മാനസികാരോഗ്യം ഉറപ്പാക്കാൻ ടെലിമനസ്: മന്ത്രി വീണാ ജോർജ് ഉദ്ഘാടനം ചെയ്തു
മാനസിക പ്രശ്നങ്ങൾക്കും വിഷമതകൾക്കും ബന്ധപ്പെട്ട സംശയ നിവാരണത്തിനും, ടെലി കൗൺസിലിംഗ് ഉൾപ്പടെയുള്ള മാനസികാരോഗ്യ സേവനങ്ങൾ ലഭ്യമാകുന്നതിനുമുള്ള ടെലി മനസിന്റെ ഉദ്ഘാടനം ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് നിർവഹിച്ചു. സംസ്ഥാന ആരോഗ്യ വകുപ്പ് വളരെയേറെ പ്രാധാന്യത്തോടെയാണ് മാനസികാരോഗ്യ മേഖലയെ കാണുന്നതെന്ന് മന്ത്രി വീണാ ജോർജ് പറഞ്ഞു. വ്യക്തികൾക്കുണ്ടാകുന്ന മാനസിക വിഷമതകൾ, അത് അതിജീവിക്കുന്നതിനുള്ള മാർഗനിർദേശങ്ങൾ എന്നിവയ്ക്കായാണ് ടെലി മനസ് ഏർപ്പെടുത്തിയിരിക്കുന്നത്. വൈകാരിക പ്രശ്നങ്ങൾ, പെരുമാറ്റ പ്രശ്നങ്ങൾ, ആത്മഹത്യാ പ്രവണത, ലഹരി വിമോചന ചികിത്സയുമായി ബന്ധപെട്ട സംശയങ്ങൾ, മാനസിക വിഷമതകൾ, മാനസികാരോഗ്യ ചികിത്സയുമായി ബന്ധപെട്ട സംശയങ്ങൾ, ചികിത്സ ലഭ്യമാകുന്ന സ്ഥലങ്ങളെ കുറിച്ചുള്ള വിവരങ്ങൾ എന്നിവയ്ക്കെല്ലാം ടെലി മനസ് സേവനം പ്രയോജനപ്പെടുത്താമെന്നും മന്ത്രി വ്യക്തമാക്കി.
നവംബർ ഒന്ന് മുതൽ 24 മണിക്കൂറും ടെലിമനസ് സേവനം ലഭ്യമാകും. ടെലി മനസ് സേവനങ്ങൾക്കായി 20 കൗൺസിലർമാരെയും സൈക്യാട്രിസ്റ്റ് ഉൾപ്പടെയുള്ള മാനസികാരോഗ്യ പ്രവർത്തകരെയും നിയോഗിക്കും. ആദ്യ ഘട്ടമെന്ന നിലയിൽ 5 കൗൺസിലർമാരയാണ് നിയമിച്ചിട്ടുള്ളത്. കോളുകൾ കൂടുന്ന മുറയ്ക്ക് 20 കൗൺസിലർമാരെയും നിയോഗിക്കും. കൂടാതെ മാനസികാരോഗ്യ പരിപാടി വഴി എല്ലാ ജില്ലകളിലും ആവശ്യമെങ്കിൽ നേരിട്ടുളള സേവനങ്ങൾ നൽകുന്നതിനായിട്ടുള്ള സംവിധാനവും ഉൾപ്പെടുത്തിയിട്ടുണ്ട്.ആരോഗ്യ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ ഡോ. കെ.എസ്. ഷിനു, മാനസികാരോഗ്യ വിഭാഗം സ്റ്റേറ്റ് നോഡൽ ഓഫീസർ ഡോ. പി.എസ്. കിരൺ, ജില്ലാ പ്രോഗ്രാം മാനേജർ ഡോ. ആശ വിജയൻ എന്നിവർ പങ്കെടുത്തു.