
ദേശീയപാതയിലെ ഗതാഗതക്കുരുക്ക്: തൃശ്ശൂർ ജില്ലാ കളക്ടറർ അർജുൻ പാണ്ഡ്യൻ്റെ നേതൃത്വത്തിലുള്ള സമിതി പരിശോധന നടത്തി
ദേശീയപാതയിലെ ഗതാഗതക്കുരുക്ക് പരിഹരിക്കുന്നതിനായി ഹൈക്കോടതി ഉത്തരവിനെത്തുടർന്ന് ജില്ലാ കളക്ടർ അർജുൻ പാണ്ഡ്യൻ അധ്യക്ഷനായി ഗതാഗത മാനേജ്‌മെന്റ് കമ്മിറ്റി രൂപീകരിച്ചു. ആർ.ടി.ഒ., പോലീസ് ഉദ്യോഗസ്ഥർ എന്നിവർ കമ്മിറ്റിയിൽ അംഗങ്ങളാണ്. ദേശീയപാതയിലെ റോഡ് നിർമ്മാണ പ്രവർത്തനങ്ങൾ വിലയിരുത്തുന്നതിനായി കളക്ടറുടെ നേതൃത്വത്തിൽ കമ്മിറ്റി അംഗങ്ങൾ അമ്പല്ലൂർ, മുരിങ്ങൂർ എന്നിവിടങ്ങളിൽ സന്ദർശനം നടത്തി.
നിർമ്മാണ പ്രവർത്തനങ്ങൾ മന്ദഗതിയിലാണെന്ന് കണ്ടെത്തിയ ജില്ലാ കളക്ടർ അർജുൻ പാണ്ഡ്യൻ, സർവീസ് റോഡുകളുടെ പണി വേഗത്തിലാക്കാൻ ദേശീയപാത അതോറിറ്റിക്ക് (എൻ.എച്ച്.എ.ഐ.) കർശന നിർദേശം നൽകി. ആമ്പല്ലൂരിൽ വെളിച്ചക്കുറവ് കാരണം സുരക്ഷാ വീഴ്ചയുണ്ടായത് ഉടൻ പരിഹരിക്കണമെന്നും നിർദേശിച്ചു. മുരിങ്ങൂരിൽ ഓട നിർമ്മാണത്തിലെ അപാകതകൾ മൂലം വെള്ളക്കെട്ട് ഉണ്ടാകുന്നുണ്ടെന്ന നാട്ടുകാരുടെ പരാതിയും പരിഹരിക്കാൻ നിർദേശം നൽകിയിട്ടുണ്ട്.
ദേശീയപാതയിലെ ഗതാഗതക്കുരുക്ക് വിഷയത്തിൽ ജനങ്ങളുടെ ബുദ്ധിമുട്ട് മനസ്സിലാക്കി ജില്ലാ ഭരണകൂടം ശക്തമായ നിലപാടാണ് സ്വീകരിച്ചിട്ടുള്ളതെന്ന് കളക്ടർ അറിയിച്ചു. ഇതിനുമുമ്പ് വിവിധ യോഗങ്ങളും സന്ദർശനങ്ങളും നടത്തുകയും അത് പാലിക്കാതെ വന്നപ്പോൾ മുന്നറിയിപ്പ് എന്ന നിലയിൽ ഏപ്രിൽ മാസത്തിൽ ടോൾ പിരിവ് നിർത്തിവച്ചിരുന്നു. ഇതിന് തുടർച്ചയായി, വിവിധ ഹർജികളുടെ ഭാഗമായി ഹൈക്കോടതിക്ക് സമർപ്പിച്ച റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിലാണ് പാലിയേക്കരയിലെ ടോൾ പിരിവ് നാല് ആഴ്ചത്തേക്ക് ഹൈക്കോടതി നിർത്തിവച്ചത്. ഈ ഉത്തരവ് സുപ്രീം കോടതിയും ശരിവെച്ചിരുന്നു.
ഹൈക്കോടതി നിർദേശത്തിന്റെ അടിസ്ഥാനത്തിൽ അടുത്തയാഴ്ച മുതൽ പകൽ സമയത്തും തിരക്കേറിയ സമയങ്ങളിലും ദേശീയപാതയിൽ ഭാരവാഹനങ്ങൾക്ക് ഗതാഗത നിയന്ത്രണം ഏർപ്പെടുത്തും. എൻ.എച്ച്.എ.ഐ, പോലീസ്, ആർ.ടി.ഒ. എന്നിവരെ ഇതിന് ചുമതലപ്പെടുത്തിയിട്ടുണ്ട്. അതിനു മുന്നോടിയായി ഒരു ട്രയൽ റൺ നടത്തും. ഗതാഗതം വഴിതിരിച്ചുവിടുന്നത് സംബന്ധിച്ച് ബോർഡുകൾ സ്ഥാപിക്കാനും അറിയിപ്പുകൾ പൊതുജനങ്ങൾക്ക് നൽകാനും നിർദേശിച്ചു.
ആമ്പല്ലൂരിലെ സന്ദർശനത്തിൽ കെ.കെ. രാമചന്ദ്രൻ എം.എൽ.എ., ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.എസ്. പ്രിൻസ്, റൂറൽ എസ്.പി. ബി. കൃഷ്ണകുമാർ, സബ് കളക്ടർ അഖിൽ വി. മേനോൻ, ദുരന്ത നിവാരണ വിഭാഗം ഡെപ്യൂട്ടി കളക്ടർ ജി.കെ. പ്രദീപ്, ആർ.ടി.ഒ. അനന്തകൃഷ്ണൻ ജി., മോട്ടോർ വെഹിക്കിൾസ് ഇൻസ്‌പെക്ടർ കെ. അശോക് കുമാർ എന്നിവർ പങ്കെടുത്തു. മുരിങ്ങൂരിൽ സനീഷ് കുമാർ ജോസഫ് എം.എൽ.എയും ഉദ്യോഗസ്ഥരോടൊപ്പം സന്ദർശനത്തിൽ പങ്കെടുത്തു.
പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക👇
https://chat.whatsapp.com/FkGu4SxRJYaJgASGtuZQPb?mode=ac_t
