പീച്ചി ഹയർ സെക്കൻഡറി സ്കൂളിൽ സയൻസ് ബാച്ച് അനുവദിക്കണം; യൂത്ത് കോൺഗ്രസ് പാണഞ്ചേരി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ നിവേദനം നൽകി
തൃശ്ശൂർ ജില്ലയിലെ ഏറ്റവും വലിയ പഞ്ചായത്തുകളിൽ ഒന്നായ പാണഞ്ചേരി ഗ്രാമപഞ്ചായത്തിലെ പീച്ചി ഹയർ സെക്കൻഡറി സ്കൂളിൽ പ്ലസ് വൺ, പ്ലസ് ടു വിഭാഗത്തിൽ സയൻസ് ബാച്ച് അനുവദിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് യൂത്ത് കോൺഗ്രസ് പാണഞ്ചേരി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ തൃശ്ശൂർ ജില്ല വിദ്യാഭ്യാസ ഡയറക്ടർക്ക് നിവേദനം നൽകി. പാണഞ്ചേരി യുത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡൻ്റ് ജിഫിൻ ജോയിയുടെ നേതൃത്വത്തിലാണ് തൃശ്ശൂർ പാലസ് റോട്ടിലുള്ള വിദ്യാഭ്യാസ ഡയറക്ടറുടെ ഓഫീസിലേക്ക് നിവേദക സംഘം എത്തിയത്.
മലയോര മേഖല കൂടിയായ പാണഞ്ചേരിയിലെ ആയിരക്കണക്കിന് കർഷക കുടുംബങ്ങളിൽ നിന്നുള്ള, സാധാരണക്കാരായ വിദ്യാർത്ഥികൾ ആശ്രയിക്കുന്ന സർക്കാർ വിദ്യാലയമാണ് പീച്ചി ഗവൺമെൻറ് ഹയർസെക്കൻഡറി സ്കൂൾ.
എന്നാൽ, നാളിതുവരെ ആ വിദ്യാലയത്തിൽ പ്ലസ് വൺ പ്ലസ് ടു ക്ലാസുകളിൽ സയൻസ് ബാച്ച് ഇല്ല എന്നത് അങ്ങേയറ്റം വേദനാജനകമാണ്. അതുമൂലം ഈ നാട്ടിലെ അനേകം വിദ്യാർത്ഥികൾ സ്വകാര്യ വിദ്യാലയങ്ങളിലും കിലോമീറ്ററുകൾ സഞ്ചരിച്ച് തൃശൂർ നഗരത്തിലെ സ്കൂളുകളിലും പോയി സയൻസ് ബാച്ചിന് പഠിക്കേണ്ട അവസ്ഥയാണ് എന്നും നിവേദനത്തിൽ പറയുന്നു.
ഒല്ലൂരിന്റെ എംഎൽഎയും സർക്കാരിലെ രണ്ടാമനും ആയ മന്ത്രി കെ രാജന്റെ അനാസ്ഥയാണ് പീച്ചി സ്കൂളിനോടുള്ള അവഗണനയ്ക്ക് പ്രധാന കാരണം എന്ന് യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് ജിഫിൻ ജോയ് ആരോപിച്ചു.
നിവേദക സംഘത്തിൽ യൂത്ത് കോൺഗ്രസ് നിയോജക മണ്ഡലം സെക്രട്ടറിമാരായ ബ്ലെസ്സൻ വർഗീസ്, ജിസൺ സണ്ണി, പഞ്ചായത്തംഗം സി എസ് ശ്രീജു, നിബിൻ ദേവരാജ്,വിബിൻ വടക്കൻ, ജിബിൻ പീച്ചി എന്നിവരും ഉണ്ടായിരുന്നു.
കേരള വിദ്യാഭ്യാസ വകുപ്പ് മന്ത്രി, റവന്യൂ വകുപ്പ് മന്ത്രി,തൃശ്ശൂർ ജില്ലാ കളക്ടർ,ആർ ഡി ഡി വിദ്യാഭ്യാസ വകുപ്പ് എന്നിവർക്കും യൂത്ത് കോൺഗ്രസ് നിവേദനം നൽകിയിട്ടുണ്ട്