സഞ്ചരിക്കുന്ന കളിമൺ ഉത്പന്ന വിപണനശാലയ്ക്കു തുടക്കമായി
കളിമൺ ഉത്പന്ന വിപണനം പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി സംസ്ഥാന കളിമൺപാത്ര നിർമാണ വിപണന ക്ഷേമ വികസന കോർപ്പറേഷന്റെ നേതൃത്വത്തിൽ ആവിഷ്‌കരിച്ച സഞ്ചരിക്കുന്ന കളിമൺ ഉത്പന്ന വിപണനശാലയ്ക്കു തുടക്കമായി. പദ്ധതിയുടെ ഉദ്ഘാടനം പട്ടികജാതി – പട്ടികവർഗ പിന്നാക്ക വിഭാഗ വികസന വകുപ്പ് മന്ത്രി കെ. രാധാകൃഷ്ണൻ നിർവഹിച്ചു. ഭക്ഷ്യ – സിവിൽ സപ്ലൈസ് വകുപ്പ് മന്ത്രി ജി.ആർ. അനിൽ ആദ്യ വിൽപ്പന നടത്തി.
ആറ്റുകാൽ പൊങ്കാലയോടനുബന്ധിച്ച് ആറ്റുകാൽ ക്ഷേത്ര പരിസരം, അട്ടക്കുളങ്ങര ഫോർട്ട് പൊലീസ് സ്റ്റേഷനു മുൻവശം, തമ്പാന്നൂർ ശ്രീകുമാർ തിയേറ്ററിനു മുൻവശം, പുത്തരിക്കണ്ടം മൈതാനത്തിനു മുൻവശം, കിള്ളിപ്പാലം അട്ടക്കുളങ്ങര ബൈപാസിനു കിഴക്കുവശം എന്നിവിടങ്ങളിൽ കളിമൺപാത്ര നിർമാണ വിപണന ക്ഷേമ വികസന കോർപ്പറേഷന്റെ നേതൃത്വത്തിൽ പൊങ്കാല കലങ്ങൾ വിൽക്കുന്നതിനുള്ള ക്രമീകരണം ഒരുക്കിയിട്ടുണ്ട്. മാർച്ച് 4, 6 തീയതികളിൽ ഉച്ചയ്ക്ക് ഒന്നു മുതൽ സെക്രട്ടേറിയറ്റ് കോമ്പൗണ്ടിലും വിൽപ്പനയുണ്ടാകും. മാർച്ച് 2, 3 തീയതികളിൽ ഉച്ചയ്ക്ക് ഒരു മണി മുതൽ വികാസ് ഭവനിലും 11 മണി മുതൽ പബ്ലിക് ഓഫിസിലും വിപണനശാലയെത്തും. വിവിധ തരത്തിലുള്ള അലങ്കാര പാത്രങ്ങളുടെ വിൽപ്പനയുമുണ്ടാകും.