പട്ടിക്കാട് ഗവ.എൽ പി സ്കൂളിലെ നിർമ്മാണം പൂർത്തിയാക്കിയ കെട്ടിട സമുച്ചയത്തിന്റെ ഉദ്ഘാടനം റവന്യൂ മന്ത്രി കെ രാജൻ നിർവ്വഹിച്ചു. പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിലൂടെ സംസ്ഥാനത്തെ പൊതു വിദ്യാഭ്യാസ രംഗത്ത് വലിയ പുരോഗതി കൈവരിക്കാനായെന്ന് മന്ത്രി പറഞ്ഞു. അടുത്ത അധ്യയന വർഷത്തിന് മുമ്പായി പട്ടിക്കാട് ഗവ.ഹയർ സെക്കന്ററി സ്കൂളിലെ 3 കോടിയുടെ കെട്ടിട നിർമ്മാണം ആരംഭിക്കും. പട്ടിക്കാട് എൽ പി, ഹൈസ്ക്കൂൾ, ഹയർ സെക്കന്ററിക്ക് ഒരുമിച്ച് ഉപയോഗിക്കാൻ കഴിയുന്ന ആധുനിക ഫുട്ബോൾ സ്റ്റേഡിയത്തിന്റെ നിർമ്മാണം മെയ് മാസത്തിൽ ആരംഭിക്കാൻ കഴിയുമെന്നും മന്ത്രി പറഞ്ഞു. പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി ഒരു കോടി രൂപ ചെലവഴിച്ചാണ് ആധുനിക കെട്ടിട സമുച്ചയം നിർമ്മിച്ചത്. ആറ് ക്ലാസ് റൂം, ടോയ്ലറ്റ് , വാഷിങ് ഏരിയാ ഹോൾ തുടങ്ങിയവ ഉൾക്കൊള്ളുന്ന രണ്ട് നില കെട്ടിടമാണ് നിർമ്മിച്ചിരിക്കുന്നത്. പാണഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി പി രവീന്ദ്രൻ അധ്യക്ഷനായി. ഒല്ലൂക്കര ബ്ലോക്ക് പ്രസിഡന്റ് കെ ആർ രവി, ജില്ലാ പഞ്ചായത്ത് മെമ്പർ കെ വി സജു, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ കെ വി അനിത തുടങ്ങിയവർ പങ്കെടുത്തു.
കൂടുതൽ വാർത്തകൾക്ക് Link Click ചെയ്യുക