December 22, 2024

ക്യാമ്പസുകളിൽ തൊഴിലും വിദ്യാഭ്യാസവും സമന്വയിപ്പിക്കും; മന്ത്രി ആർ ബിന്ദു

Share this News

ക്യാമ്പസുകളിൽ തൊഴിലും വിദ്യാഭ്യാസവും സമന്വയിപ്പിക്കും;മന്ത്രി ആർ ബിന്ദു




പൊതു കലാലയങ്ങൾ ഉൾപെടെ എല്ലാ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലും തൊഴിലും വിദ്യാഭ്യാസവും സമന്വയിപ്പിച്ചുകൊണ്ടുള്ള പരിപാടികൾ ആവിഷ്കരിക്കുമെന്ന് ഉന്നതവിദ്യാഭ്യാസ സാമൂഹ്യനീതി വകുപ്പ് മന്ത്രി ആർ ബിന്ദു. തൃപ്രയാർ ശ്രീരാമ ഗവ. പോളിടെക്നിക് കോളേജിൽ വജ്രജൂബിലി കെട്ടിട നിർമാണോദ്ഘാടനം നിർവഹിക്കുകയായിരുന്നു മന്ത്രി.
വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കകത്ത് തന്നെ തൊഴിൽ ചെയ്യാൻ സൗകര്യമൊരുക്കും. പഠനത്തോടൊപ്പം വരുമാനവും എന്നതാണ് ലക്ഷ്യമിടുന്നത്. വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഇന്നവേഷൻ ഇൻക്യുബേഷൻ എക്കോസിസ്റ്റം വളർത്തിയെടുക്കും. സ്റ്റാർട്ടപ്പുകൾക്ക് അനുയോജ്യ സാഹചര്യമൊരുക്കും. നൈപുണ്യ വികസനത്തിൽ ഊന്നിയ സാങ്കേതിക വിദ്യാഭ്യാസത്തിലൂടെ തൊഴിൽ സംരംഭകരെ സൃഷ്ടിക്കുന്നതിനും ഓരോ കലാലയത്തിലും ഓരോ തൊഴിൽ ശാലകൾ എന്ന ലക്ഷ്യത്തിലേക്കും പോളിടെക്‌നിക് കോളേജുകൾ മുന്നേറണമെന്നും മന്ത്രി പറഞ്ഞു.
എൻബിഎ അക്രഡിറ്റേഷൻ നേടിയ ഗവ. വനിതാ പോളിടെക്നിക് കോളേജ് തൃശൂർ, ഗവ. പോളിടെക്‌നിക് കോളേജ് പാലക്കാട്, ഗവ. പോളിടെക്‌നിക് കോളേജ് പെരുമ്പാവൂർ എന്നീ കോളേജുകൾക്കുള്ള അനുമോദനവും മന്ത്രി നിർവ്വഹിച്ചു.
സി സി മുകുന്ദൻ എംഎൽഎ അധ്യക്ഷത വഹിച്ചു. പൊതുമരാമത്ത് വകുപ്പ് എക്സിക്യൂട്ടീവ് എഞ്ചിനീയർ പി വി ബിജി റിപ്പോർട്ട് അവതരിപ്പിച്ചു. നാട്ടിക ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് എം ആർ ദിനേശൻ, ജില്ലാ പഞ്ചായത്തംഗം മഞ്ജുള അരുണൻ, തളിക്കുളം ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് രജനി ബാബു, ബ്ലോക്ക് പഞ്ചായത്തംഗം ജൂബി പ്രദീപ്, പഞ്ചായത്തംഗം സി എസ് മണികണ്ഠൻ, സാങ്കേതിക വിദ്യാഭ്യാസ വകുപ്പ് സീനിയർ ജോയിൻ്റ് ഡയറക്ടർ പി ബീന, റീജിയണൽ ജോയിൻ്റ് ഡയറക്ടർ കെ എം രമേഷ്, സാങ്കേതിക വിദ്യാഭ്യാസ വകുപ്പ് ഡയറക്ടർ ഇൻചാർജ് ഡോ. ബൈജു ഭായ്, ശ്രീരാമ പോളിടെക്നിക് പ്രിൻസിപ്പാൾ എ എ അബ്ദുൽനാസർ തുടങ്ങിയവർ സംസാരിച്ചു.
കോളേജിൻ്റെ അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിക്കുന്നതിൻ്റെ ഭാഗമായി പത്തുകോടി രൂപ ചെലവഴിച്ചാണ് നാല് നിലകളുള്ള വജ്ര ജൂബിലി കെട്ടിടം നിർമ്മിക്കുന്നത്. 4500 ചതുരശ്രയടി വിസ്തൃതിയിലുള്ള കെട്ടിടത്തിൽ കമ്പ്യൂട്ടർ ലാബ്, ജിയോ ടെക്‌നിക്കൽ ലാബ്, കോൺക്രീറ്റ് ലാബ്, എൻവയോൺമെൻ്റ് ലാബ്, സ്റ്റാഫ് റൂം, ക്ലാസ് മുറികൾ, ലൈബ്രറി എന്നിവ വജ്ര ജൂബിലി കെട്ടിടത്തിൽ ഉണ്ടാകും. ഒന്നര വർഷത്തിനുള്ളിൽ കെട്ടിടത്തിൻ്റെ നിർമ്മാണം പൂർത്തീകരിക്കും.

പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിന് താഴെ click ചെയ്യുക 👇

https://chat.whatsapp.com/Fq4IN8w5DKQCGZAEfvOGj0

error: Content is protected !!