
പാഴ്‌വസ്തു ശേഖരണ കലണ്ടർ തയാറാക്കിയില്ല; കലണ്ടർ പുറത്തിറക്കണമെന്നാവശ്യപ്പെട്ട് കൗൺസിലർ എ.കെ.സുരേഷ് കത്ത് നൽകി
പാഴ്‌വസ്തു ശേഖരണ കലണ്ടർ പോലുമില്ലാത്ത തൃശൂർ കോർപ്പറേഷന്റെ മാലിന്യ മുക്ത പ്രഖ്യാപനം വെറും പ്രഹസനമാണെന്ന് തൃശൂർ കോർപ്പറേഷൻ ആരോഗ്യ ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി അംഗം കൂടിയായ കൗൺസിലർ എ.കെ.സുരേഷ് ആരോപിച്ചു. ഇതുമായി ബന്ധപ്പെട്ട് മേയർക്ക് കത്ത് നൽകി. തൃശൂർ കോർപ്പറേഷൻ മാർച്ച് 25 ന് മാലിന്യ മുക്ത പ്രഖ്യാപനം നടത്താനൊരുങ്ങുകയാണ്. കേരളത്തിലെ എല്ലാ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും ഒരു വർഷത്തെ മാലിന്യ ശേഖരണ കലണ്ടർ തയ്യാറാക്കണമെന്ന് സർക്കാർ ഉത്തരവുണ്ട്. എന്നാൽ കോർപ്പറേഷൻ ഇതുവരെയും ഇത്തരത്തിൽ ഒരു കലണ്ടർ തയ്യാറാക്കിയിട്ടില്ല. അത് ഇല്ലാതെ മാലിന്യ മുക്ത പ്രഖ്യാപനം നടത്തുന്നത് പാഴ്‌വേലയാണെന്നും എ.കെ സുരേഷ് പറഞ്ഞു. ഇക്കാര്യത്തെ സംബന്ധിച്ച് കമ്മിറ്റിയിൽ പല തവണ ചർച്ചകൾ നടത്തിയിട്ടും ഒരു തീരുമാനവും എടുത്തില്ലെന്നും അദ്ദേഹം ആരോപിച്ചു. നിലവിൽ പ്ലാസ്റ്റിക്ക്, ഫുഡ് വേസ്റ്റ് മാത്രമാണ് ജനങ്ങളിൽ നിന്ന് സ്വീകരിക്കുന്നത്. എത്രയും പെട്ടെന്ന് മാർച്ച് 25ന് മുമ്പെങ്കിലും കലണ്ടർ പുറത്തിറക്കണമെന്നും, ഇ വേസ്റ്റ് ഉൾപ്പെടെ മറ്റു ഖര മാലിന്യങ്ങളും ജനങ്ങളിൽ നിന്നും സ്വീകരിക്കണമെന്നും കൗൺസിലർ ആവശ്യപ്പെട്ടു.
പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക👇 https://chat.whatsapp.com/Fq4IN8w5DKQCGZAEfvOGj0

