
കൃഷി നശിപ്പിക്കുന്ന കാട്ടുപന്നികളെ വെടിവെച്ചു കൊല്ലാൻ പഞ്ചായത്തിന്റെ നേതൃത്വത്തിൽ ഏർപ്പെടുത്തിയിട്ടുള്ള വേട്ടക്കാരനെ വിലങ്ങന്നൂരിലും നിയമിക്കണമെന്ന് ആവശ്യപ്പെട്ട് പാണഞ്ചേരി പഞ്ചായത്ത് പ്രസിഡന്റിന് വിലങ്ങന്നൂർ വാർഡ് മെമ്പർ ഷൈജു കുരിയൻ കത്ത് നൽകി.
വിലങ്ങന്നൂർ തൈപ്പറമ്പിൽ ടി.വി മത്തായിയുടെ കൃഷിയിടത്തിൽ കാട്ടുപന്നിയിറങ്ങി കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി (വെള്ളി, ഞായർ) 100 ഓളം വാഴകളാണ് നശിപ്പിച്ചത്. വാർഡ് മെമ്പർ ഷൈജു കുരിയൻ വനം വകുപ്പ് ഉദ്യോഗസ്ഥരുമായി സംസാരിച്ചതിനെ തുടർന്ന് മെമ്പറുടെ സാന്നിധ്യത്തിൽ ഉദ്യോഗസ്ഥർ ശനിയാഴ്ച തന്നെ കാട്ടുപന്നികൾ നശിപ്പിച്ച കൃഷിയിടം സന്ദർശിച്ചു. വന്യജീവി ആക്രമണത്തിൽ കൃഷി നാശം സംഭവിക്കുന്നതിന് 50,000 രൂപ വരെ നഷ്ട പരിഹാരം അനുവദിക്കാൻ നിയമത്തിൽ വ്യവസ്ഥയുണ്ടെന്നും അത് എത്രയും പെട്ടെന്ന് ലഭ്യമാക്കുന്നതിനുള്ള കാര്യങ്ങൾ ചെയ്യുവാനും ബന്ധപ്പെട്ട ഫോറസ്റ്റ് അധികാരികൾക്ക് വാർഡ് മെമ്പർ നിർദ്ദേശം നൽകി.
ഗ്രാമപഞ്ചായത്തിലെ പ്രധാന വ്യാപാര കേന്ദ്രമായ വിലങ്ങന്നൂർ സെന്ററിൽ ആദ്യമായാണ് കാട്ടുപന്നികളുടെ ആക്രമണത്തിൽ കൃഷിയിടങ്ങൾ നശിപ്പിക്കുന്നത്. ഇനിയും ഇത്തരം ആക്രമണങ്ങൾ ഒഴിവാക്കി കൃഷിയിടവും, മനുഷ്യ ജീവനും സരംക്ഷണം നൽകുന്നതിനായി ശല്യക്കാരായ കാട്ടുപന്നികളെ വെടിവെച്ചു കൊല്ലുവാൻ ഉത്തരവ് നൽകാനുള്ള പഞ്ചായത്ത് പ്രസിഡന്റുമാരുടെ നിയമപരമായ അധികാരം വിനിയോഗിക്കണമെന്നും ദിവസവും കൃഷിയിടങ്ങൾ നശിപ്പിക്കുന്ന കാട്ടുപന്നിക്കൂട്ടങ്ങളെ വെടിവെച്ച് കൊല്ലുന്നതിന് പഞ്ചായത്തിൽ നിയമിച്ചിട്ടുള്ള വേട്ടക്കാരന്റെ സേവനം അടിയന്തരമായി ലഭ്യമാക്കണം എന്നും പഞ്ചായത്ത് പ്രസിഡന്റിന് ഷൈജു കുരിയൻ നൽകിയ കത്തിൽ ആവശ്യപ്പെട്ടു.
പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക👇 https://chat.whatsapp.com/HFdloQreo2i8smkKV5TaWI

