
പീച്ചി കനാലിനെ ആശ്രയിച്ച് കൃഷി ചെയ്യുന്നതിന് മാസ്റ്റർ പ്ലാൻ തയ്യാറാക്കുമെന്ന് റവന്യൂമന്ത്രി കെ രാജൻ
പീച്ചി കനാൽ ഈ മാസം 21ന് തുറക്കും
പീച്ചി കനാലിനെ ആശ്രയിച്ച് കൃഷി ചെയ്യുന്നതിന് മാസ്റ്റർ പ്ലാൻ തയ്യാറാക്കുമെന്ന് റവന്യൂമന്ത്രി കെ രാജൻ. പീച്ചി പ്രോജക്ട് അഡ്വൈസറി കമ്മിറ്റി യോഗത്തിൽ സംസാരിക്കുകയായിരുന്നു മന്ത്രി. കാർഷിക മേഖലയിലെ ഉൽപ്പാദനം വർധിപ്പിക്കുകയാണ് സർക്കാർ ലക്ഷ്യം. അതിന് ആവശ്യമായ ജലലഭ്യത ഉറപ്പാക്കണം. തരിശ് രഹിത ഭൂമി എന്ന ലക്ഷ്യം യാഥാർത്ഥ്യമാക്കുന്നതിനൊപ്പം തന്നെ കൃഷിക്ക് ആവശ്യമായ ജലം ഉറപ്പാക്കുന്നതിന് വേണ്ട മാസ്റ്റർ പ്ലാൻ തയ്യാറാക്കണമെന്നും മന്ത്രി പറഞ്ഞു.
കാലാവസ്ഥാ വ്യതിയാനത്തിന്റെ പശ്ചാത്തലത്തിൽ ഈ മാസം 21ന് പീച്ചി കനാൽ തുറക്കാനും യോഗത്തിൽ തീരുമാനമായി. കനാലിൽ നിന്ന് വെള്ളം തുറന്ന് വീടുന്നതിന് ആവശ്യമായ നടപടികൾ യോഗത്തിൽ തീരുമാനിച്ചു. എല്ലാ വർഷവും നവംബർ മാസം അവസാനമാണ് പീച്ചി കനാൽ തുറന്നിരുന്നത്. എന്നാൽ കാലാവസ്ഥാ വ്യതിയാനത്തിന്റെയും കൂടുതൽ സ്ഥലങ്ങളിലേയ്ക്ക് കൃഷി വ്യാപിച്ചതിന്റെ അടിസ്ഥാനത്തിലും ജലലഭ്യത ഉറപ്പാക്കണമെന്ന
പാടശേഖര സമിതിയുടെയും കർഷകരുടെയും ആവശ്യം പരിഗണിച്ചാണ് കനാൽ നേരത്തെ തുറക്കുന്നത്. അതിന് മുൻപ് കനാലുകളുടെ അറ്റക്കുറ്റപ്പണികൾ ജലസേചന വകുപ്പിന്റെയും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെയും സംയുക്ത സഹകരണത്തോടെ പൂർത്തിയാക്കാനും മന്ത്രി നിർദ്ദേശിച്ചു.
ചിമ്മിനി ഡാമിനെ മാത്രം ആശ്രയിച്ച് കൃഷി ചെയ്യുന്ന രീതി മാറിയിട്ടുണ്ട്. കൃഷി, കുടിവെള്ളം തുടങ്ങിയ വിവിധ ആവശ്യങ്ങൾക്കായി പീച്ചി കനാലിനെ ആശ്രയിക്കുന്ന സാഹചര്യമാണുള്ളതെന്നും മന്ത്രി പറഞ്ഞു.
ഇറിഗേഷൻ എക്സിക്യൂട്ടിവ് എൻജിനീയറുടെ ഓഫീസിൽ ചേർന്ന യോഗത്തിൽ ഇറിഗേഷൻ എക്സിക്യൂട്ടിവ് എൻജിനീയർ ടി കെ ജയരാജ്, പേഴ്സണൽ അസിസ്റ്റന്റ് എക്സിക്യൂട്ടിവ് എൻജിനീയർ കെ ജി ഗിലത, തദ്ദേശ സ്വയംഭരണ സ്ഥാപന പ്രതിനിധികൾ, കൃഷി ഉദ്യോഗസ്ഥർ,
പാടശേഖര സമിതി പ്രതിനിധികൾ, കൃഷി കമ്മിറ്റി അംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു.
പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ ക്ലിക്ക് ചെയ്യുക 👇🏻
https://chat.whatsapp.com/BmrXOLQiqgWJQxh0yrbeWC
