January 27, 2026

കാർഷിക സർവകലാശാല; കൊക്കോക്കുരു വേർതിരിക്കുന്ന യന്ത്രത്തിന് പേറ്റന്റ്

Share this News

കാർഷിക സർവകലാശാലയിലെ ഗവേഷകർ വികസിപ്പിച്ച കൊക്കോക്കായയുടെ തോടുപൊട്ടിച്ച് കുരു വേർതിരിക്കുന്ന യന്ത്രത്തിന് പേറ്റന്റ്. തോടുപൊട്ടിച്ച് കുരു എടുക്കുക എന്നതാണ് കൊക്കോ സംസ്കരണത്തിലെ പ്രാരംഭഘട്ടം. സാധാരണയായി വെട്ടുകത്തിയോ തടിക്കഷണമോ ഉപയോഗിച്ച് കായ്‌കൾക്ക് ക്ഷതമേൽപ്പിച്ചാണ് കുരു വേർതിരിക്കുന്നത്. ഇതുമൂലം കൊക്കോക്കുരുവിന് കേടുണ്ടാകുകയോ പൂപ്പൽബാധയുണ്ടാകുകയോ ചെയ്യാറുണ്ട്. മാത്രമല്ല, ഈ പ്രക്രിയയ്ക്ക് ഏറെ കായികാധ്വാനവും സമയവും വേണം.ഇതിനു പരിഹാരമായാണ് തവനൂർ കാർഷിക എൻജിനീയറിങ് കോളേജിലെ പ്രോസസിങ്‌ ആൻഡ് ഫുഡ് എൻജിനീയറിങ് ഡിപ്പാർട്ട്മെന്റ് കൊക്കോത്തോട് പൊട്ടിക്കുന്ന യന്ത്രം വികസിപ്പിച്ചെടുത്തത്. തവനൂർ കാർഷിക എൻജിനീയറിങ് കോളേജിലെ അധ്യാപകരായ ഡോ. ജി.കെ. രാജേഷ്, വി. ശ്രീകാന്ത്, ശാന്തി മരിയാ മാത്യു എന്നിവരുടെ നേതൃത്തിലായിരുന്നു ഗവേഷണം.

മണിക്കൂറിൽ ഏകദേശം ആയിരം കൊക്കോ കായ്‌കൾ വരെ പൊട്ടിച്ച് കുരു ശേഖരിക്കാൻ ഈ യന്ത്രത്തിനു കഴിയും. കേടുപാടുകൾക്കുള്ള സാധ്യത ഒരു ശതമാനത്തിൽ താഴെ മാത്രമാണെന്നും ഗവേഷകർ ചൂണ്ടിക്കാണിക്കുന്നു. വില ഏകദേശം 30,000 രൂപയാണ്. മാനുഷിക അധ്വാനവും സമയവും ലഘൂകരിക്കുന്ന യന്ത്രം ചെറുകിട-ഇടത്തരം കർഷകർക്കും സംരംഭകർക്കും ഏറെ പ്രയോജനപ്രദമാണെന്ന് സർവകലാശാലാ അധികൃതർ പറയുന്നു.

പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക👇 https://chat.whatsapp.com/HbNCtcJDuf01aiL5OCiV0Rl
error: Content is protected !!