January 28, 2026

മഴക്കെടുതി നഷ്ടപരിഹാരം ഉടൻ ലഭ്യമാക്കും – മന്ത്രി കെ രാജൻ

Share this News

കഴിഞ്ഞ ദിവസമുണ്ടായ കാറ്റിലും മഴയിലും വീടുകൾക്കും കൃഷികൾക്കും ഉൾപ്പെടെ സംഭവിച്ച നാശനഷ്ടങ്ങൾക്ക് നഷ്ടപരിഹാരം ലഭ്യമാക്കാൻ സത്വര നടപടികൾ സ്വീകരിച്ചു വരുന്നതായി റവന്യൂ മന്ത്രി കെ രാജൻ അറിയിച്ചു. ബന്ധപ്പെട്ട ഡിപ്പാർട്ട്മെൻ്റുകളെ ഏകോപിപ്പിച്ച് ഇതിനായുള്ള പ്രവർത്തനങ്ങൾ നടന്നുവരികയാണെന്നും മന്ത്രി പറഞ്ഞു.കഴിഞ്ഞ ദിവസമുണ്ടായ മിന്നൽ ചുഴലി നാശം വിതച്ച നടത്തറ പഞ്ചായത്തിലെ ചേരുംകുഴി,ആശാരിക്കാട് മേഖലയിലും പുത്തൂർ ഗ്രാമപഞ്ചായത്തിലെ വെള്ളക്കാരിത്തടം,കൊളാംകുണ്ട്,ചെന്നായ്പാറ,പാണഞ്ചേരി പഞ്ചായത്തിലെ പയ്യനം, വിലങ്ങന്നൂർ, എന്നിവിടങ്ങളിലും മന്ത്രി സന്ദർശിച്ചു. നാശനഷ്ടങ്ങൾ കണക്കാക്കുന്നതിനായുള്ള പരിശോധനകൾ ഒരാഴ്ചയ്ക്കകം പൂർത്തിയാക്കി തുടർന്ന് നടപടികൾ സ്വീകരിക്കാൻ ബന്ധപ്പെട്ട വകുപ്പുകൾക്ക് നിർദ്ദേശം നൽകി.ദുരന്ത നിവാരണ പ്രവർത്തനങ്ങൾ മികച്ച രീതിയിൽ ഏകോപിപ്പിക്കാൻ മുന്നിട്ടിറങ്ങിയ ജനപ്രതിനിധികളെയും ഉദ്യോഗസ്ഥരെയും മന്ത്രി അഭിനന്ദിച്ചു.ഗസ്റ്റനാടോ ചുഴലിക്കാറ്റാണ് കഴിഞ്ഞ ദിവസങ്ങളിൽ വലിയ നാശങ്ങള്‍ സൃഷ്ടിച്ചതെന്ന് മന്ത്രി പറഞ്ഞു.

പുരയിടങ്ങളില്‍ ധാരാളമായി വളരുന്ന വടവൃക്ഷങ്ങള്‍ മഴക്കാലത്തിന് മുന്നോടിയായി വെട്ടി ഒതുക്കുന്ന പ്രക്രിയ മുന്‍കാലങ്ങളില സ്വീകരിച്ചിരുന്നു.എന്നാല്‍ ഇപ്പോള്‍ ഇത് ചെയ്യാത്തത് മൂലം ഇവയുടെ ശിഖരങ്ങളും ചില മരങ്ങൾ മുഴുവനായും കാറ്റത്ത്‌ മറിഞ്ഞ് വീണ് ഒട്ടനവധി നാശനഷ്ടങ്ങളും ജീവഹാനിയും ഉണ്ടാക്കുന്നുണ്ട്.മഴയ്ക്ക് മുമ്പേ ഇവ വെട്ടി ഒതുക്കുന്നതിന് നടപടി സ്വീകരിക്കണം.ഇതിനായി തദേശ സ്ഥാപനങ്ങള്‍ മുന്‍കൈ എടുക്കണമെന്നും മന്ത്രി പറഞ്ഞു.സ്വകാര്യ ഭൂമിയിലുള്ള അപകടകരമായ മരങ്ങളും മരച്ചില്ലകളും കണ്ടെത്തി മുറിച്ചു മാറ്റുവാന്‍ പഞ്ചായത്തിരാജ് ആക്ട്, സെക്ഷൻ 238 പ്രകാരം ആവശ്യമായ നടപടി തദേശ സ്ഥാപന സെക്രട്ടറിമാർ കൈക്കൊള്ളണം.
മഴ ദിനങ്ങളുടെ സ്വഭാവത്തിൽ വരുന്ന മാറ്റം സൃഷ്ടിക്കുന്ന അനിശ്ചിതത്വം വളരെ ഗൗരവമേറിയ ഒരു പ്രശ്നമാണ്. മഴക്കാലത്തിൻ്റെ സിംഹഭാഗം ഇനിയും അവശേഷിക്കുന്ന സാഹചര്യത്തിൽ വളരെ സൂക്ഷ്മമായും ഗൗരവത്തോടെയുമാണ് സർക്കാരും ദുരന്ത നിവാരണ അതോറിറ്റിയും ഇതിനെ സമീപിക്കുന്നത്.
കാലവർഷത്തെ പ്രതിരോധിക്കാൻ മികച്ച രീതിയിലുള്ള തയ്യറെടുപ്പുകളാണ് ഈ വർഷം സംസ്ഥാനത്ത് നടന്നിട്ടുള്ളത്. മുഖ്യമന്ത്രിയുടെ നേരിട്ടുള്ള മേൽനോട്ടത്തിലാണ് പ്രവർത്തനങ്ങൾ നടന്നത്. ശനിയാഴ്ചയും ജില്ലാ കലക്ടര്‍മാരുമായി അഡീഷനല്‍ ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തില്‍ യോഗം ചേർന്നിരുന്നു.


