November 22, 2024

നമ്മുടെ മാലിന്യം നമ്മുടെ മാത്രം ഉത്തരവാദിത്വമാണെന്ന പൊതുബോധം വേണം; മന്ത്രി കെ രാജന്‍

Share this News

നമ്മുടെ മാലിന്യം നമ്മുടെ മാത്രം ഉത്തരവാദിത്വമാണെന്ന പൊതുബോധം വേണം; മന്ത്രി കെ രാജന്‍

നമ്മുടെ മാലിന്യം നമ്മുടെ മാത്രം ഉത്തരവാദിത്വമാണെന്ന പൊതുബോധം സമൂഹത്തിനുണ്ടാകണമെന്ന് റവന്യൂമന്ത്രി കെ രാജന്‍. മാലിന്യമില്ലാത്തൊരു നാട് സൃഷ്ടിക്കുക എന്ന വലിയ ദൗത്യം ഹരിതകര്‍മ്മസേന മാത്രം നേതൃത്വം നല്‍കിയത് കൊണ്ട് പൂര്‍ണമാകില്ല. എന്റെ മാലിന്യം എന്റെ ഉത്തരവാദിത്തമാണെന്ന തലത്തിലേയ്ക്ക് പൊതുസമൂഹം ഒന്നാകെ മാറേണ്ടതുണ്ടെന്നും മന്ത്രി ഓര്‍മ്മിപ്പിച്ചു. ഹരിതകര്‍മ്മസേന സംഗമം ജില്ലാതല ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.

വൃത്തിയുള്ള കേരളം സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെയാണ് ശുചിത്വമിഷന്റെയും ഹരിത കേരളം മിഷന്റെയും കുടുംബശ്രീയുടെയും മേല്‍നോട്ടത്തില്‍ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളില്‍ ഹരിതകര്‍മ്മസേന പ്രവര്‍ത്തനം ആരംഭിച്ചിട്ടുള്ളത്. ശുചിത്വസങ്കല്‍പ്പത്തിലേയ്ക്ക് നാടിനെ നയിക്കുന്ന പ്രവര്‍ത്തനത്തില്‍ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ സൈന്യമായി പ്രവര്‍ത്തിക്കുന്നവരാണ് ഹരിതകര്‍മ്മസേനയെന്നും മന്ത്രി പറഞ്ഞു.

സംസ്ഥാനം ഇന്ന് അഭിമുഖീകരിക്കുന്ന പ്രധാന പ്രശ്നങ്ങളില്‍ ഒന്നാണ് മാലിന്യം. നമ്മുടെ വീടുകളിലും സ്ഥാപനങ്ങളിലുമുണ്ടാകുന്ന മാലിന്യം ശാസ്ത്രീയമായി സംസ്‌കരിക്കാന്‍ സഹായിക്കുന്നതില്‍ ഹരിതകര്‍മ്മസേനാംഗങ്ങളുടെ പങ്ക് വലുതാണ്. നാടിനെ വൃത്തിയുള്ളതാക്കാന്‍
പ്രവര്‍ത്തനങ്ങള്‍ക്കൊപ്പം തന്നെ ബോധവല്‍ക്കരണത്തിന്റെ ആവശ്യകതയും മന്ത്രി സൂചിപ്പിച്ചു. നൂതന സാങ്കേതികവിദ്യയുടെ കൂടി പിന്‍ബലത്തോടെ മാലിന്യ സംസ്‌കരണ പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമാക്കാനുള്ള ഇടപെടലുകള്‍ പുരോഗമിക്കുകയാണെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു. മാലിന്യ സംസ്‌കരണത്തില്‍ മികച്ച പ്രവര്‍ത്തനം കാഴ്ചവെച്ച തദ്ദേശ സ്ഥാപനങ്ങളെ മൊമന്റോ നല്‍കി മന്ത്രി ആദരിച്ചു. കുന്നംകുളം, ഇരിങ്ങാലക്കുട നഗരസഭകളും മേലൂര്‍, കാട്ടൂര്‍, കൊരട്ടി പഞ്ചായത്തുകളും ആദരം ഏറ്റുവാങ്ങി. ജില്ലയിലെ ഹരിതകര്‍മ്മസേന പ്രവര്‍ത്തനങ്ങള്‍ വിശകലനം ചെയ്യുന്നതിനും
സേനാംഗങ്ങളുടെ പ്രശ്നങ്ങളും ആശങ്കകളും പങ്കുവെയ്ക്കുന്നതിനുമാണ് സംഗമം സംഘടിപ്പിച്ചത്. മികച്ച രീതിയില്‍ പ്രവര്‍ത്തിക്കുന്ന സംരംഭങ്ങളുടെ
മാതൃകാപരമായ പ്രവര്‍ത്തനങ്ങളും ചടങ്ങില്‍ അവതരിപ്പിച്ചു.

മുതുവറ, കെആര്‍ നാരായണന്‍ മെമ്മോറിയല്‍ ഹാളില്‍ നടന്ന ചടങ്ങില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി കെ ഡേവിസ് മാസ്റ്റര്‍ അധ്യക്ഷത വഹിച്ചു. ഡിസ്ട്രിക് ഡെവലപ്പ്മെന്റ് കമ്മീഷണര്‍ ശിഖ സുരേന്ദ്രന്‍ മുഖ്യപ്രഭാഷണം നടത്തി. ജില്ലാ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ എ വി വല്ലഭന്‍, ജില്ല പഞ്ചായത്ത് അംഗം ലിനി, പുഴയ്ക്കല്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആനി ജോസ്, അടാട്ട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സിമി അജിത്ത് കുമാര്‍, പുഴയ്ക്കല്‍ ബ്ലോക്ക് അംഗം ജ്യോതി ജോസഫ്, സംസ്ഥാന ശുചിത്വ മിഷന്‍ ഡെപ്യൂട്ടി ഡെവലപ്പ്മെന്റ് കമ്മീഷണര്‍ ആന്റ് പ്രോഗ്രാം ഓഫീസര്‍ ബിജിത്ത് ബിഎല്‍, തദ്ദേശ സ്വയംഭരണ വകുപ്പ് ജോയിന്റ് ഡയറക്ടര്‍ ബെന്നി ജോസഫ്, കുടുംബശ്രീ ജില്ലാ മിഷന്‍ കോ-ഓര്‍ഡിനേറ്റര്‍ നിര്‍മ്മല്‍ എസ് സി, നവകേരളം കര്‍മ്മ പദ്ധതി ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ രഞ്ജിനി എസ് തുടങ്ങിയവര്‍ പങ്കെടുത്തു.

പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിന് താഴെ Click ചെയ്യുക👇

https://chat.whatsapp.com/FkGu4SxRJYaJgASGtuZQPb

error: Content is protected !!