
ചെമ്പൂത്ര മകരചൊവ്വ മഹോത്സവത്തിന്റെ നടത്തിപ്പുമായി ബന്ധപ്പെട്ട് റവന്യൂ വകുപ്പ് മന്ത്രി കെ രാജന്റെ അധ്യക്ഷതയിൽ അവലോകനയോഗം ചേർന്നു
ജനുവരി 14ന് നടക്കുന്ന ചെമ്പൂത്ര കൊടുങ്ങല്ലൂർക്കാവ് ക്ഷേത്രത്തിലെ മകരചൊവ്വ മഹോത്സവത്തിന്റെ നടത്തിപ്പുമായി ബന്ധപ്പെട്ട് വിവിധ വകുപ്പുകളുടെയും ദേവസ്വം ഭാരവാഹികളുടെയും പഞ്ചായത്ത് അധികൃതരുടെയും യോഗം റവന്യൂ വകുപ്പ് മന്ത്രി കെ രാജന്റെ അധ്യക്ഷതയിൽ ചേർന്നു.
പാണഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.പി രവീന്ദ്രൻ, വൈസ് പ്രസിഡന്റ് സാവിത്രി സദാനന്ദൻ, വാർഡ് മെമ്പർ ജയകുമാർ ആദംകാവിൽ, എഡിഎം ടി മുരളി, സോഷ്യൽ ഫോറസ്റ്റ് അസിസ്റ്റന്റ് കൺസർവേറ്റർ കെ മനോജ്, ക്ഷേത്രം പ്രസിഡന്റ് കെ.കെ രാജേഷ്, റവന്യൂ, പോലീസ്, സോഷ്യൽ ഫോറസ്റ്ററി, കെഎസ്ഇബി, വാട്ടർ അതോറിറ്റി, എൻഎച്ച്എഐ, മൃഗസംരക്ഷണം ഫയർഫോഴ്‌സ്, ഹെൽത്ത് എന്നി വകുപ്പുകളിലെ ഉദ്യോഗസ്ഥരും ക്ഷേത്ര ഭാരവാഹികളും യോഗത്തിൽ പങ്കെടുത്തു.
മകരചൊവ്വ ദിവസം ദേശീയപാതയിലാവശ്യമായ വെളിച്ചത്തിനുള്ള സംവിധാനവും, ഗതാഗത സംവിധാനവും നാഷണൽ ഹൈവേ അതോറിറ്റിയുടെ നേതൃത്വത്തിൽ ഒരുക്കും. ആന എഴുന്നുള്ളിപ്പുമായി ബന്ധപ്പെട്ട് നാട്ടാന പരിപാലന ചട്ടം അനുസരിച്ചുള്ള നടപടികൾ സ്വീകരിക്കുന്നതിനും, പൂര ദിവസം എല്ലാ സമയവും വൈദ്യുതിയുടെ ലഭ്യതയും കുടിവെള്ളത്തിന്റെ ലഭ്യതയും ഉറപ്പുവരുത്തുന്നതിനും ഫയർഫോഴ്‌സിന്റെ 3 യൂണിറ്റും ക്രമസമാധാന പരിപാലനവുമായി ബന്ധപ്പെട്ട് ആവശ്യമായ പോലീസ് സേനയെ വിന്യസിക്കുന്നതിനും തീരുമാനിച്ചു. ആരോഗ്യവകുപ്പിന്റെ നേതൃത്വത്തിൽ ക്ഷേത്രാങ്കണത്തിൽ മെഡിക്കൽ യൂണിറ്റുകൾ സജ്ജീകരിക്കും. മൂന്ന് ആംബുലൻസുകളുടെ സേവനം ഉറപ്പാക്കും. പൂര നടത്തിപ്പുമായി ബന്ധപ്പെട്ട് വിവിധ ദേശങ്ങളിലെ ഭാരവാഹികളുടെയും പോലീസ്, സോഷ്യൽ ഫോറസ്റ്ററി, മൃഗസംരക്ഷണ വകുപ്പ്, ക്ഷേത്ര ഭാരവാഹികൾ എന്നിവരുടെ സംയുക്ത യോഗം ജനുവരി അഞ്ചിന് ചേരുന്നതിനും തീരുമാനിച്ചു.
പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക👇 https://chat.whatsapp.com/HFdloQreo2i8smkKV5TaWI

