November 22, 2024

പാടത്തിറങ്ങി ഞാറുനട്ട് മന്ത്രിമാർ; ആവേശത്തോടെ കർഷകരും

Share this News

പാടത്തിറങ്ങി ഞാറുനട്ട് മന്ത്രിമാർ; ആവേശത്തോടെ കർഷകരും

മുണ്ടുമടക്കി തനിനാടൻ കർഷകരായി മന്ത്രിമാർ തന്നെ പാടത്തേയ്ക്കിറങ്ങിയപ്പോൾ കർഷകർക്കും അത് ഇരട്ടി ആവേശമായി. ഒല്ലൂക്കരയിൽ തുടരുന്ന ബ്ലോക്ക് തല കർഷക സമ്പർക്ക പരിപാടിയായ കൃഷിദർശന്റെ പ്രധാന ഇനങ്ങളിൽ ഒന്നായ കൃഷിയിട സന്ദർശനത്തിലാണ് കൃഷിമന്ത്രി പി പ്രസാദും റവന്യൂമന്ത്രി കെ രാജനും നാടൻ കർഷകരായി ചേറിലിറങ്ങിയത്. പാണഞ്ചേരി ഗ്രാമപഞ്ചായത്തിലെ എടപ്പലം കല്ലട വീട്ടിൽ രവിയുടെ പാടത്താണ് മന്ത്രിമാർ ഞാറ് നട്ടത്.

കോർപ്പറേഷൻ 21-ാം ഡിവിഷൻ നടത്തറ, കാക്കനായിൽ വീട്ടിൽ സിജോ ജോർജ്ജിൻ്റെ കൃഷിയിടത്തിലായിരുന്നു ആദ്യ സന്ദർശനം.
വാഴയിൽ തുടങ്ങി കൊള്ളി, മത്സ്യം തുടങ്ങി വിവിധ കൃഷികൾ ചെയ്ത് കാർഷിക മേഖലയിൽ കൈവരിച്ച വിജയമാണ് സിജോ ജോർജിന് മന്ത്രിയോട് പറയാനുണ്ടായിരുന്നത്. കോർപ്പറേഷൻ പരിധിയിലെ മൂന്ന് കർഷകരുടെ കൃഷിയിടങ്ങളും ഒല്ലൂക്കര ബ്ലോക്കിലെ നാല് ഗ്രാമപഞ്ചായത്തുകളിലെ ഓരോ കൃഷിയിടം വീതവും മന്ത്രിമാർ സന്ദർശിച്ചു. കർഷകരുടെ മനസ് അറിഞ്ഞ് അവരുടെ പ്രശ്നങ്ങൾ കേട്ട് പരിഹാരവും നിർദ്ദേശിച്ചാണ് മന്ത്രിമാർ കൃഷിയിടങ്ങളിൽ നിന്ന് മടങ്ങിയത്.കട്ടിലപൂവ്വം ബിനോയ് പറമ്പത്തിന്റെ കൃഷിയിടം സന്ദർശിച്ച മന്ത്രിമാർ മാടക്കത്തറ ഗ്രാമപഞ്ചായത്തിലെ ആദ്യത്തെ ഹൈബ്രിഡ് തെങ്ങിൻ തൈ നഴ്സറിയ്ക്കുള്ള ലൈസൻസ് നൽകുമെന്ന് അറിയിച്ചു. ഇതോടെ ജില്ലയിലെ ആദ്യത്തെ ഹൈബ്രിഡ് തെങ്ങിൻ തൈകൾ വിപണനം ചെയ്യുന്ന നഴ്സറിയാകും ഇത്. കേന്ദ്ര തോട്ടവിള ഗവേഷണ കേന്ദ്രത്തിന്റെ സഹായത്തോടെ മാടക്കത്തറ ഗ്രാമപഞ്ചായത്ത്, കൃഷിഭവൻ, കേരള വികസന ഏകോപന സമിതി എന്നിവർ സംയുക്തമായാണ് അത്യുൽപാദന ശേഷിയുള്ള ഹൈബ്രിഡ് തൈകൾ പോളിനേഷനിലൂടെ ഉൽപ്പാദിപ്പിക്കുന്നത്. ജില്ലയുടെ വിവിധ ഭാഗങ്ങളിലായി തെങ്ങിൽ തൈ വിതരണം തുടങ്ങിയതോടെ നിലവിൽ കൂടുതൽ വിപണന സാധ്യത മുന്നിൽ കാണുകയാണ് കർഷകർ. വേഗം കായ്ക്കുന്നതും ഗുണമേന്മയുള്ളതുമായ നാളികേരം ലഭിക്കുമെന്നതാണ് ഹൈബ്രിഡ് തെങ്ങിൻ തൈകളുടെ പ്രത്യേകത. പാണഞ്ചേരി ഗ്രാമപഞ്ചായത്തിൽ കേരഗ്രാമം അനുവദിക്കുമെന്നും പുതിയ സംഭരണ കേന്ദ്രം പഞ്ചായത്തിൽ അനുവദിക്കുമെന്നും കൃഷിമന്ത്രി പറഞ്ഞു.

