകര ആദിവാസി കോളനിയിൽ വിദ്യാഭ്യാസ യോഗ്യതയുള്ളവർ ധാരാളമുണ്ടെങ്കിലും സർക്കാർ ജോലിയുള്ളവരുടെ എണ്ണം വളരെ കുറവാണ്. പീച്ചി പോലീസ് സ്റ്റേഷനിലെ ജനമൈത്രി പോലീസുദ്യോഗസ്ഥർ കോളനികൾ സന്ദർശിച്ച് നടത്തിയ അന്വേഷണത്തിൽ, ആദിവാസി യുവാക്കൾക്കും യുവതികൾക്കും മികച്ച പരിശീലനം ലഭിക്കുകയാണെങ്കിൽ ഇവർക്ക് സർക്കാർ ഉദ്യോഗത്തിലേക്ക് പ്രവേശിക്കാനുള്ള സാധ്യതയുണ്ടെന്ന് മനസ്സിലാക്കുകയും, ഇക്കാര്യം സിറ്റി പോലീസ് കമ്മീഷണറെ അറിയിക്കുകയും ചെയ്തിരുന്നു. തുടർന്ന്, സിറ്റി പോലീസ് കമ്മീഷണർ അങ്കിത് അശോകന്റെ പ്രത്യേക താൽപ്പര്യപ്രകാരമാണ് ട്രൈബൽ ജനമൈത്രി പോലീസ് പദ്ധതി പ്രകാരം സൌജന്യ പി.എസ്.സി. ക്ലാസ്സുകൾ ആരംഭിക്കാൻ തീരുമാനിച്ചത്.
പീച്ചി പോലീസ് സ്റ്റേഷൻ പരിധിയിൽ മണിയൻ കിണർ, ഒളകര, പൂവൻചിറ, പയ്യനം, താമര വെള്ളച്ചാൽ എന്നീ ട്രൈബൽ കോളനികളിലെ 130 ഉദ്യോഗാർത്ഥികൾക്കാണ് ആദ്യഘട്ടത്തിൽ പി.എസ്.സി പരീക്ഷ പരിശീലനം നൽകുക. പി.എസ്.സി. പരിശീലന ക്ലാസ്സിന്റെ ഉദ്ഘാടനം കഴിഞ്ഞ ദിവസം മണിയൻകിണർ ആദിവാസി ഊരിൽ വെച്ച് തൃശൂർ സിറ്റി പോലീസ് കമ്മീഷണർ അങ്കിത് അശോകൻ IPS നിർവ്വഹിച്ചു. ആദിവാസി യുവാക്കൾക്കും യുവതികൾക്കും ഏറ്റവും കുറഞ്ഞ കാലം കൊണ്ട് സർക്കാർ ഉദ്യോഗത്തിൽ പ്രവേശിക്കാൻ കഴിയുന്ന തരത്തിലാണ് ക്ലാസ്സുകൾ സജ്ജീകരിച്ചിരിക്കുന്നതെന്നും, ഈ പദ്ധതി ജില്ലയിലെ മറ്റ് ആദിവാസി ഊരുകളിലേക്കും വ്യാപിപ്പിക്കുമെന്നും സിറ്റി പോലീസ് കമ്മീഷണർ അറിയിച്ചു. തൃശൂർ ആസ്ഥാനമായി പ്രവർത്തിക്കുന്ന എക്സ്പെർട്സ് അക്കാദമിയാണ് ക്ലാസ്സുകൾ ഏകോപിപ്പിക്കുന്നതിനുള്ള സാങ്കേതിക സഹായം നൽകുന്നത്. ഒല്ലൂർ അസി. കമ്മീഷണർ പി.എസ്. സുരേഷ്, അസിസ്റ്റൻറ് വൈൽഡ് ലൈഫ് വാർഡൻ ഡമ്മസ് സ്കറിയ, ഡെപ്യൂട്ടി റെയ്ഞ്ച് ഫോറസ്റ്റ് ഓഫീസർ സുനിൽകുമാർ, എക്സ്പേർട്ട് അക്കാദമി മാനേജിങ്ങ് ഡയറക്ടർ മഞ്ജുമേനോൻ എന്നിവരും പങ്കെടുത്തു.
പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിന് താഴെ Click ചെയ്യുക👇🏻
https://chat.whatsapp.com/FNBkJiLWYaFLpkJe2nuCEp

