January 31, 2026

ഇടപ്പള്ളി-മണ്ണുത്തി മേഖല സഞ്ചാരയോഗ്യമെന്ന് ദേശീയപാത അതോറിറ്റി

Share this News

സഞ്ചാരയോഗ്യമല്ലെന്ന് കലക്ടർ പ്രഖ്യാപിച്ചാൽ റോഡ് അടച്ചിടും

സഞ്ചാരയോഗ്യമല്ലെന്ന് കലക്ടർ പ്രഖ്യാപിച്ചാൽ റോഡ് അടച്ചിടും

ദേശീയപാതയിൽ ഇടപ്പള്ളി-മണ്ണുത്തി മേഖല സഞ്ചാരയോഗ്യവും സുരക്ഷിതവുമല്ലെന്ന് സംസ്ഥാന പിഡബ്ല്യുഡി വകുപ്പ് കണ്ടെത്തിയിട്ടില്ലെന്ന് ദേശീയപാത അതോറിറ്റി. ദേശീയപാതയുടെ മുഴുവൻ ഭാഗവും സഞ്ചാരയോഗ്യമല്ലെന്നും സുരക്ഷിതമല്ലെന്നും കളക്ടർ പ്രഖ്യാപിച്ചാൽ പാത താത്‌കാലികമായി അടയ്ക്കുകയേ നിർവാഹമുള്ളൂവെന്നും ദേശീയപാത അതോറിറ്റി ഹൈക്കോടതിയിൽ ഫയൽ ചെയ്ത സത്യവാങ്മൂലത്തിൽ വിശദീകരിക്കുന്നു.ഇടപ്പള്ളി-മണ്ണുത്തി മേഖലയിൽ രൂക്ഷമായ ഗതാഗതക്കുരുക്ക് ചൂണ്ടിക്കാട്ടി പാലിയേക്കര ടോൾ പിരിവ് നിർത്തിവയ്ക്കണമെന്നാവശ്യപ്പെട്ട് കെപിസിസി സെക്രട്ടറി ഷാജി കോടങ്കണ്ടത്ത് നൽകിയ ഉപ ഹർജിയിൽ കളക്ടറുടെ റിപ്പോർട്ടിനു മറുപടിയായാണ് ദേശീയപാത അതോറിറ്റി സത്യവാങ്മൂലം ഫയൽ ചെയ്തത്. ഹർജി ജസ്റ്റിസ് മുഹമ്മദ് മുഷ്താഖ്, ജസ്റ്റിസ് ജോൺസൺ ജോൺ എന്നിവരുൾപ്പെട്ട ഡിവിഷൻ ബെഞ്ച് ബുധനാഴ്ച പരിഗണിക്കും. നിർമാണം നടക്കുന്ന സാഹചര്യത്തിൽ അതോറിറ്റി മതിയായ നടപടികൾ സ്വീകരിച്ചില്ലെന്ന കളക്ടറുടെ റിപ്പോർട്ട് ശരിയല്ല. കുറഞ്ഞ തോതിൽ മാത്രമാണ് ഗതാഗത തടസ്സം ഉണ്ടായിരിക്കുന്നത്. നിർമാണം നടക്കുന്ന മേഖലയെക്കുറിച്ച് മാത്രമാണ് കളക്ടറുടെ റിപ്പോർട്ടിലുള്ളത്. അഞ്ചിടത്ത് ഒരുമിച്ചു നിർമാണം നടത്തിയത് ഒഴിവാക്കേണ്ടതായിരുന്നു എന്നത് കളക്ടറുടെ വ്യക്തിപരമായ അഭിപ്രായമാണ്. ദേശീയപാതയുടെ രൂപകല്പനയിൽ ഇല്ലാത്ത ചില റോഡുകൾ പാതയിലേക്കു വന്നുചേരുന്നതിനെ അതോറിറ്റി എതിർത്തിരുന്നെങ്കിലും പ്രദേശവാസികളിൽനിന്ന് കടുത്ത പ്രതിഷേധം ഉണ്ടായിരുന്നു. ഇത് അപകടങ്ങൾക്കടക്കം കാരണമായി തുടർന്ന് അപകടമുണ്ടാക്കുന്ന 49 ബ്ലാക്ക് സ്പോട്ടുകൾ കണ്ടെത്തുകയും സംസ്ഥാന സർക്കാരുമായി ചർച്ച നടത്തി അഞ്ച് സ്ഥലങ്ങളിൽ അണ്ടർപാസ് നിർമാണം ആരംഭിക്കുകയുമായിരുന്നു. ഇത്തരത്തിലുള്ള അധികജോലികൾ കരാറുകാരന്റെ പരിധിയിൽ വരുന്നതല്ല. തുടർന്ന് പുതിയ ടെൻഡർ വിളിച്ചാണ് നിർമാണ ജോലികൾ ഏൽപ്പിച്ചത്. ഗതാഗത തടസ്സം ഒഴിവാക്കാൻ സർവീസ് റോഡ് നിർമിച്ച് അതുവഴി ഗതാഗതം തിരിച്ചുവിടാൻ സർക്കാരുമായി ചർച്ച നടത്തി തീരുമാനിച്ചതാണ്. ഈ സമയത്തൊന്നും എതിർപ്പൊന്നുമുണ്ടായില്ലെന്നും ദേശീയപാത അതോറിറ്റി പാലക്കാട് പ്രോജക്ട് ഇംപ്ലിമെന്റേഷൻ യൂണിറ്റ് പ്രോജക്ട് ഡയറക്ടർ അൻസിൽ ഹസൻ ഫയൽ ചെയ്ത സത്യവാങ്മൂലത്തിൽ വിശദീകരിക്കുന്നു.

പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിന് താഴെ Click ചെയ്യുക 👇

https://chat.whatsapp.com/Fq4IN8w5DKQCGZAEfvOGj0

error: Content is protected !!