
തൃശ്ശൂർ ജില്ലയുടെ കായിക കുതിപ്പിന് മാറ്റൂകൂട്ടാൻ പാണഞ്ചേരി ഗ്രാമപഞ്ചായത്തിൽ സ്റ്റേഡിയം ഒരുങ്ങുന്നു. പട്ടിക്കാട് ഗവ.ഹയർ സെക്കന്ററി സ്കൂളിന്റെ അധീനതയിലുള്ള സ്ഥലത്ത് സംസ്ഥാന കായിക വകുപ്പിന്റെ നേതൃത്വത്തിലാണ് സ്റ്റേഡിയം നിർമ്മിക്കുന്നത്. പഞ്ചായത്തിന്റെ സ്വപ്ന പദ്ധതിയായ സ്റ്റേഡിയം നിർമ്മാണത്തിന്റെ ടെണ്ടർ നടപടികൾ പൂർത്തിയായി. സ്റ്റേഡിയത്തിന്റെ നിർമ്മാണോദ്ഘാടനം നാളെ (ഡിസംബർ 2) ഉച്ചയ്ക്ക് 2 മണിക്ക് കായികമന്ത്രി വി അബ്ദുറഹിമാൻ നിർവഹിക്കും.

സംസ്ഥാന കായിക വകുപ്പിന്റെ മൂന്ന് കോടി രൂപ വിനിയോഗിച്ചാണ് സ്റ്റേഡിയം നിർമ്മിക്കുന്നത്. സ്റ്റേഡിയത്തിൽ ഇലവൻസ് മഡ് ഫുട്ബോൾ കോർട്ട്, ഓപ്പൺ ജിം, ഓഫീസ് ബിൽഡിംഗ്, ടോയിലറ്റ് ആന്റ് ചെയ്ഞ്ചിംഗ് റൂം എന്നിവ ഒരുക്കും. സ്പോർട്സ് കേരള ഫൗണ്ടേഷനാണ് നിർമ്മാണ ചുമതല.ഒരു പഞ്ചായത്തിൽ ഒരു കളിക്കളമെങ്കിലും വികസിപ്പിച്ച് ഗ്രാമീണജനതയുടെ കായിക ക്ഷമത ഉറപ്പുവരുത്താനുള്ള നടപടികളുടെ ഭാഗമായാണ് ഉന്നത നിലവാരത്തിലുള്ള ആധുനിക കളിക്കളങ്ങൾ ഒരുങ്ങുന്നത്. റവന്യൂ മന്ത്രി കെ രാജൻ അധ്യക്ഷത വഹിക്കും. ജില്ല പഞ്ചായത്ത് പ്രസിഡന്റ് പി കെ ഡേവിസ് മാസ്റ്റര്‍ മുഖ്യപ്രഭാഷണം നടത്തും. ഒല്ലൂക്കര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെആർ രവി, പാണഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പിപി രവീന്ദ്രൻ, വിദ്യാഭ്യാസ ഡെപ്യുട്ടി ഡയറക്ടർ ടിവി മദന മോഹനൻ, കായിക യുവജനകാര്യ വകുപ്പ് ഡയറക്ടർ എസ് പ്രേംകൃഷ്ണൻ , സ്പോർട്സ് കേരള ഫൗണ്ടേഷൻ ചീഫ് എൻജിനീയർ ബി ടി വി കൃഷ്ണൻ ,ജില്ലാ സ്പോർട്സ് കൗൺസിൽ പ്രസിഡന്റ് കെ ആർ സാംബശിവൻ തുടങ്ങിയവർ പങ്കെടുക്കും.