പട്ടിക്കാട് പാണഞ്ചേരി റോട്ടറി ക്ലബ്ബിന്റെ ഉദ്ഘാടനം റോട്ടറി ക്ലബ് ഡിസ്ട്രിക്ട് ഗവർണർ രാജ്മോഹൻ നായർ നിർവ്വഹിച്ചു
പട്ടിക്കാട് പാണഞ്ചേരി റോട്ടറി ക്ലബ്ബിന്റെ ഉദ്ഘാടനം ലാലീസ് റസിഡൻസിയിൽ 3201ാം നമ്പർ റോട്ടറി ക്ലബ് ഡിസ്ട്രിക്ട് ഗവർണർ രാജ്മോഹൻ നായർ നിർവ്വഹിച്ചു തൃശ്ശൂർ മെട്രോ ക്ലബ്ബ് പ്രസിഡന്റ് ജോസ് തെറ്റയിൽ അധ്യക്ഷത വഹിച്ചു.
പാണഞ്ചേരി പഞ്ചായത്ത് പ്രസിഡന്റ് പി.പി രവീന്ദ്രൻ, പട്ടിക്കാട് ഫൊറോന പള്ളി വികാരി ഫാ.ജിജോ വള്ളുപാറ, പീച്ചി പോലീസ് സ്റ്റേഷൻ ഹൗസ് ഓഫീസർ പി.എം രതീഷ് എന്നിവർ പങ്കെടുത്ത് ക്ലബിന് ആശംസകൾ അർപ്പിച്ചു. റോട്ടറി ക്ലബ് പാണഞ്ചേരിക്ക് ഫെബ്രുവരി മാസത്തിൽ 31 അംഗങ്ങളായാണ് തുടക്കം കുറിക്കാൻ കഴിഞ്ഞത്
ചാർട്ടർ പ്രസിഡന്റായി തോമസ് വലിയമറ്റവും ചാർട്ടർ സെക്രട്ടറി ആയി എം.പി ജോൺ ട്രഷറർ രാജു പാറപ്പുറം എന്നിവരാണ് പാണഞ്ചേരി ക്ലബ്ബിന്റെ ഭാരവാഹികൾ.
തൃശ്ശൂർ പാണഞ്ചേരി ക്ലബ്ബിനെ സ്പോൺസർ ചെയ്തിരിക്കുന്നത് തൃശ്ശൂർ മെട്രോ ക്ലബ്ബ് ആണ്.
1905ൽ അമേരിക്കയിൽ ഇല്ലിനോയിസിലെ അറ്റോർണി ആയിരുന്ന പോൾ പെർസി ഹാരിസും സുഹൃത്തുക്കളും ചേർന്ന് ചിക്കാഗോയിൽ ആരംഭിച്ച് ഇന്ന് ലോകം മുഴുവൻ വ്യാപിച്ച പ്രസ്ഥാനമാണ് റോട്ടറി ഇന്റർനാഷണൽ. സ്ത്രീകളുടെയും കുട്ടികളുടെയും വിഭാഗങ്ങൾ ഉൾപ്പെടെ 18 ലക്ഷത്തോളം അംഗങ്ങളുള്ള സേവന സംഘടനയായി അത് വളർന്നു. 1920 ൽ ഇന്ത്യയിൽ കൽക്കത്തയിലാണ് ആദ്യത്തെ ക്ലബ്ബ് രൂപീകരിച്ചത്. തുടർന്ന് കൊച്ചിയിലും പിന്നീട് 1960ൽ തൃശ്ശൂരിലും ക്ലബ്ബ് പ്രവർത്തനം തുടങ്ങി. തൃശൂരിൽ ഇപ്പോൾ ആറ് ക്ലബ്ബുകൾ പ്രവർത്തിക്കുന്നുണ്ട്.
നിരവധി സേവന മേഖലകളിൽ ഇടപെടുന്ന റോട്ടറി ക്ലബ്ബിന്റെ ആരോഗ്യ സേവന പ്രവർത്തനങ്ങളുടെ ഭാഗമായാണ് വർഷങ്ങളായി ലോകത്തുള്ള മുഴുവൻ കുട്ടികൾക്കും വർഷത്തിൽ രണ്ടുതവണ പോളിയോ പ്രതിരോധ തുള്ളി മരുന്ന് നൽകി വരുന്നത്.
ഈ വർഷം റോട്ടറി ഇൻറർനാഷണൽ ഡിസ്ട്രിക്ട് 3201 ാം നമ്പർ ക്ലബിന്റെ നേതൃത്വത്തിൽ കോയമ്പത്തൂർ, പാലക്കാട്, തൃശ്ശൂർ, എറണാകുളം, ഇടുക്കി എന്നീ മേഖലകളിലായി 500 പാർപ്പിടങ്ങൾ, 10 യൂണിറ്റ് ഡയാലിസിസ് മെഷീനുകൾ , 1000 വീൽ ചെയറുകൾ, മോഡൽ റോഡ്, 12 വയസ്സിന് താഴെയുള്ള കുട്ടികളുടെ ഹൃദയ ശസ്ത്രക്രിയ തുടങ്ങിയ സേവന പ്രവർത്തനങ്ങൾ നടപ്പാക്കും. ഡിസ്ട്രിക്ട് ഗവർണർ രാജ്മോഹൻ നായർ, ഡയറക്ടർ ഡോ. ബാലസുബ്രഹ്മണ്യൻ, അസി. ഗവർണർ അഡ്വ. ആന്റോ ഡേവിസ് അക്കര എന്നിവർ നേതൃത്വം നൽകും
ക്ലബിന്റെ ഉദ്ഘാടന വേളയിൽ കർഷക തിലകം സ്വപ്ന സിബി കല്ലിങ്കലിനെ ആദരിച്ചു.അഹമ്മദാബാദിൽ നടന്ന ദേശീയ ബാലശാസ്ത്ര കോൺഗ്രസ്സിൽ ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിൽ നിന്ന് വന്ന 668 പ്രോജക്ടുകളിൽ നിന്ന് തെരഞ്ഞെടുത്ത 16 മികച്ച പ്രൊജക്ടുകളിൽ ഒന്നായി ദേശീയ അംഗീകാരം നേടിയ പട്ടിക്കാട് ഗവ. ഹയർ സെക്കന്ററി സ്കൂളിലെ ആറാം ക്ലാസ്സ് വിദ്യാർത്ഥികൾ അദ്വൈത് സി അലക്സ്, മുഹമ്മദ് അർഫദ് ഒ എ. യും വേദിയിൽ ആദരിച്ചു. തുടർന്ന് കുട്ടികളുടെ കലാപരിപാടികളും ഉണ്ടായിരുന്നു.