മണ്ണുത്തി- വടക്കഞ്ചേരി ദേശീയപാതയിൽ മുടിക്കോട്, കല്ലിടുക്ക്, വാണിയമ്പാറ എന്നിവിടങ്ങളിലെ അടിപ്പാതകളുടെ നിർമാണം 6 മാസത്തിനകം ആരംഭിക്കും; ടി.എൻ.പ്രതാപൻ എം പി
മണ്ണുത്തി- വടക്കഞ്ചേരി ദേശീയപാതയിൽ അടിപ്പാതകൾ സമയബന്ധിതമായി പൂർത്തിയാക്കുമെന്നു ടി.എൻ. പ്രതാപൻ എംപി പറഞ്ഞു. മുടിക്കോട്, കല്ലിടുക്ക്, വാണിയമ്പാറ എന്നിവിടങ്ങളിലെ അടിപ്പാതകളുടെ നിർമാണം 6 മാസത്തിനകം ആരംഭിക്കും. സർവീസ് റോഡുകൾ പൂർത്തിയാക്കാനും നടപടി സ്വീകരിക്കുമെന്ന് എംപി അറിയിച്ചു. ദേശീയപാത 544 വടക്കാഞ്ചേരി മുതൽ മണ്ണുത്തി വരെയുള്ള ദേശീയപാത 544 ലെ വിവിധയിടങ്ങളിലെ അടിപ്പാതകൾ സർവീസ് റോഡുകൾ ടോൾ പ്ലാസ അടക്കമുള്ള വിഷയങ്ങൾ ചർച്ച ചെയ്യുന്നതിന് ടി എൻ പ്രതാപൻ എംപി വിളിച്ചു ചേർത്ത യോഗത്തിൽ എൻഎച്ച് ഐ പ്രൊജക്റ്റ് ഡയറക്ടർ ബിപിൻ മധു അറിയിച്ചതാണിത് . പുതിയ അടിപ്പാതകളുടെ നിർമാണം സംബന്ധിച്ച വിവരങ്ങൾ ദേശീയപാത അതോറിറ്റി ഉപരിതല ഗതാഗത മന്ത്രാലയത്തിന് കൈമാറിയിട്ടുണ്ട്. നവംബർ മാസത്തിൽ ഇതിന്റെ നടപടികൾ പൂർത്തീകരിക്കുമെന്നു പ്രോജക്ട് ഡയറക്ടർ ബിപിൻ മധു പറഞ്ഞു. നിലവിലെ റോഡുകളിൽ 5.5 കിലോമീറ്റർ മാത്രമാണ് സർവീസ് റോഡുകൾ ഇല്ലാത്തത്. ഇതിൽ ഭൂമി ഏറ്റെടുക്കൽ ആവശ്യമില്ലാത്തിടങ്ങിലെ നിർമാണം ഉടൻ ആരംഭിക്കും.ഇതിനായി 30 കോടി രൂപ വകയിരുത്തിയിട്ടുണ്ട്.കെ.എം.സി. പ്രൊജക്റ്റ് മാനേജർ നിരഞ്ജൻ റെഡി, ഡിപി എം.കെ. അർജുൻ, അവലോകന സമിതി അംഗം കെ.സി. അഭിലാ ഷ്, സി.വി.ജോസ്, എം.എ. മൊയ്തീൻ കുട്ടി, സമരസമിതി പ്രതിനിധികൾ എന്നിവർ പങ്കെടുത്തു.