January 30, 2026

കനത്ത മഴയിലും കാറ്റിലും തൃശ്ശൂർ ജില്ലയിൽ ഒന്നര കോടിയിലധികം രൂപയുടെ നാശനഷ്ടം

Share this News

കനത്ത മഴയിലും കാറ്റിലും ജില്ലയിൽ ഒന്നര കോടിയിലധികം രൂപയുടെ നാശനഷ്ടം

തൃശ്ശൂർ ജില്ലയിൽ ചൊവ്വാഴ്ച വൈകീട്ട് പെയ്ത കനത്ത മഴയിലും കാറ്റിലും 1,66,77,000 രൂപയുടെ വ്യാപക നാശനഷ്ടം സംഭവിച്ചു. ശക്തമായ കാറ്റിലും കനത്ത മഴയെയും തുടർന്ന് നാശനഷ്ടങ്ങൾ സംഭവിച്ച തൃശ്ശൂർ പുല്ലഴിയിലെ വീടും, വൈദ്യുതി പോസ്റ്റുകൾ വീണ് നാശം സംഭവിച്ച ഒളരി കൊട്ടിൽ റോഡ് ഭാഗവും ജില്ലാ കളക്ടർ അർജുൻ പാണ്ഡ്യൻ സന്ദർശിച്ചു.

വൈദ്യുതി ലൈനുകൾ പൊട്ടി വീഴുകയും വീടിൻ്റെ ട്രസ് വർക്ക് പൂർണ്ണമായും തകരുകയും ചെയ്ത സ്ഥലങ്ങളിൽ കളക്ടർ നേരിട്ടെത്തി നാശനഷ്ടങ്ങൾ വിലയിരുത്തി.

ശക്തമായ കാറ്റിലും മഴയിലും മരങ്ങൾ കടപുഴകി വീണും മരച്ചില്ലകൾ ഒടിഞ്ഞു വീണുമാണ് പരക്കെ നാശനഷ്ടങ്ങളുണ്ടായത്. തൃശ്ശൂർ താലൂക്കിലാണ് കൂടുതൽ നാശനഷ്ടങ്ങൾ രേഖപ്പെടുത്തിയത്. ഒല്ലൂക്കര, അയ്യന്തോൾ, മരത്താക്കര, അരണാട്ടുകര, ഒല്ലൂർ തുടങ്ങിയ പ്രദേശങ്ങളിലും നാശ നഷ്ടമുണ്ടായി. തൃശ്ശൂർ താലൂക്കിൽ ഒരു വീടിന് പൂർണമായും 47 വീടുകൾ ഭാഗികമായും തകർന്നതിനെ തുടർന്ന് 23 ലക്ഷം രൂപയുടെ നാശനഷ്ടമുണ്ടായി.

ഒല്ലൂക്കര, അന്തിക്കാട്, വെള്ളാങ്ങല്ലൂർ എന്നീ ബ്ലോക്കുകളിൽ 126 കർഷകരുടെ 5.97 ഹെക്ടർ കൃഷി നശിച്ചതിൽ 17.86 ലക്ഷം രൂപയുടെ നഷ്ടവും ഉണ്ടായി. തൃശ്ശൂർ, ഇരിങ്ങാലക്കുട കെ എസ് ഇ ബി സർക്കിളിൽ മാത്രം 1,13,91,000 രൂപയുടെ നാശ നഷ്ടം സംഭവിച്ചു.

സ്ഥല സന്ദർശനത്തിൽ ജില്ലാ കളക്ടറോടൊപ്പം തൃശ്ശൂർ താലൂക്ക് തഹസിൽദാർ ടി. ജയശ്രീ, വില്ലേജ് ഓഫിസർ ഷീജ രാജ്, ഉദ്യോഗസ്ഥർ എന്നിവരും സന്നിഹിതരായിരുന്നു.

പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക👇  https://chat.whatsapp.com/Fq4IN8w5DKQCGZAEfvOGj0p
error: Content is protected !!