
വിലങ്ങന്നൂർ : മലയോര ഹൈവ നിർമ്മാണത്തിന് ഭൂമി സൗജന്യമായി വിട്ടുനൽകില്ലെന്ന് വിലങ്ങന്നൂർ വാർഡിലെ ഭൂവുടമകൾ ഉറച്ച നിലപാട് വ്യക്തമാക്കി. മലയോര ഹൈവേ നിർമ്മാണവുമായി ബന്ധപ്പെട്ട വിഷയങ്ങൾ ചർച്ച ചെയ്യാൻ പാണഞ്ചേരി പഞ്ചായത്ത് പ്രസിഡന്റ് പി.പി.രവീന്ദ്രൻ വിളിച്ചു കൂട്ടിയ യോഗത്തിലാണ് ഭൂമി നഷ്ടപ്പെടുന്നവർ ഉറച്ച തീരുമാനമറിയിച്ചത്. നിർമ്മാണത്തിന്റെ ആദ്യഘട്ടമെന്ന നിലയിൽ ഏറ്റെടുക്കേണ്ടി വരുന്ന ഭൂമിയുടെ സർവേ നടത്താൻ അനുമതി ആവശ്യപ്പെട്ടും ഭൂമി വിട്ടുനൽകി കൊണ്ടുള്ള സമ്മതപത്രം ശേഖരിക്കാനുമായിരുന്നു യോഗം വിളിച്ചു ചേർത്തത്.മലയോര ഹൈവേയുടെ ഘടന, നഷ്ടപരിഹാര വ്യവസ്ഥകൾ തുടങ്ങിയ കാര്യങ്ങൾ നടത്തിപ്പ് ചുമതലയുള്ള കേരള റോഡ് ഫണ്ട് ബോർഡിലെ എഞ്ചിനിയർമാർ യോഗത്തിൽ വിശദീകരിച്ചു. മതിൽ , ഗെയ്റ്റ്, വീട്, കെട്ടിടങ്ങൾ എന്നിവക്ക് മാത്രമേ നഷ്ടപരിഹാരം ലഭിക്കു എന്ന് ഉദ്യോഗസ്ഥർ വ്യക്തമാക്കി. വിട്ടു നൽകുന്ന ഭൂമിയിലെ ഫലവൃക്ഷങ്ങൾക്ക് നഷ്ടപരിഹാരം നൽകുന്നത് പരിഗണനയിൽ ഉണ്ടെന്നും ഇക്കാരത്തിൽ കൃഷി വകുപ്പും പഞ്ചായത്തും കൂടിയാലോചിച്ച് അന്തിമ തീരുമാനം എടുക്കുമെന്നും അവർ യോഗത്തിൽ അറിയിച്ചു. എന്നാൽ ഭൂമിക്ക് കമ്പോളവിലയ്ക്ക് ആനുപാതികമായ നഷ്ടപരിഹാരം ഉറപ്പാക്കാതെ ഭൂമി വിട്ടു തരില്ലെന്ന് യോഗത്തിൽ പങ്കെടുത്തവർ ഒരേ സ്വരത്തിൽ വ്യക്തമാക്കി. ഭൂമിയുടെ സർവ്വേ നടപടികൾക്ക് കല്ലുകൾ സ്ഥാപിക്കുന്നതിനോടും യോഗം പൊതുവിൽ വിയോജിപ്പ് പ്രകടിപ്പിച്ചെങ്കിലും അളവു ജോലികൾ നടത്താൻ യോഗം അനുമതി നൽകി. എന്നാൽ നഷ്ടപരിഹാര കാര്യത്തിൽ കൃത്യമായ ഉറപ്പ് ലഭിക്കാതെ സമ്മതപത്രം ഒപ്പിട്ട് നൽകില്ലെന്നാണ് യോഗത്തിൽ പങ്കെടുത്തവരുടെ നിലപാട് . വിലങ്ങന്നൂർ ദർശന ഓഡിറ്റോറിയത്തിൽ നടന്ന വിലങ്ങന്നൂർ വാർഡിന്റെ യോഗത്തിൽ പാണഞ്ചേരി പഞ്ചായത്ത് പ്രസിഡന്റ് പി.പി.രവീന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. എ എക്സ് ഇ സജിത്ത്, എ.ഇ. മാക്സൺ, ജോർജ്ജ് പൊടിപ്പാറ വാർഡ് മെമ്പർ ഷൈജു കുരിയൻ, രാഷ്ട്രീയ കക്ഷി നേതാക്കളായ എം ബാലകൃഷ്ണൻ , കുരിയൻ തുടങ്ങിയവർ യോഗത്തിൽ സംസാരിച്ചു.