വന്യമൃഗങ്ങളുടെ ശല്യം സംബന്ധിച്ച് കർഷകർ ഉന്നയിച്ച പരാതിയും മന്ത്രി കേട്ടു. പന്നി, മലയണ്ണാന്‍, മയില്‍ എന്നിവ കൃഷി നശിപ്പിക്കുന്നതായിരുന്നു പ്രധാന പരാതി. ഈ പ്രശ്നത്തിന് കൃഷിവകുപ്പിന് ചെയ്യാന്‍ പറ്റുന്ന കാര്യങ്ങള്‍ മന്ത്രി കർഷകരോട് പറഞ്ഞു. കൂടുതലായി എന്തെല്ലാം ചെയ്യാന്‍ കഴിയും എന്നത് സംബന്ധിച്ച് ആലോചിക്കും. ജൈവവേലി, സോളാര്‍ ഫെന്‍സിംഗ് തുടങ്ങി സാധ്യമായത് എന്തെല്ലാം ചെയ്യാം എന്നത് ആലോചിക്കുമെന്നും മന്ത്രി കർഷകർക്ക് ഉറപ്പു നൽകി.ഓരോ പഞ്ചായത്തിലെയും കൃഷിക്കൂട്ടങ്ങളുടെ കൃഷിയിടം, സംയോജിത കൃഷിയിടങ്ങള്‍, സ്‌കൂള്‍ കൃഷിയിടം, പൊതുസ്ഥല കൃഷിയിടങ്ങള്‍, നവീന കൃഷി സ്ഥലങ്ങള്‍, തരിശുനിലങ്ങള്‍, വീട്ടിലെ കൃഷി, മട്ടുപ്പാവുകൃഷി എന്നീ ഇടങ്ങളാണ് മന്ത്രിമാരുടെ നേതൃത്വത്തില്‍ സന്ദര്‍ശിച്ചത്. കൃഷി ഉദ്യോഗസ്ഥര്‍, കാര്‍ഷിക സര്‍വകലാശാല ശാസ്ത്രജ്ഞര്‍, കാര്‍ഷിക വിദ്യാര്‍ത്ഥികള്‍ എന്നിവരടങ്ങുന്ന ഒരു
ടെക്നിക്കല്‍ ടീമും സന്ദര്‍ശനത്തിന് ഉണ്ടായിരുന്നു.

കൃഷിദര്‍ശന്റെ ഭാഗമായി കഴിഞ്ഞ ദിവസം ഉദ്യോഗസ്ഥരുടെ വിവിധ സംഘങ്ങള്‍ കര്‍ഷകരുടെ കൃഷിയിടങ്ങളില്‍ സന്ദര്‍ശനം നടത്തി റിപ്പോര്‍ട്ട് അവതരിപ്പിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് മന്ത്രിമാര്‍ ഫീല്‍ഡ് സന്ദര്‍ശനം നടത്തിയത്. കര്‍ഷകരുടെ വിവിധ പ്രശ്നങ്ങള്‍, ആവശ്യങ്ങള്‍, കൃഷി സാധ്യതകള്‍, കൃഷിയിടാധിഷ്ഠിത ഫാം പ്ലാന്‍ തയ്യാറാക്കുന്നതിന്റെ സാധ്യതകള്‍ എന്നിവയെല്ലാം നേരിട്ട് മനസിലാക്കുന്നതിനാണ് മന്ത്രി കൃഷിയിടങ്ങളിലേക്ക് എത്തിയത്. കര്‍ഷകര്‍ അഭിമുഖീകരിക്കുന്ന പ്രശ്നങ്ങള്‍, അവരുടെ കൃഷി അനുഭവങ്ങള്‍, നിര്‍ദ്ദേശങ്ങള്‍ എന്നിവ കൃഷിയിടങ്ങളില്‍ നിന്ന് നേരിട്ട് മനസിലാക്കുകയായിരുന്നു സന്ദര്‍ശനത്തിലൂടെ ലക്ഷ്യമിട്ടത്. വിളയിടത്തില്‍ നിന്ന് ശേഖരിച്ച വിവരങ്ങള്‍ വിശകലനം ചെയ്ത് വിശദമായ റിപ്പോര്‍ട്ട് തയ്യാറാക്കിയിട്ടുണ്ട്.പി ബാലചന്ദ്രൻ എംഎൽഎ, ഡെപ്യൂട്ടി മേയർ രാജശ്രീ ഗോപാൻ, ഒല്ലൂക്കര ബ്ലോക്ക് പ്രസിഡൻ്റ് കെ ആർ രവി, കൃഷി ഡയറക്ടര്‍ ടി വി സുഭാഷ്, കൃഷി സെക്രട്ടറി ഡോ.ബി അശോക്, കൃഷി ഡയറക്ടര്‍ ടിവി സുഭാഷ്, കൃഷി അഡീഷണല്‍ ഡയറക്ടര്‍മാരായ ജോര്‍ജ്ജ് അലക്‌സാണ്ടര്‍, സുനില്‍ കുമാര്‍, ജോര്‍ജ്ജ് സെബാസ്റ്റിന്‍, ശ്രീരേഖ,തദ്ദേശ സ്വയംഭരണ സ്ഥാപന പ്രതിനിധികൾ, കൃഷി ഉദ്യോഗസ്ഥർ തുടങ്ങിയവർ മന്ത്രിക്കൊപ്പം ക്യഷിയിടങ്ങൾ സന്ദർശിച്ചു.

പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക👇

https://chat.whatsapp.com/FkGu4SxRJYaJgASGtuZQPb

error: Content is protected !!