“വ്യവസായ സ്വയം സംരഭകർ ഇഛാശക്തി ഉള്ളവരാകണം” – ഡോ. ഇളവരശി ജയകാന്ത്
കേരളം വ്യവസായ സംരംഭകർക്ക് വിളഭൂമിയാണ്. ധൃഢമായ ഇഛാശക്തി ഉണ്ടെങ്കിൽ മാത്രമേ ഏതൊരു ബിസിനസിലും വിജയം കൈവരിക്കാനാവൂ എന്ന് പ്രശസ്ത വനിതാ സ്വയം സംരഭകയും അശ്വതി ഹോട്ട് ചിപ്സ് ഉടമയും മികച്ച വനിതാ വ്യവസായ സംരഭകക്കുള്ള 2023 ലെ ഐമ അവാർഡ് ജേതാവുമായ ഡോ. ഇളവരശി ജയകാന്ത്. മാള മെറ്റ്സ് കോളേജ് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡീസിലെ ഐ.ഇ.ഡി.സിയും വുമൺ സെല്ലും സംയുക്തമായി സംഘടിപ്പിച്ച “സാഗ ഓഫ് എ ട്രoഫന്റ് ലേഡി ടൈക്കൂൺ” എന്ന സെമിനാറിൽ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അവർ. തുടർച്ചയായ പ്രതിസന്ധികൾ മൂലം ബാങ്ക് ജപ്തിയിലൂടെ തകർന്ന് പോയ സ്വന്തം ബിസിനസ് സ്ഥാപനമായ അശ്വതി ഹോട്ട് ചിപ്സ്, തൃശൂർ ഇന്ന് കോടികളുടെ വാർഷിക വിറ്റുവരവുള്ള സ്ഥാപനമാക്കിയ നാൾവഴികൾ ബിരുദ വിദ്യാർത്ഥികളുമായി അവർ പങ്കുവെച്ചു. ഇന്ന് 120 ജീവനക്കാർക്ക് നേരിട്ടും പതിനായിരത്തിൽ കൂടുതൽ ആളുകൾക്ക് പരോക്ഷമായും അവർ ജോലി ലഭ്യമാക്കുന്നുണ്ട്. കേരളത്തിൽ വിജയകരമായി വ്യവസായം നടത്തി, പ്രത്യേകിച്ചും ഒരു വനിതാ സംരംഭക, മറ്റുള്ളവർക്ക് മാതൃകയായ ഡോ. ഇളവരശിയെ സെമിനാർ ഉദ്ഘാടനം ചെയ്ത മെറ്റ്സ് ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിറ്റ്യൂഷൻസ് അക്കാദമിക് ഡയറക്ടർ ഡോ.എ. സുരേന്ദ്രൻ അഭിനന്ദിച്ചു. സെമിനാറിൽ അധ്യക്ഷത വഹിച്ചത് കോളേജിലെ പ്രിൻസിപ്പാൾ ഡോ. ഫ്രാൻസിസ് ആണ്. ഈ കോളേജിലെ വിദ്യാർത്ഥികൾ പ്രത്യേകിച്ച് വിദ്യാർത്ഥിനികൾ വനിതാ വ്യവസായ സ്വയം സംരംഭകരായി മാറണമെന്ന് പ്രിൻസിപ്പാൾ അഭ്യർത്ഥിച്ചു. ഐ. ഇ.ഡി.സി. മോഡൽ ഓഫീസർ വിനേഷ് കെ വി ആശംസകൾ നേർന്നു. വുമൺ സെൽ കോർഡിനേറ്റർ അസിസ്റ്റൻറ് പ്രൊഫസർ ഷംല വി. കെ. സ്വാഗതവും കോളേജ് സ്റ്റുഡൻസ് യൂണിയൻ വൈസ് ചെയർപേഴ്സൺ അസ്നാ ഹംസ നന്ദിയും പ്രകാശിപ്പിച്ചു.