
മയിലാട്ടുംപാറയിൽ കാട്ടുതീ; റബർ മരങ്ങളും കുടിവെള്ള പൈപ്പുകളും കത്തി നശിച്ചു
കാട്ടുതീയിൽ കുടിവെള്ള പദ്ധതിയുടെയും ലിഫ്റ്റ് ഇറിഗേഷൻ പദ്ധതിയുടെയും പൈപ് ലൈനുകൾ കത്തി നശിച്ചു, നൂറോളം കുടുംബങ്ങളിലേക്കുള്ള കുടിവെള്ളവിതരണം പ്രതിസന്ധിയിൽ. ആയിരത്തോളം റബർ മരങ്ങളും കത്തിനശിച്ചു. പീച്ചി ഡാമിനു സമീപം മൈലാട്ടുംപാറയിലെ മഹാത്മാ കുടിവെള്ള പദ്ധതിയുടെ പമ്പിങ് ലൈനും വിതരണ ലൈനുമായി അഞ്ഞൂറോളം മീറ്റർ പൈപ് ലൈനാണു കത്തി നശിച്ചത്. തോട്ടുംകര ബേബി, കിഴക്കേക്കുടി റോയ്, കീഴാത്ത് മധു, കിഴക്കേക്കുടി സജി, വടക്കുംചേരി സന്തോഷ്, കള്ളിപ്പറമ്പിൽ അനൂപ്, കിഴക്കേക്കുടി ഐസക്, കിഴക്കേക്കുടി ജോർജ്, എന്നിവരുടെ റബർ മരങ്ങളും കത്തി നശിച്ചു.
വനത്തിൽ നിന്ന് ആരംഭിച്ച കാട്ടുതീ സമീപത്തെ ജനവാസമേഖലയിലേക്കു പടരുകയായിരുന്നു. പാണഞ്ചേരി പഞ്ചായത്തിൽ ജലനിധി പദ്ധതി നിലച്ചതിനാൽ നൂറോളം വരുന്ന കുടുംബങ്ങളുടെ ഏക കുടിവെള്ള സ്രോതസ്സായിരുന്നു മഹാത്മ കുടിവെള്ള പദ്ധതി.പാറക്കെട്ടുകൾ നിറഞ്ഞ പ്രദേശമായതിനാലാണ് ഈ ഭാഗത്തു പൈപ്പുകൾ മണ്ണിനടിയിൽ സ്ഥാപിക്കാതിരുന്നത്. ഇതിൽ അമ്പതോളം വീടുകളുടെ ഭാഗത്ത് കിണറോ മറ്റു ജലസ്രോതസ്സോ ഇല്ല. ജല അതോറിറ്റിയുടെ കുടിവെള്ള കണക‍്ഷനുമില്ലാത്ത സ്ഥിതിയാണ്പീച്ചി ഡാം 72 ഇഞ്ച് തുറന്നുവിട്ടതിനെത്തുടർന്നു കുടിവെള്ള പദ്ധതിയുടെ മോട്ടർ ഉൾപ്പെടെ തകരാറിലായിരുന്നു. ഗുണഭോക്താക്കൾ ചേർന്നാണ് അന്ന് തകരാർ പരിഹരിച്ചത്. അടിയന്തരമായി പഞ്ചായത്ത് സഹായം ലഭ്യമാക്കണമെന്നു മുൻ പഞ്ചായത്ത് അംഗം കെ.പി.എൽദോസ്, കുടിവെള്ള സമിതി പ്രസിഡന്റ് ഷിബു പോൾ, സെക്രട്ടറി സ്മിനോ കുഴിക്കാട്ടുമാലിൽ എന്നിവർ ആവശ്യപ്പെട്ടു.
പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക👇 https://chat.whatsapp.com/HFdloQreo2i8smkKV5TaWI

