56 കൊല്ലം മുമ്പ് മരിച്ച സൈനികന്റെ മൃതദേഹം ലഭിച്ചുവെന്ന് സൈന്യം. വിമാനാപകടത്തില്‍ മരിച്ച പത്തനംതിട്ട ഇലന്തൂര്‍ സ്വദേശി തോമസ് ചെറിയാന്റെ മൃതദേഹമാണ് ലഭിച്ചത്. റോഹ്താങ് പാസിലെ വിമാന അപകടത്തിലാണ് തോമസ് ചെറിയാന്‍ മരിച്ചത്.
മഞ്ഞ് മലയില്‍ നിന്നാണ് ഇദ്ദേഹത്തിന്റെ മൃതദേഹ അവശിഷ്ടങ്ങള്‍ ലഭിച്ചതെന്നാണ് സൈന്യം അറിയിച്ചിരിക്കുന്നത്. വിവരം ആറന്‍മുള പൊലീസിനെ സൈന്യം അറിയിക്കുകയും ചെയ്തിട്ടുണ്ട്.
ഇന്ത്യന്‍ എയര്‍ ഫോഴ്‌സിന്റെ എഎന്‍ 12 എയര്‍ക്രാഫ്റ്റ് ആണ് ഹിമാചല്‍ പ്രദേശിലെ റോഹ്താങ് പാസില്‍ 1968ല്‍ അപകടത്തില്‍പ്പെട്ടത്. തോമസ് ചെറിയാന്റെ മൃതദേഹത്തിനൊപ്പം മറ്റ് നാല് പേരുടെ ശരീര അവശിഷ്ടങ്ങളും ലഭിച്ചുവെന്നും സൈന്യം അറിയിച്ചു.
ഇന്ത്യയിലെ ഏറ്റവും ദൈര്‍ഘ്യമേറിയ തെരച്ചില്‍ ഓപ്പറേഷനാണ് ഫലം കണ്ടിരിക്കുന്നത്. തിരംഗ മൗണ്‍ടെന്‍ റെസ്‌ക്യൂ, സൈന്യത്തിലെ ദോഗ്ര സ്‌കൗട്‌സ് എന്നിവര്‍ സംയുക്തമായി നടത്തിയ തെരച്ചിലിനൊടുവിലാണ് മൃതദേഹ അവശിഷ്ടങ്ങള്‍ കണ്ടെത്തിയിരിക്കുന്നത്.
2019 വരെ അഞ്ച് പേരുടെ മൃതദേഹ അവശിഷ്ടങ്ങളാണ് ആകെ കണ്ടെത്തിയിരുന്നത്. 2003ല്‍ അടല്‍ ബിഹാരി വാജ്‌പെയ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മൗണ്‍ടെനെയ്‌റിംഗിലെ വിദ്യാര്‍ത്ഥികളാണ് അപകടത്തില്‍പ്പെട്ട വിമാനത്തിന്റെ അവശിഷ്ടങ്ങള്‍ ആദ്യമായി കണ്ടെത്തിയത്. ഇതിന്റെ തുടര്‍ച്ചയായി നിരവധി തെരച്ചിലുകള്‍ നടത്തിയിരുന്നു.