3071 കെട്ടിടങ്ങള്‍ പുനരധിവാസ ക്യാമ്പുകള്‍ക്കായി കണ്ടെത്തിയിട്ടുണ്ട്.നാല് ലക്ഷത്തിലധികം പേരെ പുനരധിവസിപ്പിക്കാനുള്ള ക്യാമ്പുകൾ സംസ്ഥാനത്ത് സജ്ജമാണെന്നും മന്ത്രി അറിയിച്ചു.ദുരന്തനിവാരണ പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിനായി ജില്ലാ,താലൂക്ക്,തദ്ദേശ സ്ഥാപന അടിസ്ഥാനത്തില്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂമുകള്‍ ആരംഭിച്ചിട്ടുണ്ട്. ഈ മഴക്കാലത്ത് 20 പേരുടെ ജീവൻ നഷ്ടമാകുന്ന സാഹചര്യം സംസ്ഥാനത്ത് ഉണ്ടായി.ശനിയാഴ്ച വൈകീട്ട് വരെ 73 വീടുകൾ പൂർണ്ണമായും 1186 വീടുകൾ ഭാഗികമായും മഴയിലും കടലാക്രമണത്തിലും തകർന്നു.സംസ്ഥാനത്താകെ 23 ക്യാമ്പുകളിലായി 1191 പേർ താമസിക്കുന്നുണ്ട്.
സംസ്ഥാനത്ത് അടുത്ത 5 ദിവസവും വ്യാപകമായ മഴക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചിട്ടുണ്ട്. മലയോരമേഖലകളിലും കഴിഞ്ഞ ദിവസങ്ങളിൽ ശക്തമായ മഴ ലഭിച്ച പ്രദേശങ്ങളിലും ജാഗ്രത തുടരണമെന്നും മന്ത്രി നിർദേശം നൽകി.


ശക്തമായ മഴ മുൻനിർത്തി കോഴിക്കോട്,വയനാട്, ഇടുക്കി,മലപ്പുറം ജില്ലകളിൽ ദേശീയ ദുരന്തനിവാരണസേനയുടെ ഓരോ സംഘങ്ങളെ സജ്ജമാക്കിയിട്ടുണ്ട്. സിവിൽ ഡിഫൻസ് അക്കാദമിയിൽ രണ്ട് സംഘങ്ങളെയും തയ്യാറാക്കി നിർത്തിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.ജില്ലാ കലക്ടർ ഹരിത വി കുമാർ, ആർ ഡി ഒ വിഭൂഷണൻ,ഹെഡ്ക്വട്ടേഴ്സ് ഡെപ്യൂട്ടി തഹസിൽദാർ പി ഡി ജിതേഷ്, തഹസിൽദാർ ടി ജയശ്രീ, ഒല്ലൂക്കര ബ്ലോക്ക് പ്രസിഡൻ്റ് കെ ആർ രവി, പാണഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് പി പി രാവിന്ദ്രൻ,പുത്തൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് മിനി ഉണ്ണികൃഷ്ണൻ,നടത്തറ വൈസ് പ്രസിഡൻ്റ് പി ആർ രജിത്ത്,
കൃഷി ,വനം,കെ എസ് ഇ ബി വകുപ്പ് ഉദ്യോഗസ്ഥർ എന്നിവർ മന്ത്രിക്കൊപ്പം സ്ഥലം സന്ദർശിച്ചു.

പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

https://chat.whatsapp.com/HKXFSpBQUn85Ewxcv5Filqm

error: Content is protected !!