
തൃശ്ശൂരിൽ 25 അടി താഴ്ചയിലേക്കു പശു വീണു; അഗ്നിരക്ഷാസേനാഗങ്ങളുടെ 8 മണിക്കൂർ രക്ഷാപ്രവർത്തനത്തിനൊടുവിൽ പുനർജന്മം
25 അടി ആഴമുള്ള ഇടുങ്ങിയ കുഴിയിൽ വീണ പശുവിന്റെ ജീവൻ അഗ്നിരക്ഷാസേന തിരിച്ചുപിടിച്ചത് 20 അംഗസംഘത്തിന്റെ എട്ടുമണിക്കൂർ കഠിനാധ്വാനത്തിലൂടെ. ഭക്ഷണം മാത്രമല്ല, പ്രാണവായുവും ഇടവേളകളിൽ നൽകിയാണ് പശുവിന്റെ ജീവൻ നിലനിർത്തിയത്. പുറത്തെത്തിച്ചപ്പോൾ കൊമ്പിനേറ്റ പരിക്കുമാത്രം. വെപ്രാളം മാറി പശു വെള്ളം കുടിക്കാനും പുല്ല് തിന്നാനും ആരംഭിച്ചപ്പോൾ രക്ഷാപ്രവർത്തകർക്ക് ആശ്വാസം.തൃശ്ശൂർ മിഷൻ ക്വാർട്ടേഴ്സ് സിഎസ്‌ഐ പള്ളി ഭൂമിയിലെ ഉപയോഗശൂന്യമായ സെപ്റ്റിക് ടാങ്കിലാണ് ഇവരുടെത്തന്നെ പശു വീണത്. വ്യാഴാഴ്ച രാവിലെ ഏഴുമണിയോടെയായിരുന്നു സംഭവം. മൂടിയിരുന്ന സ്ലാബ് പൊട്ടി പശു ഉള്ളിൽ വീഴുകയായിരുന്നു. ചെങ്കൽപ്പാറയിൽ വെട്ടിയിറക്കിയുണ്ടാക്കിയ കുഴിയായിരുന്നു ഇത്. മൂന്നരഅടി വീതിയും അഞ്ചടിയോളം നീളവും മാത്രമുള്ള കുഴിയിൽ പശുവിന് നിവർന്നുനിൽക്കാൻപോലും സാധിച്ചിരുന്നില്ല. കുഴിയിലുണ്ടായിരുന്ന വെള്ളം മോട്ടോർ ഉപയോഗിച്ച് വറ്റിക്കേണ്ടിവന്നു.
എട്ടുമണിയോടെ എത്തിയ അഗ്നിരക്ഷാസേന ഇതിനെ ഉയർത്തി പുറത്തെടുക്കാനാണ് ആദ്യം ശ്രമിച്ചത്. ഇടുങ്ങിയ കുഴിയായതിനാൽ ക്രെയിൻ കൊണ്ടുവന്നിട്ടും സാധിച്ചില്ല. വായു കിട്ടാതെ ബുദ്ധിമുട്ടിയ പശുവിന് അരമണിക്കൂർ ഇടവേളകളിൽ ഓക്സിജൻ നൽകി. കാലിത്തീറ്റയും കൊടുത്തു. ഉയർത്തി കയറ്റാൻ കഴിയാതായതോടെ കുഴി ജെസിബി ഉപയോഗിച്ച് ഇടിക്കുകയായിരുന്നു. കുറച്ച് ഇടിച്ചശേഷം അഗ്നിരക്ഷാസേന ഉപയോഗിക്കുന്ന പൈപ്പിൽ ഇതിനെ ഉയർത്തി കയറ്റി.300 കിലോയോളം ഭാരം പശുവിനുണ്ടായിരുന്നതിനാൽ പുറത്തെത്തിക്കാൻ കഠിനാധ്വാനം വേണ്ടിവന്നു.കൗൺസിലർ സിന്ധു ആന്റോ ചാക്കോള അടക്കമുള്ളവർ രക്ഷാപ്രവർത്തനത്തിനു മുൻനിരയിൽ ഉണ്ടായിരുന്നു. സ്റ്റേഷൻ ഓഫീസർ ബി. വൈശാഖ്, അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ ടി. അനിൽകുമാർ, ഗ്രേഡ് അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ ടി.ജി. ഷാജൻ, സീനിയർ ഫയർ ആൻഡ് റെസ്‌ക്യൂ ഓഫീസർ പി.കെ. രഞ്ജിത്ത്, സീനിയർ ഫയർ ആൻഡ് റെസ്‌ക്യൂ ഓഫീസർ-ഡ്രൈവർ കെ.എൽ. എഡ്വേർഡ്, ഫയർ ആൻഡ് റെസ്‌ക്യൂ ഓഫീസർ-ഡ്രൈവർ പി.കെ. പ്രതീഷ്, കെ.എസ്. സുബൈർ, കൃഷ്ണപ്രസാദ്, കെ. പ്രകാശൻ, സി.എസ്. കൃഷ്ണപ്രസാദ്, പി.എം. മഹേഷ്, ആർ. രാകേഷ്, അനീഷ്, ആൽബിൻ എന്നിവരാണ് അഗ്നിരക്ഷാസേനയുടെ സംഘത്തിൽ ഉണ്ടായിരുന്നത്.
പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക👇
https://chat.whatsapp.com/DmvcPVfhYkCF4qbZy7W82u

