
വാണിയംപാറയിൽ മിനി അണ്ടർപാസേജ് വേണം; ബൂത്ത് കോൺഗ്രസ് കമ്മറ്റികളുടെ നേതൃത്വത്തിൽ പ്രതിഷേധ സമരം സംഘടിപ്പിച്ചു.
വാണിയംപറയിൽ നിർദ്ദിഷ്ട അടിപ്പാത നിർമാണം പൂർത്തികരിക്കപ്പെടുമ്പോൾ ദേശീയപാതയുടെ ഇരുവശങ്ങളിലായി അധിവസിക്കുന്നവർക്ക് പാത മറി കടക്കുവാൻ പ്രയാസം നേരിടുമെന്നതിനാൽ വാണിയംപാറ പ്രദേശത്ത് മിനി അണ്ടർ പാസേജ് നിർമിക്കണമെന്ന് കോൺഗ്രസ് ആവശ്യപ്പെട്ടു. വാണിയംപാറ മേഖലയിലെ ബൂത്ത് കോൺഗ്രസ് കമ്മറ്റികളുടെ നേതൃത്വത്തിൽ പ്രതിഷേധ സമരം സംഘടിപ്പിച്ചു. പാണഞ്ചേരി മണ്ഡലം കോൺഗ്രസ് പ്രസിഡന്റ് കെ.പി. ചാക്കോച്ചന്റെ അദ്ധ്യക്ഷതയിൽ കെ.പി.സി.സി സെക്രട്ടറി അഡ്വ: ഷാജി.ജെ. കോടങ്കണ്ടത്ത് പ്രതിഷേധ സമരം ഉദ്ഘാടനം ചെയ്തു.
സ്‌കൂളുകൾ, പ്രാഥമികാരോഗ്യ കേന്ദ്രം, റേഷൻ കട , മൃഗാശുപത്രി, ബാങ്കുകൾ, വായനശാല, റബ്ബർ എസ്‌റ്റേറ്റ്, ഫോറസ്റ്റ് ഓഫീസ്, പോസ്‌റ്റോഫീസ് തുടങ്ങിയ സ്ഥാപനങ്ങളിലേക്ക് യാത്ര ചെയ്യുന്ന വിദ്യാർത്ഥികൾ ഉൾപ്പടെയുള്ള യാത്രക്കാരെ ഇത് സാരമായി ബാധിക്കും. കന്നുകാലികളുമായി പാതയുടെ ഒരു വശത്ത് നിന്ന് മറുവശത്തേക്ക് കടക്കണമെങ്കിൽ കിലോമീറ്റുകൾ താണ്ടേണ്ടി വരും. അടിപ്പാത അവസാനിക്കുന്ന പടിഞ്ഞാറ് ഭാഗത്തിന് സമീപം ഫോറസ്റ്റ് ഓഫീസിന് മുൻഭാഗത്തായി മിനി അണ്ടർപാസേജ് നിർമിക്കണമെന്നാണ് കോൺഗ്രസ് ആവശ്യപ്പെടുന്നത്. ഇത് സംബന്ധമായി വിവിധ രാഷ്ട്രീയ പാർട്ടികളും സന്നദ്ധ സംഘടനകളും ജനപ്രതിനിധികളും പല തവണ ആവശ്യപ്പെട്ടിട്ടും ദേശീയപാത അധികാരികളിൽ നിന്നും നിഷേധാത്മക നിലപാടുകളാണ് ഉണ്ടായിരിക്കുന്നത്. പ്രശ്‌നത്തിന് പരിഹാരമുണ്ടായില്ലെങ്കിൽ ശക്തമായ ജനകീയ സമരത്തിന് കോൺഗ്രസ് മുന്നിട്ടറങ്ങുമെന്ന് പ്രവർത്തകർ മുന്നറിയിപ്പ് നൽകി.
ബ്ലോക് കോൺഗ്രസ് വൈസ് പ്രസിഡന്റ് എം.എ. മൊയ്തീൻ കുട്ടി, മഹിളാ കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് ഫസീല നിഷാദ്, വാർഡ് പ്രസിഡന്റുമാരായ സുനിൽ ചിറമ്പാട്ട്, കെ.വി. വാസുട്ടി, ബൂത്ത് പ്രസിഡന്റുമാരായ എം.എം. ഇബ്രാഹിം, പി.വി. പൗലോസ്, യൂത്ത് കോൺഗ്രസ് മണ്ഡലം സെക്രട്ടറിമാരായ ടി.എസ്. ഷനുബ്, ചാൾസ് പോൾ, മുൻ പഞ്ചായത്ത് അംഗങ്ങളായ സുശീല ടീച്ചർ, പി.ടി. സതി, ഷീജ ബിനു, ലിജോ ജോസഫ്, ജോർജ് എം. വർഗീസ്, കെ.വി. വേലായുധൻ, കെ.എ. ഷാബർ, എ.ഒ. ഷാജി, പി.എം.ഉബൈദ്, ഇ.എം. അഷറഫ്, എം.വി. ജയ്‌സൻ, ടി.സി. ഷാജി, സി.ആർ. മാധവൻ, ആയിഷ അലി, സുരേഷ് ബാബു, പി.എ. നിഷാദ് തുടങ്ങിയവർ നേതൃത്വം നൽകി.
പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക👇 https://chat.whatsapp.com/Fq4IN8w5DKQCGZAEfvOGj0


