January 30, 2026

പൊലീസ് സ്റ്റേഷനുകളിലെ CCTV ദൃശ്യങ്ങൾ വിവരാവകാശ നിയമ പ്രകാരം നൽകേണ്ടി വരും; പൊലീസ് ജാഗ്രത പാലിക്കണമെന്ന് നിർദേശം നൽകി ഡിജിപി

Share this News
പൊലീസ് സ്റ്റേഷനുകളിലെ CCTV ദൃശ്യങ്ങൾ വിവരാവകാശ നിയമ പ്രകാരം നൽകേണ്ടി വരും

വിവരാവകാശ നിയമപ്രകാരം അപേക്ഷിച്ചാൽ പൊലീസ് സ്റ്റേഷനുകളിലെ സിസിടിവി ദൃശ്യങ്ങൾ പൊതുജനത്തിനു നൽകാൻ ബാധ്യസ്ഥരാണെന്നതിനാൽ ജാഗ്രത പാലിക്കണമെന്നു ജില്ലാ പൊലീസ് മേധാവിമാർക്കു മുന്നറിയിപ്പുമായി ഡിജിപിയുടെ സർക്കുലർ.

പീച്ചി പൊലീസ് സ്റ്റേഷനിലെ കസ്റ്റഡി മർദനത്തിന്റെ സിസിടിവി ദൃശ്യങ്ങൾ കൈമാറാൻ വിവരാവകാശ കമ്മിഷണർ ഉത്തരവിട്ടതിന്റെ അടിസ്ഥാനത്തിലാണു ഡിജിപിയുടെ നിർദേശം. പൊലീസ് സ്റ്റേഷനുകളിലെ സിസിടിവി ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിക്കാനും കോടതിവഴി നിയമ നടപടിക്കും ഇടയാക്കാനും സാധ്യതയുള്ളതിനാൽ എല്ലാ പൊലീസ് ഉദ്യോഗസ്ഥരും ജാഗ്രത പാലിക്കണമെന്നും ഉത്തരവിൽ പറയുന്നു.പീച്ചി പൊലീസ് സ്റ്റേഷനിൽ കഴിഞ്ഞവർഷം മേയിൽ ഹോട്ടൽ ജീവനക്കാർക്കു നേരെ നടന്ന മർദനമാണു പൊലീസ് വകുപ്പിനാകെ തലവേദനയുണ്ടാക്കുന്ന സംഭവം ആയി മാറിയത്. പട്ടിക്കാട് സെന്ററിലെ ഹോട്ടലിൽ ഭക്ഷണം കഴിക്കാനെത്തിയ വണ്ടാഴി സ്വദേശിയും ബന്ധുവും ഹോട്ടൽ ജീവനക്കാരുമായി സംഘർഷത്തിലേ‍ർപ്പെട്ടിരുന്നു. ഹോട്ടൽ ജീവനക്കാർ മർദിച്ചെന്ന് ഇവർ പരാതി നൽകിയതിന്റെ അടിസ്ഥാനത്തിൽ പീച്ചി പൊലീസ് ഇവരെ സ്റ്റേഷനിലേക്കു വിളിപ്പിച്ചു. ലിബിൻ, റോണി എന്നീ ജീവനക്കാരെ അന്നത്തെ എസ്ഐ രതീഷ് അടിക്കുന്ന ദൃശ്യങ്ങൾ സിസിടിവി ക്യാമറയിൽ പതിഞ്ഞു. ഹോട്ടലുടമ അടക്കം 5 പേരെ ലോക്കപ്പിൽ കയറ്റുകയും ചെയ്തു. മർദനത്തിന്റെ സിസിടിവി ദൃശ്യം ആവശ്യപ്പെട്ടു ഹോട്ടൽ ജീവനക്കാർ പൊലീസിന‍ു വിവരാവകാശ നിയമപ്രകാരം അപേക്ഷ നൽകിയെങ്കിലും നിരസിച്ചു. ഇവർ വിവരാവകാശ കമ്മിഷനെ സമീപിച്ചതോടെയാണു ദൃശ്യങ്ങൾ ഹാജരാക്കാൻ നിർദേശം നൽകിയത്.സി.സി.ടി.വി. ദൃശ്യങ്ങൾ ഇരകൾക്ക് നൽകാതിരിക്കാൻ മാവോയിസ്റ്റ് ഭീഷണി ഉണ്ടെന്നുവരെ പോലീസ് പറഞ്ഞു. ജില്ലയിൽ ഒരു സ്റ്റേഷനിലും മാവോയിസ്റ്റ് ഭീഷണിയില്ലെന്ന് മറുപടി ലഭിച്ചതോടെ ഈ വാദം പൊളിഞ്ഞു. ദേശസുരക്ഷയും സ്ത്രീസുരക്ഷയുമെല്ലാം ദൃശ്യങ്ങൾ നൽകാതിരിക്കാനായി പോലീസ് ഉന്നയിച്ചിരുന്നു.

സ്റ്റേഷനിലെ ദൃശ്യങ്ങൾ ആവശ്യപ്പെട്ട് ആലുവ പോലീസ് സ്റ്റേഷനിൽ നൽകിയ പരാതിയിലും സമാനനീക്കമാണ് പോലീസ് നടത്തിയിരുന്നത്. സ്ത്രീസുരക്ഷ, പരാതിക്കാരുടെ രഹസ്യസ്വഭാവം എന്നിവ ചൂണ്ടിക്കാട്ടിയാണ് ദൃശ്യങ്ങൾ നൽകുന്നത് തടഞ്ഞത്.
സംസ്ഥാനത്തെ 520 പൊലീസ് സ്റ്റേഷനുകളിലാണു സിസിടിവി സ്ഥാപിക്കാൻ ആഭ്യന്തര വകുപ്പ് നടപടിയെടുത്തത്. ഇതിലെ ദൃശ്യങ്ങൾ വിവരാവകാശ നിയമപരിധിയിൽ ഉൾപ്പെട്ടത്തോടെ കസ്റ്റഡി മർദനങ്ങൾ എന്നെന്നേക്കുമായി നിലച്ചേക്കും. ഡൽഹി ആസ്ഥാനമായുള്ള ടെലികമ്യൂണിക്കേഷൻസ് കൺസൽട്ടന്റ്സ് ഇന്ത്യ ലിമിറ്റഡ് എന്ന കമ്പനിയാണു ക്യാമറകൾ സ്ഥാപിക്കാൻ കരാറെടുത്തത്. എത്ര സ്റ്റേഷനുകളിൽ ക്യാമറകൾ പൂർണസജ്ജമായെന്ന വിവരം ലഭ്യമായിട്ടില്ല. 39 കോടി രൂപ ചെലവഴിച്ചായിരുന്നു പദ്ധതി

പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക👇 https://chat.whatsapp.com/ImsQ0CrUYLSG9a0fuuvrNr
error: Content is protected !!