January 29, 2026

പ്രേംനസീറിന്റെ മകനും നടനുമായ ഷാനവാസ് അന്തരിച്ചു

Share this News

നിത്യഹരിത നായകൻ പ്രേംനസീറിന്റെ മകനും നടനുമായ ഷാനവാസ് (70) അന്തരിച്ചു. തിങ്കളാഴ്ച രാത്രി 11.50ഓടെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. വഴുതക്കാട് കോർഡോൺ ട്രിനിറ്റി 2 ബിയിൽ ആയിരുന്നു താമസം. 4 വർഷമായി വൃക്ക–ഹൃദയ സംബന്ധമായ രോഗങ്ങൾക്കു ചികിത്സയിലായിരുന്നു. തിങ്കളാഴ്ച രാത്രിയോടെ രോഗം വഷളായതിനെത്തുടർന്ന് ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു.സംസ്കാരം ചൊവ്വാഴ്ച 5ന് പാളയം മുസ്‌ലിം ജമാഅത്ത് ഖബർസ്ഥാനിൽ. ഭാര്യ: അയിഷ അബ്ദുൽ അസീസ്. മക്കൾ: അജിത് ഖാൻ, ഷമീർഖാൻ. മരുമകൾ: ഹന.

നടൻ പ്രേംനസീറിന്റെയും ഭാര്യ ഹബീബ ബീവിയുടെയും മകനായി തിരുവനന്തപുരത്തായിരുന്നു ഷാനവാസ് ജനിച്ചത്. ചിറയിൻകീഴ് ഇംഗ്ലിഷ് മീഡിയം സ്‌കൂൾ, മോണ്ട്‌ഫോർട്ട് സ്‌കൂൾ, യേർക്കാട് എന്നിവിടങ്ങളിൽ നിന്ന് പ്രാഥമിക വിദ്യാഭ്യാസം പൂർത്തിയാക്കി. ചെന്നൈ ന്യൂ കോളജിൽനിന്ന് ഇംഗ്ലിഷ് സാഹിത്യത്തിൽ മാ‌സ്റ്റേഴ്‌സ് ബിരുദം നേടി. 1981ൽ ബാലചന്ദ്രമേനോൻ സംവിധാനം ചെയ്ത പ്രേമഗീതങ്ങൾ എന്ന ചിത്രത്തിലൂടെയാണ് ഷാനവാസ് സിനിമയിലേക്ക് എത്തിയത്. മഴനിലാവ്, ഈയുഗം, മണിയറ, നീലഗിരി, ഗർഭശ്രീമാൻ, സക്കറിയയുടെ ഗർഭിണികൾ തുടങ്ങിയ ഒട്ടേറെ പ്രമുഖ ചിത്രങ്ങളിൽ വേഷമിട്ടു. തമിഴിലും മലയാളത്തിലുമായി അൻപതിലധികം ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. ചെറിയ ഇടവേളയ്ക്ക് ശേഷം 2011ൽ ചൈനാ ടൗൺ എന്ന ചിത്രത്തിലൂടെ സിനിമയിലേക്ക് മടങ്ങിയെത്തി. പൃഥ്വിരാജ് ചിത്രം ‘ജനഗണമന’യിലാണ് ഒടുവില്‍ വേഷമിട്ടത്. ശംഖുമുഖം, വെളുത്ത കത്രീന, കടമറ്റത്തു കത്തനാർ, സത്യമേവ ജയതേ തുടങ്ങിയ സീരിയലുകളിലും വേഷമിട്ടു.

പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക👇

https://chat.whatsapp.com/DmvcPVfhYkCF4qbZy7W82u

error: Content is protected !!