ബോൺ നതാലെ ഗാനത്തിന്റെ താളത്തിനൊത്തു ചുവടുവച്ചു പതിനായിരത്തോളം ക്രിസ്മസ് പാപ്പമാർ
ചുവന്ന തൊപ്പിയും ചുവന്ന ഉടുപ്പും ധരിച്ച് ക്രിസ്മസ് പാപ്പമാർ ‘ബോൺ നതാലെ ഗാനത്തിന്റെ താളത്തിനൊത്തു ചുവടുവച്ചു. പതിനായിരത്തോളം ക്രിസ്മസ് പാപ്പമാർ നിറഞ്ഞൊഴുകിയപ്പോൾ സ്വരാജ് റൗണ്ട് ചുവന്നു. ക്രിസ്മസിനോടനുബന്ധിച്ച് തൃശൂർ പൗരാവലിയും അതിരൂപതയും സംയുക്തമായി സംഘടിപ്പിച്ച ബോൺ നതാലെ കരോൾ ഘോഷയാത്ര കാണാൻ ആയിരക്കണക്കിന് പേരാണ് നഗരത്തിലെത്തിയത്.
സ്വരാജ് റൗണ്ടിന് ഇരുവശവും തിങ്ങിനിറഞ്ഞ ജനം ഹർഷാരവം മുഴക്കിയും അപൂർവ ദൃശ്യം പകർത്തിയും അവിസ്മരണീയമാക്കി.
സാന്താ വേഷമണിഞ്ഞുളവരുടെ ബൈക്ക് റാലിയോടെയായിരുന്നു തുടക്കം. റോളർ സ്കേറ്റിംഗുമായി നൂറു ബാലന്മാർ സ്വരാജ് റൗണ്ടിലൂടെ പറന്നു. വീൽച്ചെയറുകളിൽ ജീവിക്കുന്ന ഇരുന്നൂറോളം പേരാണ് സാന്താക്ലോസ് വേഷത്തിൽ പിറകെ പ്രത്യക്ഷപ്പെട്ടത്. മാലാഖ വേഷം ധരിച്ച ബാലികാ ബാലന്മാരും ഫാൻസി ഡ്രസ് വേഷധാരികളും നിരന്നു. ഇവർക്കു പിറകിലായാണ് സാന്താക്ലോസ് വേഷമണിഞ്ഞവർ ഫ്ളാഷ് മോബ് നൃത്തച്ചുവടുകളുമായി മുന്നേറിയത്.
ദീപാലംകൃതമായ മൂന്നു പ്രകാശ ലോറികളും
പുതുമയുള്ള 22 ഫ്ളോട്ടുകളും നിശ്ചല
ദൃശ്യങ്ങളും ചലിക്കുന്ന തീമുകളും ഘോഷയാത്രയെ വർണാഭമാക്കി. ഹാപ്പി ഡേയ്സ് നൈറ്റ് ഷോപ്പിംഗ് ഫെസ്റ്റിവലിനോടനുബന്ധിച്ച് ദീപാലംകൃതമായ നഗരത്തിൽ ഘോഷയാത്ര അവിസ്മരണീയ അനുഭവമായി. ജനപ്രതിനിധികളും മതമേലധ്യക്ഷരും പൗരപ്രമുഖരും ചേർന്നാണ് ഘോഷയാത്രയെ നയിച്ചത്. കരോൾ ഘോഷയാത്രയുടെ വിളംബരവുമായി വിശിഷ്ടാതിഥികൾ വെള്ളരി പ്രാവുകളെ പറത്തി.
മേയർ അജിത വിജയൻ ഫ്ളാഗ് ഓഫ് ചെയ്തു. കേന്ദ്രമന്ത്രി വി. മുരളീധരൻ ഉദ്ഘാടനം ചെയ്തു. ആർച്ച് ബിഷപ് മാർ ആൻഡ്രൂസ് താഴത്ത്, സഹായമെത്രാൻ മാർ ടോണി നീലങ്കാവിൽ, മാർ അപ്രേം മെത്രാപ്പോലീത്ത, മന്ത്രി വി.എസ്. സുനിൽകുമാർ, ചീഫ് വിപ്പ് കെ. രാജൻ, ടി.എൻ. പ്രതാപൻ എം.പി, അനിൽ അക്കര എം.എൽ.എ, എം.പി. വിൻസെന്റ്, ഫാ. ജോസ് പുന്നോലിപറമ്പിൽ, പാസ്റ്ററൽ കൗൺസിൽ സെക്രട്ടറി ഡോ. മേരി റെജീന, തിരുവമ്പാടി ദേവസ്വം സെക്രട്ടറി പ്രഫ. എം. മാധവൻകുട്ടി, ബി.ജെ.പി സംസ്ഥാന വൈസ് പ്രസിഡന്റ് എം.എസ്. സമ്പൂർണ, ജോജു മഞ്ഞില തുടങ്ങിയവർ ഉദ്ഘാടന യോഗത്തിൽ പങ്കെടുത്തു തൃശൂർ സെന്റ് തോമസ് കോളജ് കാമ്പസിൽ നിന്ന് വൈകിട്ട് അഞ്ചരയോടെ ആരംഭിച്ച ഘോഷയാത്ര രാത്രി എട്ടോടെയാണ് സമാപിച്ചത്.