ജയിൽ ഉദ്യോഗസ്ഥർക്കും ജീവനക്കാർക്കുമായി സംസ്ഥാനതല സെമിനാർ
ജയിൽ ഉദ്യോഗസ്ഥർക്കും ജീവനക്കാർക്കുമായി കേരള പ്രിസൺസ് ആൻഡ് കറക്ഷണൽ സർവീസസ് ഡിപ്പാർട്ട്മെന്റ് സംഘടിപ്പിക്കുന്ന സംസ്ഥാനതല സെമിനാർ റവന്യു മന്ത്രി കെ രാജൻ ഉദ്ഘാടനം ചെയ്തു. സംസ്ഥാനത്തെ ജയിലുകളിൽ നടപ്പാക്കുന്ന പരിഷ്കരണങ്ങളെപ്പറ്റി ഉദ്യോഗസ്ഥരിൽ അവബോധം സൃഷ്ടിക്കുകയാണ് സെമിനാറിന്റെ ലക്ഷ്യം. സംസ്ഥാനതലത്തിൽ ഈ രംഗത്ത് പ്രവർത്തിക്കുന്ന ജീവനക്കാരുടെ അഭിപ്രായങ്ങൾ അറിയുന്നതിനും അവരുടെ സംശയങ്ങൾ ദൂരീകരിക്കുന്നതിനുമുള്ള വേദിയായും ഇത് മാറും.
ശിക്ഷ അനുഭവിക്കുന്ന നിശ്ചിത കാലയളവിൽ ഓരോ അന്തേവാസിക്കും ഓരോ ലക്ഷ്യമുണ്ടാക്കുകയും ആ ലക്ഷ്യത്തിലേക്ക് അവരെ എത്തിക്കുന്നതിനുവേണ്ട സാങ്കേതിക സഹായം ഉദ്യോഗസ്ഥർക്കായി ഒരുക്കുകയും ചെയ്യുമെന്ന് മന്ത്രി കെ രാജൻ പറഞ്ഞു. കുറ്റാരോപിതരേയും കുറ്റവാളികളേയും സമൂഹത്തിൽ നിന്ന് മാറ്റിപ്പാർപ്പിക്കേണ്ട തടങ്കൽപാളയങ്ങളാണ് ജയിലുകൾ എന്ന ചിന്താഗതിയിൽ ജയിൽ വകുപ്പും സർക്കാരും മാറ്റം വരുത്തിയിട്ടുണ്ടെന്നും മന്ത്രി കൂട്ടിച്ചേർത്തു. തിരുത്തൽ പ്രക്രിയയ്ക്ക് വിധേയമാക്കുകയും പുനരധിവാസത്തിന് ഊന്നൽ നൽകിക്കൊണ്ട് പുതിയ മനുഷ്യനെ സൃഷ്ടിക്കുകയും ചെയ്യുന്ന നടപടികളാണ് ജയിൽ ശിക്ഷ പദ്ധതിയുടെ ഭാഗമായി കഴിഞ്ഞ രണ്ടു പതിറ്റാണ്ട് കാലമായി കേരളത്തിൽ ആവിഷ്കരിച്ചുവരുന്നതെന്ന് മന്ത്രി പറഞ്ഞു.