സംസ്ഥാനതല തദ്ദേശദിനാഘോഷം മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്തു
പ്രാദേശിക വികസന പദ്ധതികൾ ഏറ്റെടുക്കുന്നതിനോടൊപ്പം പ്രാദേശികസർക്കാറുകൾ ശക്തിപ്പെടണമെന്നും വേഗത്തിൽ തന്നെ ജനങ്ങൾക്ക് സേവനം ഉറപ്പാക്കണമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. തദ്ദേശ സ്വയംഭരണ വകുപ്പ് ഏകീകരണത്തിന് ശേഷം നടക്കുന്ന ആദ്യ സംസ്ഥാനതല തദ്ദേശദിനാഘോഷം തൃത്താല ചാലിശ്ശേരി അൻസാരി കൺവെൻഷൻ സെന്ററിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
കേരളത്തിന്റെ വികസന പാതയിലെ നാഴികകല്ലായ ജനകീയാസൂത്രണ പദ്ധതി തദ്ദേശസ്ഥാപനങ്ങളുടെ വികേന്ദ്രീകരണമാണ് ലക്ഷ്യമിടുന്നത്.
നാടിന്റെ വികസനത്തിന് ആവശ്യമായ പദ്ധതികളിൽ നാടിന് ആവശ്യമായത് സമാഹരിച്ച് പ്രാവർത്തികമാക്കുന്നതിന് തദ്ദേശ സ്വയംഭരണം സ്ഥാപനങ്ങൾ പിന്തുണ നൽകണം.
പ്രാദേശിക ഭരണം ശക്തമാവുമ്പോൾ അവയ്ക്ക് പരസ്പര പൂരകത്വം അനിവാര്യമാണെന്നതിനാലാണ് ഏകീകൃത തദ്ദേശ വകുപ്പ് യാഥാർത്യമാക്കിയത്. പ്രാദേശിക പദ്ധതികളുടെ നടത്തിപ്പുകാരായി മാത്രം മാറാതെ തദ്ദേശസ്ഥാപങ്ങൾ സാമൂഹികവും സാമ്പത്തികവുമായ വികാസം കൈവരിക്കാൻ ഉതകുന്ന പുതിയ കാലത്തെ സോഷ്യൽ ഡിസൈൻ സെന്ററുകളാവണം. വികസനത്തിന് ഉതകുന്ന സമീപനമാണ് വേണ്ടത്. തദ്ദേശ സ്ഥാപന അതിർത്തിയിൽ വികസനപദ്ധതികൾ വരുമ്പോൾ അതിന് പൂർണ്ണ പിന്തുണ നൽകണം. ഏകീകൃത മനോഭാവമാണ് ഉണ്ടാവേണ്ടത്.