February 2, 2026

ആറാട്ടുപുഴ പൂരം നടത്തിപ്പുമായി ബന്ധപ്പെട്ട് മന്ത്രിയുടെ നേതൃത്വത്തിൽ യോഗം ചേർന്നു

Share this News

ആറാട്ടുപുഴ പൂരത്തിന്റെ നടത്തിപ്പുമായി ബന്ധപ്പെട്ട് റവന്യൂ മന്ത്രി കെ രാജന്റെ നേതൃത്വത്തിൽ കളക്ട്രേറ്റ് ചേംബറിൽ യോഗം ചേർന്നു. കോവിഡിന്റെ അപകടമുള്ളപ്പോഴും  കേരളത്തിലെ ഉത്സവങ്ങളും മറ്റ് ടൂറിസം പരിപാടികളും പൂർണ്ണമായി മാറ്റി നിർത്താനാകില്ലെന്ന നിലപാടാണ് സർക്കാരിനുള്ളതെന്ന് മന്ത്രി പറഞ്ഞു. ഘട്ടം ഘട്ടമായി നിയന്ത്രണങ്ങളിൽ ഇളവ് വരുത്തുമ്പോഴും ആഭ്യന്തരമായ അച്ചടക്കത്തിനുള്ള പൊതുവായ തയ്യാറെടുപ്പുകൾ നടത്തണമെന്നും മന്ത്രി ഓർമിപ്പിച്ചു. സാധാരണ നിലയിൽ നിന്ന് വ്യത്യസ്തമായി പൂരം നടത്തിപ്പുമായി ബന്ധപ്പെട്ട്  മോണിറ്ററിംഗ് ഉണ്ടാകേണ്ടതുണ്ട്. പൊലീസ്, ഫോറസ്റ്റ് തുടങ്ങി വിവിധ വകുപ്പുകൾ ഇതിനായി കൃത്യമായ ഒരുക്കങ്ങൾ നടത്തണമെന്നും മന്ത്രി പറഞ്ഞു.  ഹരിത പ്രോട്ടോക്കോൾ പാലിക്കുന്നതിന് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ ശ്രദ്ധ പുലർത്തേണ്ടതുണ്ട്. പ്രദേശത്ത് സി സി ടി വി ക്യാമറയുടെ സഹായം ഉപയോഗിക്കേണ്ടതുണ്ടെങ്കിൽ താൽക്കാലികമായി ആ സംവിധാനം ഉപയോഗിക്കണം. പൊലീസ്, ഫോറസ്റ്റ്, ഇലക്ട്രിസിറ്റി, ആരോഗ്യം,  പഞ്ചായത്ത്, ഉത്സവ കമ്മിറ്റി തുടങ്ങിയവയുടെ പ്രതിനിധികളെ ഉൾപ്പെടുത്തി കൺട്രോൾ റൂം സേവനം വേണമെന്നും മന്ത്രി നിർദ്ദേശിച്ചു. കാലങ്ങളായി നടന്ന് കൊണ്ടിരിക്കുന്ന ആചാരങ്ങൾക്ക് തടസം ഉണ്ടാകാതെ സുരക്ഷ ഉറപ്പുവരുത്തണമെന്ന് കെ കെ രാമചന്ദ്രൻ എം എൽ എ ആവശ്യപ്പെട്ടു. പഴയ പ്രൗഢിയോടെ ഉത്സവം നടത്തുന്നതിനൊപ്പം തന്നെ കോവിഡ് മാനദണ്ഡങ്ങൾ പാലിക്കേണ്ടതിന്റെ ആവശ്യകത സംബന്ധിച്ച് ജില്ലാ കളക്ടർ ഹരിത വി കുമാർ യോഗത്തിൽ പറഞ്ഞു. പൂരത്തിന് 65 ആനകളെ അനുവദിക്കാൻ നേരത്തെ ചേർന്ന യോഗം തീരുമാനിച്ചിരുന്നു. എഴുന്നള്ളിപ്പിനുള്ള ആനകളുടെ ഫിറ്റ്നെസ് ചീഫ് വെറ്റിനറി സ്ക്വാഡ് പരിശോധിക്കും. ആരോഗ്യം, ജലസേചനം, കെ എസ് ഇ ബി, ഫയർഫോഴ്സ് തുടങ്ങി വകുപ്പുകൾ വേണ്ട മുൻകരുതലുകൾ സ്വീകരിച്ചിട്ടുണ്ടെന്ന് അറിയിച്ചു.
യോഗത്തിൽ കൊച്ചിൻ  ദേവസ്വം ബോർഡ് പ്രസിഡന്റ് വി നന്ദകുമാർ, തൃശൂർ റൂറൽ പൊലീസ് മേധാവി ഐശ്വര്യ ഡോങ്റെ,
പൊലീസ്, ഫയർഫോഴ്സ്,  കെ എസ് ഇ ബി, ഇറിഗേഷൻ പ്രതിനിധികൾ, തദ്ദേശ പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.

വാർത്തകൾ whatsapp വഴി ലഭിക്കുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

https://chat.whatsapp.com/KDzVGRjSirwIP3ykTyiLQ0

error: Content is protected !!