
ദേശീയപാത 544ലെ കുരുക്ക് ; മുടിക്കോട് , കല്ലിടുക്ക് പ്രദേശങ്ങളിൽ സന്ദർശനം നടത്തി
ദേശീയപാത 544 ലെ മുടിക്കോട്, കല്ലിടുക്ക് പ്രദേശത്തെ ഗതാഗത കുരുക്കിന് പരിഹാരം കാണുന്നതിന്റെ ഭാഗമായുള്ള പ്രവൃത്തികൾ ഇന്നലെ (ജൂൺ 16) രാത്രി ഒൻപത് മണിക്ക് ആരംഭിക്കുമെന്ന് ദേശീയ പാത അതോറിറ്റി പ്രതിനിധികൾ ഉറപ്പ് നൽകിയതായി റവന്യൂ, ഭവന നിർമാണ വകുപ്പ് മന്ത്രി അഡ്വ. കെ. രാജൻ അറിയിച്ചു. ഗതാഗത കുരുക്ക് രൂക്ഷമായ കല്ലിടുക്ക്, മുടിക്കോട് പ്രദേശങ്ങൾ ജില്ലാ കളക്ടർ, സിറ്റി പോലീസ് കമ്മീഷണർ, എൻ.എച്ച്.എ.ഐ പ്രതിനിധികൾ, ജനപ്രതിനിധികൾ, വിവിധ വകുപ്പ് ഉദ്യോഗസ്ഥർ എന്നിവർക്കൊപ്പം സന്ദർശിച്ച ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മന്ത്രി.
താത്കാലിക പരിഹാരം എന്ന നിലയിൽ ഗ്രേഡർ ഉപയോഗിച്ച് റോഡ് നിരപ്പാക്കി ആദ്യ ഘട്ടം എന്ന നിലയിൽ അതിൽ ഡബ്ലിയു എം എം ഫില്ലിങ് നിറച്ച് അതിന് മേലെ റോളിങ്ങ് ചെയ്യുമെന്ന് അദ്ദേഹം പറഞ്ഞു. രണ്ട് ദിവസം അടുപ്പിച്ച് മഴ തോർന്നു നിന്നാൽ ഉടൻ ഡ്രം മിക്സ് ഉപയോഗിച്ച് മുഴുവനായി ഓവർലേ ചെയ്യും. മുടിക്കോട് ശിവക്ഷേത്രത്തിനു മുന്നിൽ അടിപ്പാതയ്ക്ക് വേണ്ടിയെടുത്ത കുഴി മൂടി രണ്ട് വാഹനങ്ങൾക്ക് പോകാനുള്ള വലുപ്പത്തിലാക്കി സർവ്വീസ് റോഡ് വീതി കൂട്ടും. അതിനായി വൈദ്യുതി പോസ്റ്റുകൾ മാറ്റുന്നതിനുള്ള നടപടികൾ ഉടൻ സ്വീകരിക്കും.
ദേശീയപാതയിലെ നിർമാണ പ്രവൃത്തികൾ കൃത്യമായി നിരീക്ഷിക്കുവാൻ തൃശ്ശൂർ തഹസിൽദാർ ജയശ്രീ, പാണഞ്ചേരി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പി പി രവീന്ദ്രൻ, ഒല്ലൂർ എ സി പി സുധീരൻ, ദേശീയ പാത അതോറിറ്റി പ്രതിനിധികൾ തുടങ്ങിയവർ അംഗങ്ങളായ മോണിട്ടറിംഗ് സമിതി രൂപീകരിച്ചു. അവർ നിരന്തരം ഈ പ്രവർത്തനങ്ങൾ മോണിറ്റർ ചെയ്ത് നിർദ്ദേശങ്ങൾ നൽകും. ഏതെങ്കിലും രീതിയിൽ വീഴ്ച വന്നാൽ ദുരന്ത നിവാരണ നിയമ പ്രകാരം എൻ.എച്ച്.എ.ഐക്കും കരാറുകാർക്കുമെതിരെ നടപടിയെടുക്കുമെന്ന് കാണിച്ച് ജില്ലാ ദുരന്ത നിവാരണ അതോറിറ്റി ചെയർമാനായ കളക്ടർ നോട്ടീസ് നൽകും. കൂടുതൽ പൊലീസുകാരെ പ്രദേശത്ത് നിയോഗിക്കാൻ കമ്മീഷണർക്കും കൂടുതൽ വളണ്ടിയർമാരെ നിയോഗിക്കാൻ ദേശീയപാത അതോറിറ്റിക്കും നിർദ്ദേശം നൽകിയിട്ടുണ്ട്. കുരുക്കിൽ അകപ്പെട്ട വാഹനങ്ങളെ റിക്കവർ ചെയ്യുന്നതിന്
ഒരു റിക്കവറി വാഹനം മുടിക്കോട് കേന്ദ്രീകരിച്ച് കരാറുകാരുടെ ചിലവിൽ ഏർപ്പെടുത്തും. കൂടാതെ, ഈ പ്രദേശത്തെ അറ്റകുറ്റപ്പണികൾക്കായി സ്ഥിരം ടീമിനെ എൻ.എച്ച്.എ.ഐ നിയോഗിക്കും.
ദേശീയ പാത അതോറിറ്റി ചെയ്യണ്ടേ ജോലി കൃത്യ സമയത്ത് ചെയ്തതായി കാണുന്നില്ലെന്ന് മന്ത്രി പറഞ്ഞു.
സന്ദർശനത്തിന് മുന്നോടിയായി
മന്ത്രിയുടെ അധ്യക്ഷതയിൽ മണ്ണൂത്തി ഗസ്റ്റ് ഹൗസിൽ യോഗം ചേർന്നു. യോഗത്തിൽ പാണഞ്ചേരി ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് രവീന്ദ്രൻ, ജില്ലാ കളക്ടർ അർജുൻ പാണ്ഡ്യൻ, സിറ്റി പോലീസ് കമ്മീഷണർ ആർ. ഇളങ്കോ, തൃശ്ശൂർ തഹസിൽദാർ ജയശ്രീ, ദേശീയപാത അതോറിറ്റി പ്രതിനിധികൾ, പൊലീസ്, മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.
വീഡിയോ കാണുന്നതിന് താഴെ ക്ലിക്ക് ചെയ്യുക
https://youtu.be/SjcT_XQhYKg?si=jQwyyLuswb_30Y36
പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിന് താഴെ Click ചെയ്യുക 👇
https://chat.whatsapp.com/Fq4IN8w5DKQCGZAEfvOGj0


