January 29, 2026

മഴക്കാല രോഗങ്ങള്‍ പ്രതിരോധിക്കാന്‍ സ്വീകരിക്കേണ്ട നടപടികള്‍ ചര്‍ച്ച ചെയ്യാന്‍ യോഗം ചേര്‍ന്നു

Share this News

മഴക്കാല രോഗങ്ങള്‍ പ്രതിരോധിക്കാന്‍ സ്വീകരിക്കേണ്ട നടപടികളെക്കുറിച്ച് ചര്‍ച്ച ചെയ്യാന്‍ കലക്ട്രേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ജില്ലാ കലക്ടര്‍ ഹരിത വി കുമാറിന്റെ അധ്യക്ഷതയില്‍ വിവിധ വകുപ്പുകളുടെ ഏകോപന സമിതി യോഗം ചേര്‍ന്നു.

ആരോഗ്യ സുരക്ഷയ്ക്ക് മാലിന്യ മുക്തപരിസരം എന്ന പേരില്‍ ജില്ലാ ആരോഗ്യ വിഭാഗം സംഘടിപ്പിച്ച യോഗത്തില്‍ കഴിഞ്ഞ രണ്ടുവര്‍ഷക്കാലം ജില്ലയില്‍ റിപ്പോര്‍ട്ട് ചെയ്ത പകര്‍ച്ചവ്യാധി രോഗങ്ങളെക്കുറിച്ച് നോണ്‍ കോവിഡ് വിഭാഗം ജില്ലാ സര്‍വൈലന്‍സ് ഓഫീസര്‍ ഡോ ബീന മൊയ്തീന്‍ വിശദീകരിച്ചു. തുടര്‍ന്ന് ഓരോ വകുപ്പുകളുടേയും മഴക്കാല പൂര്‍വ പ്രവര്‍ത്തനങ്ങളെക്കുറിച്ച് അവലോകനം നടത്തി. വിവിധ വകുപ്പുകള്‍ സ്വീകരിക്കേണ്ട മുന്‍കരുതലുകളെക്കുറിച്ച് കലക്ടര്‍ നിര്‍ദ്ദേശങ്ങള്‍ നല്‍കി. ഏപ്രില്‍ രണ്ടാം വാരത്തോടെ ഒരു അവലോകന യോഗം സംഘടിപ്പിക്കാനും ഓരോ വകുപ്പുകളും സ്വീകരിച്ച പ്രവര്‍ത്തനങ്ങളുടെ പുരോഗതി വിലയിരുത്തുവാനും തീരുമാനമായി.


മഴക്കാല പൂര്‍വ്വ ശുചീകരണത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് പൊതുജനങ്ങളില്‍ ബോധവല്‍ക്കരണം നടത്തുന്നതിനായി പഞ്ചായത്ത്, മുനിസിപ്പാലിറ്റി, കോര്‍പ്പറേഷന്‍ തുടങ്ങിയ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ അതത് പ്രദേശത്തെ ആരോഗ്യ പ്രവര്‍ത്തകരുടെ സഹകരണത്തോടെ നടപടികള്‍ സ്വീകരിക്കണം. കൊതുക് വളരുവാന്‍ സാധ്യതയുള്ള സാഹചര്യങ്ങള്‍ ഉണ്ടായാല്‍ പുതിയ പൊതുജനാരോഗ്യ നിയമം അനുസരിച്ച് 2000 രൂപ വരെ പിഴ ചുമത്താവുന്നതാണെന്ന് ജനങ്ങളില്‍ അവബോധം സൃഷ്ടിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിന് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളെ ഡെപ്യൂട്ടി കലക്ടര്‍ ചുമതലപ്പെടുത്തി. എ ഡി എം റെജി പി ജോസഫ്, ദുരന്തനിവാരണം ഡെപ്യൂട്ടി കലക്ടര്‍ ഐ ജെ മധുസൂദനന്‍, ഡി എം ഒ എന്‍ കെ കുട്ടപ്പന്‍, കോവിഡ് ജില്ലാ സര്‍വൈലന്‍സ് ഓഫീസന്‍ ഡോ അനൂപ്, വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു.

വാർത്ത WhatsApp ൽ ലഭിക്കുന്നതിന് താഴെ കാണുന്ന Link ൽ ക്ലിക്ക് ചെയ്യുക👇🏻

https://chat.whatsapp.com/CydGm6r3PKW8CpqQ7FFTCG

error: Content is protected !!