January 28, 2026

ഒളകര ആദിവാസി ഉന്നതിയിലുള്ളവര്‍ക്ക് ഒന്നര ഏക്കര്‍ ഭൂമി വീതം വിതരണം ചെയ്യും -റവന്യൂ മന്ത്രി കെ. രാജൻ

Share this News
ഒളകര ആദിവാസി ഉന്നതിയിലുള്ളവര്‍ക്ക് ഒന്നര ഏക്കര്‍ ഭൂമി വീതം വിതരണം ചെയ്യും -റവന്യൂ മന്ത്രി കെ. രാജൻ

ഹൈക്കോടതിയില്‍ നിലനില്‍ക്കുന്ന കേസിന്റെ വിധിക്കു വിധേയമായി ഒളകര ആദിവാസി ഉന്നതിയിലുള്ളവര്‍ക്ക് ഒന്നര ഏക്കര്‍ ഭൂമി വീതം വിതരണം ചെയ്യാന്‍ സ്റ്റേറ്റ് ലെവല്‍ മോണിറ്ററിങ് കമ്മിറ്റി (എസ്എല്‍എംസി) തീരുമാനിച്ചതായി റവന്യു വകുപ്പ് മന്ത്രി കെ. രാജന്‍. ഒളകരയില്‍ പഞ്ചായത്ത് അധികൃതര്‍ക്കും റവന്യു, പൊതുമരാമത്ത് ഉദ്യോഗസ്ഥര്‍ക്കുമൊപ്പം ഉന്നതി സന്ദര്‍ശിച്ചശേഷം സംസാരിക്കുകയായിരുന്നു മന്ത്രി. ഒളകര നിവാസികളുടെ മുന്‍തലമുറക്കാര്‍ ഏകദേശം 100 വര്‍ഷം മുമ്പ് വനത്തിനുള്ളിലെ മുപ്പഴകൂടി, പൈങ്ങോട്ടുകണ്ടം എന്നിവിടങ്ങളിലായി താമസിച്ചിരുന്നതായാണ് കിര്‍ത്താര്‍ഡ്സിന്റെ പഠന റിപ്പോര്‍ട്ട്. പീച്ചി ഡാം നിര്‍മ്മിച്ചശേഷം 1957 കാലഘട്ടത്തില്‍ വെള്ളം കയറിയതോടെ കുഴിക്കുത്തി എന്ന മറ്റൊരു സ്ഥലത്തേക്ക് ഇവര്‍ മാറി താമസിക്കുകയായിരുന്നു. പിന്നീട് ഒളകരയിലെത്തി ഏതാണ്ട് അമ്പത് വര്‍ഷത്തോളമായി ഇവിടെ താമസിച്ചുവരികയുമാണ്.

ആദ്യകാലത്ത് 300 ഏക്കറോളം ഭൂമിയിലാണ് ഇവര്‍ താമസിച്ചിരുന്നത്. വനം വകുപ്പ് ഏര്‍പ്പെടുത്തിയ വിവിധ നിയന്ത്രണങ്ങളുടെ അടിസ്ഥാനത്തില്‍ വാസഭൂമി 2.5 ഏക്കറിലേക്ക് ചുരുങ്ങി. ഭൂമിക്കുവേണ്ടിയുള്ള ഒളകര നിവാസികളുടെ അവകാശ പോരാട്ടത്തിന് വര്‍ഷങ്ങളുടെ പഴക്കമുണ്ട്. 2016 മുതല്‍ ഇക്കാര്യത്തില്‍ നിരന്തര ഇടപെടലുകളുണ്ടായി. ഇപ്പോഴത്തെ സര്‍ക്കാര്‍ അധികാരത്തിലേറിയതോടെ നടപടിക്രമങ്ങള്‍ വേഗത്തിലാക്കുകയായിരുന്നു.

ജില്ലാ ഭരണകൂടവും റവന്യു, സര്‍വ്വെ വകുപ്പ് ഉദ്യോഗസ്ഥരും ചേര്‍ന്ന് വനം വകുപ്പ് അധികൃതരുടെ സാന്നിധ്യത്തിലാണ് ഭൂമി അളന്ന് രേഖപ്പെടുത്തി തയ്യാറാക്കിയ റിപ്പോര്‍ട്ട്, ഊരുകൂട്ടവും എസ്ഡിഎല്‍സിയും ഡിഎല്‍സിയും പരിശോധിച്ച ശേഷം സമര്‍പ്പിച്ച റിപ്പോര്‍ട്ട് ചീഫ് സെക്രട്ടറിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന എസ്എല്‍എംസി അംഗീകരിച്ചിരിക്കുന്നത്.

ആദിവാസികള്‍ക്ക് ഭൂമിയുടെ അവകാശം നല്‍കുന്നതിനെതിരെ ‘വണ്‍ എര്‍ത്ത് വണ്‍ ലൈന്‍’ എന്ന സംഘടന നല്‍കിയ കേസിന്റെ വിധിക്കു വിധേയമായി പട്ടയം നല്‍കുന്നതിനാണ് തീരുമാനം. എസ്എല്‍എംസി യോഗത്തിന്റെ നടപടിക്രമങ്ങളടങ്ങിയ സത്യവാങ്മൂലം കോടതിയില്‍ സമര്‍പ്പിക്കാനും യോഗം തീരുമാനിച്ചതായും മന്ത്രി അറിയിച്ചു.

ഒളകര നിവാസികളുടെ യാത്രാപ്രശ്നം പരിഹരിക്കുന്നതിനായി കളക്ടറേറ്റില്‍ ചേര്‍ന്ന യോഗത്തിന്റെ തീരുമാനപ്രകാരമാണ് മന്ത്രിയും സംഘവും ഇന്നലെ (നവംബര്‍ 25) ഒളകരയിലെത്തിയത്. ഒളകര ഫോറസ്റ്റ് സ്റ്റേഷന്‍ മുതല്‍ ഉന്നതികളിലേക്കുള്ള റോഡ് ഗതാഗത യോഗ്യമാക്കാനുള്ള എസ്റ്റിമേറ്റ് തയ്യാറാക്കുന്നതിനുള്ള പ്രാഥമിക നടപടികള്‍ പൊതുമരാമത്ത് ഉദ്യോഗസ്ഥര്‍ ഇന്നലെ പൂര്‍ത്തിയാക്കി.

പാണഞ്ചേരി പഞ്ചായത്ത് പ്രസിഡന്റ് പി.പി രവീന്ദ്രന്‍, ജില്ലാ പഞ്ചായത്തംഗം കെ.വി സജു, പഞ്ചായത്തംഗം സുബൈദ അബൂബക്കര്‍, തൃശ്ശൂര്‍ തഹസില്‍ദാര്‍ ടി.വി ജയശ്രീ, ഭൂരേഖ തഹസില്‍ദാര്‍ നിഷ എം. ദാസ്, വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ അനില്‍, പൊതുമരാമത്ത് എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ ഹരീഷ്, അസി. എക്സി. എഞ്ചിനീയര്‍ ബെയ്സില്‍ എന്നിവരും ട്രൈബല്‍ എക്സ്റ്റന്‍ഷന്‍ ഓഫീസര്‍ സവിത, ഊരു മൂപ്പത്തി മാധവി, മുന്‍ പഞ്ചായത്തംഗം അബൂബക്കര്‍ എന്നിവരും സംഘത്തിലുണ്ടായിരുന്നു.

പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക👇 https://chat.whatsapp.com/HFdloQreo2i8smkKV5TaWI
error: Content is protected !!