January 27, 2026

ഒല്ലൂർ മണ്ഡലത്തിലെ വനമേഖലയിൽ 4 വർഷത്തിനിടെ നൽകിയത് 2261 പട്ടയം;  റവന്യൂ മന്ത്രി രാജൻ

Share this News
ഒല്ലൂർ നിയോജക മണ്ഡലം മലയോര പട്ടയ മേള ഉദ്ഘാടനം റവന്യൂ മന്ത്രി അഡ്വ. കെ രാജൻ നിർവഹിച്ചു

ഒല്ലൂർ നിയോജക മണ്ഡലം മലയോര പട്ടയ മേള ഉദ്ഘാടനം റവന്യൂ, ഭവന നിർമ്മാണ വകുപ്പ് മന്ത്രി അഡ്വ. കെ രാജൻ നിർവഹിച്ചു. പുത്തൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മിനി ഉണ്ണികൃഷ്ണൻ അധ്യക്ഷത വഹിച്ചു. പാണഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി. പി രവീന്ദ്രൻ, മാടക്കത്തറ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഇന്ദിര മോഹനൻ തുടങ്ങിയവർ മുഖ്യാതിഥികളായി.

നാല് വർഷങ്ങൾക്കുള്ളിൽ സംസ്ഥാനത്ത് രണ്ടേകാൽ ലക്ഷം പട്ടയങ്ങൾ വിതരണം ചെയ്തതായി മന്ത്രി ഉദ്ഘാടന പ്രസംഗത്തിൽ പറഞ്ഞു. 2011-2016 കാലയളവിൽ ഒല്ലൂർ നിയോജക മണ്ഡലത്തിൽ 18 പട്ടയങ്ങൾ വിതരണം ചെയ്ത സ്ഥാനത്ത് 2021 മുതലുള്ള കാലയളവിൽ ഒല്ലൂർ നിയോജക മണ്ഡലത്തിലെ വന മേഖലയിൽ മാത്രം 2261 പട്ടയങ്ങൾ വിതരണം ചെയ്യാനായതായി മന്ത്രി കൂട്ടിച്ചേർത്തു.

ഈ സർക്കാർ അധികാരം ഒഴിയുന്നതിന് മുൻപ് 5,00,000 പട്ടയങ്ങൾ വിതരണം ചെയ്യുക എന്ന ലക്ഷ്യത്തിലേക്ക് ഡിജിറ്റൽ റീ സർവെ നടപടികൾ അടക്കം വിവിധ പ്രവർത്തനങ്ങൾ നടക്കുകയാണെന്ന് മന്ത്രി പറഞ്ഞു.

എല്ലാവർക്കും ഭൂമി, എല്ലാ ഭൂമിക്കും രേഖ, എല്ലാ സേവനങ്ങളും സ്‌മാർട്ട് എന്ന പ്രഖ്യാപിത ലക്ഷ്യത്തിലേക്കുള്ള യാത്രയിൽ റവന്യൂ വകുപ്പ് ബഹുദൂരം മുന്നോട്ട് പോയിട്ടുണ്ട്. തൃശ്ശൂർ ജില്ലയിൽ കാലപ്പഴക്കം കൊണ്ടും നിയമപരമായ പ്രശ്‌നങ്ങൾ കൊണ്ടും സങ്കീർണ്ണത നിറഞ്ഞതായിരുന്നു വനഭൂമി പട്ടയ പ്രശ്‌നങ്ങൾ. മലയോര മേഖലയിലെ ജനങ്ങളുടെ പട്ടയ വിഷയത്തിൽ ക്രിയാത്മകമായ ഇടപെടലുകൾ നടത്തിയതിൻ്റെ ഫലമായി തയ്യാറായ ഒല്ലൂർ മണ്ഡലത്തിലെ മലയോര കുടിയേറ്റക്കാർക്കുള്ള പട്ടയങ്ങളാണ് വിതരണം ചെയ്തത്.

ഒല്ലൂർ നിയോജക മണ്ഡലത്തിലെ ഏഴ് വില്ലേജുകളിൽ നിന്നായി 153 പട്ടയങ്ങളാണ് വിതരണം ചെയ്തത്. പീച്ചി വില്ലേജിൽ 45 പട്ടയങ്ങളും മാന്ദാമംഗലം വില്ലേജിൽ 27 പട്ടയങ്ങളും, കൈനൂർ വില്ലേജിൽ 27 പട്ടയങ്ങളും, പാണഞ്ചേരി വില്ലേജിൽ 26 പട്ടയങ്ങളും, മാടക്കത്തറ വില്ലേജിൽ 21 പട്ടയങ്ങളും, പുത്തൂർ വില്ലേജിൽ ആറ് പട്ടയങ്ങളും, മുളയം വില്ലേജിൽ ഒരു പട്ടയവുമാണ് വിതരണം ചെയ്തത്.

സബ് കളക്ടർ അഖിൽ വി. മേനോൻ, ജില്ലാ പഞ്ചായത്തംഗം കെ. വി സജു, പുത്തൂർ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് അശ്വതി സുനീഷ്, പുത്തൂർ ഗ്രാമപഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ പി. എസ് സജിത്ത്, രാഷ്ട്രീയ പാർട്ടി പ്രതിനിധികളായ എം. എൻ രാജേഷ്, ടി. എസ് മുരളീധരൻ, ജോസ് മുതുക്കാട്ടിൽ, എ. വി കുര്യൻ, ജോസ്കുട്ടി, തുടങ്ങിയവർ പങ്കെടുത്തു. ഗ്രാമപഞ്ചായത്ത്, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങൾ, റവന്യൂ വകുപ്പ് ഉദ്യോഗസ്ഥർ, രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.

പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക👇

https://chat.whatsapp.com/DmvcPVfhYkCF4qbZy7W82u

error: Content is protected !!