
വെള്ളക്കാരിത്തടം ആനക്കുഴി കുരുക്കാശേരി സുരേന്ദ്രൻ്റെ വീട്ടിലെ കിണറ്റിൽ വീണ് ചരിഞ്ഞ കാട്ടാനയുടെ ജഡം പുറത്തെത്തിച്ചു. ഫോറസ്റ്റ് വെറ്ററിനറി സർജൻ്റെ നേതൃത്വത്തിൽ പോസ്റ്റ്മാർട്ടം നടപടികൾ പൂർത്തീകരിച്ചതിന് ശേഷം ആനയെ സംസ്കരിക്കുമെന്ന് വനംവകുപ്പ് ഉദ്യോഗസ്ഥർ അറിയിച്ചു
ഇന്ന് പുലർച്ചെ ഒരു മണിയോടെയാണ് കൊമ്പനാന കിണറ്റിൽ വീണത് ശ്രദ്ധയിൽപ്പെട്ടത്. തുടർന്ന് നാട്ടുകാർ മാന്ദാമംഗലം വനം വകുപ്പ് ഉദ്യോഗസ്ഥരെ വിവരം അറിയിക്കുകയും ഉദ്യോഗസ്ഥർ സ്ഥലത്തെത്തി ആനയെ രക്ഷിക്കുന്നതിനുള്ള നടപടികൾ ആരംഭിക്കുകയും ചെയ്തു. ഇതിനിടെയാണ് ആന ചരിഞ്ഞത്. കിണറിന്റെ ആഴം വളരെ കൂടുതൽ ആയതുകൊണ്ടും കിണർ ഇടിഞ്ഞതുകൊണ്ടും ആനയെ പ്രതീക്ഷിച്ചപോലെ രക്ഷിക്കാൻ കഴിഞ്ഞില്ലെന്ന് വനംവകുപ്പ് ഉദ്യോഗസ്ഥർ പറഞ്ഞു. ഒന്നേകാൽ മീറ്ററോളം വെള്ളം കിണറ്റിൽ ഉണ്ടായിരുന്നു. ആന പിൻവശം കുത്തിയാണ് കിണറ്റിൽ വീണതെന്നാണ് നിഗമനം.സമീപത്തെ പ്ലാവിൽ നിന്നും ചക്ക പറിച്ച് തിന്നാൻ എത്തിയതായിരുന്നു ആന. കഴിഞ്ഞ ദിവസവും പ്രദേശത്ത് ആനകൾ എത്തിയിരുന്നതായി നാട്ടുകാർ പറഞ്ഞു. മാത്രമല്ല കാട്ടാന ശല്യം മൂലം പ്രദേശത്ത് റബർ ടാപ്പിങ് നടത്താൻ സാധിക്കാത്ത സാഹചര്യമാണെന്നും അവർ പറഞ്ഞു. വന്യമൃഗ ശല്യത്തിനെതിരെ അധികൃതർ നടപടികൾ സ്വീകരിക്കണമെന്നതാണ് നാട്ടുകാരുടെ ആവശ്യം.




പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക👇 https://chat.whatsapp.com/HbNCtcJDuf01aiL5OCiV0Rl

